ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഫെബ്രുവരി 15 വരെ നീട്ടി

Update: 2020-12-21 16:57 GMT

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ വരുന്ന ഫെബ്രുവരി 15 വരെ നീട്ടി. ഡിസംബര്‍ 31 ന് കാലാവധി അവസാനിക്കുന്ന ക്വാറന്റൈന്‍ പോളിസിയാണ് അടുത്ത വര്‍ഷം ഫെബ്രുവരി 15 വരെ നീട്ടിയത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഹോട്ടല്‍ ബുക്കിങ് വെബ്‌സൈറ്റായ ഡിസ്‌കവര്‍ ഖത്തറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

എന്നാല്‍ 55 വയസ്സിന് മുകളിലുള്ളവര്‍, അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞും അമ്മയും, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, ഹൃദ്രോഗികള്‍, ആസ്തമ രോഗികള്‍, കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍, ഭിന്നശേഷിയുള്ള കുട്ടികള്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയാകും. മറ്റുള്ളവര്‍ക്കെല്ലാം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ആറാം ദിനം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുന്ന പക്ഷം ഏഴാം ദിനം അവരുടെ ഇഹ്തിറാസ് ആപ്പ് ഗ്രീന്‍ സ്റ്റാറ്റസിലേക്ക് മാറുകയും ക്വാറന്റൈന്‍ പൂര്‍ത്തിയാകുകയും ചെയ്യും. പോസിറ്റീവാണെങ്കില്‍ രോഗിയെ എത്രയും പെട്ടെന്ന് ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റുകയും പതിനാല് ദിവസത്തെ ക്വാറന്റൈനും കൂടി ആവശ്യമാകുകയും ചെയ്യും.

Similar News