പെണ്‍മക്കള്‍ക്ക് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി പിതാവ് ജീവനൊടുക്കി

ഗുരുതരാവസ്ഥയിലായ രണ്ട് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയില്‍

Update: 2026-03-02 16:54 GMT

ആലപ്പുഴ: മാന്നാറില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ്(45)വിഷം കഴിച്ച് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിനി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശിവ കീര്‍ത്തന എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയത്. മൂവരും കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടന്നത് കണ്ട് നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.