ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍
സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന ഒപി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ചര്‍ച്ച വിജയമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സ്‌റ്റൈപ്പന്‍ഡ് അടക്കമുള്ള വിഷയങ്ങളില്‍ ഉടന്‍ രേഖാമൂലം ഉത്തരവ് നല്‍കുമെന്ന് അറിയിച്ചു. ഇതോടെ നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു. അതേസമയം, സീനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതായി ഇതുവരേയും അറിയിച്ചിട്ടില്ല.
ഏറെ കാലമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സ്‌റ്റൈപ്പന്‍ഡ് കുടിശ്ശിക തീര്‍ക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടന്‍ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചര്‍ച്ചയില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. സമര പ്രഖ്യാപനത്തെത്തുടര്‍ന്ന് രോഗികള്‍ അനുഭവിക്കേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും അവര്‍ പ്രതികരിച്ചു. ചര്‍ച്ച പോസിറ്റീവായ സാഹചര്യത്തില്‍ എല്ലാ പിജി ഡോക്ടര്‍മാരും ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്നും സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും സംഘടന അറിയിച്ചു.
