ദേശീയപാത വികസനം: റിലേ ഉപവാസസമരം സമാപിച്ചു

Update: 2020-11-10 14:17 GMT

പയ്യോളി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂറായി നൽകണമെന്നാവശ്യപ്പെട്ട് പത്ത് ദിവസമായി നടത്തി വരുന്ന റിലേ ഉപവാസസമരം സമാപിച്ചു. വ്യാപാരി പ്രതിനിധികൾ അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതിൻ്റെ ഫലമായി വ്യാപാര സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്ന കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതോടൊപ്പം തന്നെ വ്യാപാരികൾക്കും അനുവദിച്ച നഷ്ടപരിഹാരവും പുനരധിവാസപാക്കേജും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി. കൂടാതെ മൂരാട് ടൗണിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് തദ്ദേശ തെരെഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അനുവദിക്കപ്പെട്ട തുകയും പാക്കേജും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സമരം വിജയം കണ്ടതോടെ പത്ത് ദിവസമായി നടത്തി വരുന്ന റിലേസമരം വ്യാപാരികൾ പിൻവലിക്കുകയായിരുന്നു .

പത്താം ദിവസം ഉപവസിച്ച വ്യാപാരികളായ അസീസ് പുടവ , മിസ് രി കുഞ്ഞമ്മദ് എന്നിവർക്ക് കെ.ദാസൻ എം.എൽ.എ വൈകീട്ട് നാരങ്ങാനീര് നൽകി . രാവിലെ നഗരസഭ കൗൺസിലർ പടന്നയിൽ പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി വനിതവിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ് , മുസ് ലിം ലീഗ് മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ , ദേശീയപാതകർമ്മ സമിതി താലൂക്ക് ചെയർമാൻ സലാം ഫർഹത്ത് , എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ റഷീദ് ഉമരി , വ്യാപാരി നേതാക്കളായ മാണിയോത്ത് മൂസ്സ , കെ.ടി. വിനോദൻ , സി.പി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു . സമരം വിജയിച്ചതിനെ തുടർന്ന് വൈകീട്ട് വ്യാപാരികൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി .

Similar News