ന്യൂഡൽഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടി ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച എഐഎംഐഎം ബംഗാളില്‍ മത്സരിക്കാനുള്ള ഒരുക്കത്തിൽ.
ബംഗാളിലെ മുസ്‍ലിംകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളേക്കാളും പരിതാപകരമാണെന്ന് ഉവൈസി പറഞ്ഞു. മമതയുടെ ഗവണ്‍മെന്റിന് കീഴില്‍ മുസ്‍ലിംകള്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും അത് തെളിയിക്കാന്‍ തന്‍റെ കയ്യില്‍ അനുഭവ തെളിവുകളും കണക്കുകളും ഉണ്ടെന്ന് ഉവൈസി അവകാശപ്പെടുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 18 സീറ്റുകള്‍ ലഭിച്ചത് മതേതരരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന്‍റെ തെളിവാണെന്ന് ഉവൈസി കുറ്റപ്പെടുത്തി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനം എത്രമാത്രം വര്‍ഗീയവത്കരിക്കപ്പെട്ടുവെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ്. മുസ്‍ലിംകള്‍ കൂടുതലുള്ള നോര്‍ത്ത്-സൗത്ത് ബംഗാളിന്റെ ഭാഗമായ മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൗസം നൂര്‍ പരാജയപ്പെട്ടത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പല നിയമസഭാ മണ്ഡലങ്ങളിലും മുസ്‍ലിംകള്‍ ഭൂരിപക്ഷമാണെന്നും അവര്‍ പുതിയ ശക്തിയെ ആഗ്രഹിക്കുന്നുവെന്നും ഉവൈസി 'ദ പ്രിന്റി'നോട് പറഞ്ഞു.
അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് അവിടെ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ അവിടെയുള്ള പ്രാദേശിക സംഘങ്ങളോട് സംസാരിച്ചേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
