ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു

സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരില്‍ നടക്കും

Update: 2026-02-19 16:27 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികളുടെ പരിശോധനയ്ക്ക് ശേഖരിച്ചത് 36 സാമ്പിളുകളെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്‌ഐടി കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഏകദേശം മൂന്നു മാസത്തോളം നീണ്ടുനിന്ന ശബരമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് അതിന്റെ പര്യവസാനത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് ഹൈക്കോടതിയില്‍ ഇടക്കാല അന്വേഷണ പുരോഗതി റിപോര്‍ട്ട് എസ്ഐടി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തവണ ശബരിമലയിലെത്തി ദ്വാരപാലക ശില്‍പങ്ങളിലെ സാമ്പിളുകള്‍ എസ്ഐടി ശേഖരിച്ചിരുന്നു. 36 സാമ്പിളുകളാണ് ശേഖരിച്ചത്. അത് ജാംഷഡ്പൂരിലേക്ക് പരിശോധനയ്ക്കായി അയക്കുന്നത് കോടതിയെ അറിയിച്ചു. കോടതി അതിനുള്ള അനുമതി നല്‍കി. എത്രയും പെട്ടന്ന് പരിശോധനാഫലത്തിന്റെ റിപോര്‍ട്ട് ലഭ്യമാക്കാനാകുമെന്ന വിവരമാണ് ജാംഷഡ്പൂരില്‍ നിന്ന് ലഭിച്ചതെന്ന് എസ്ഐടി കോടതിയില്‍ വ്യക്തമാക്കി. ഈ റിപോര്‍ട്ട് കൂടി ലഭിച്ചാല്‍ 31ാം തിയതിക്ക് മുന്‍പായി തന്നെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്തിമ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് എസ്ഐടി പങ്കുവെക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു. എസ്‌ഐടിയുടെ വാദങ്ങള്‍ തള്ളിയാണ് ജാമ്യഉത്തരവ്. ഇന്നലെയാണ് ജാമ്യം ലഭിച്ച തന്ത്രി രാജീവര് കണ്ഠര് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്ക് ചുമതലയില്ല. ശില്‍പ്പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു. തന്ത്രിയുടെ വാദങ്ങള്‍ അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി ബോര്‍ഡ് തീരുമാനത്തില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ജാമ്യഉത്തരവില്‍ പറയുന്നു.

Tags: