വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവ്; യുവതിയുടെ വയറ്റില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ചെന്ന് പരാതി

Update: 2026-02-19 17:19 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിനെതിരേ ഗുരുതര ആരോപണം. പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് അഞ്ചിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. അതിനിടെ കുടുങ്ങിയ കത്രികയാണ് ഇതെന്നാണ് പരാതി. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

2021ല്‍ ഗര്‍ഭ പാത്രത്തിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച സ്വകാര്യ ലാബില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. ഇതിനു പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികില്‍സാപിഴവിന് ഇരയായ ഉഷ പറയുന്നത്.

Tags: