29 ാം വയസ്സില്‍ സെനറ്റില്‍; അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ജോ ബൈഡന്‍
വാഷിങ്ടണ്‍: 29-ാം വയസ്സില്‍ സെനറ്റില്‍ എത്തിയ ജോ ബൈഡന്‍ അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് വൈറ്റ് ഹൗസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും തീക്ഷണമായ അനുഭവങ്ങളെ അതിജീവിച്ച ബൈഡന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും.
രാഷ്ട്രീയ രംഗത്ത് ഒരു പരിചയവുമില്ലാതെ അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്. സംഭവ ബഹുലമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍. ബൈഡന് വിജയം സമ്മാനിച്ച പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റന്‍ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിക്കുന്നത്.
29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാന്‍ കാറില്‍പോവുകയായിരുന്നു ബൈഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച് ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.
1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. അവസാനം വിവാദത്തില്‍ കുടുങ്ങി മല്‍സരത്തില്‍ നിന്ന് പിന്‍മാറി. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.
ദുരന്തങ്ങള്‍ പിന്നെയും ബൈഡനെ തേടിയെത്തി. 2015ല്‍ മകന്‍ ബ്യൂ ബൈഡന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. 1977ലാണ് ബൈഡന്‍ ജില്‍ ബൈഡനെ വിവാഹം കഴിച്ചത്. ഇതില്‍ ആഷ് ലി എന്ന കുട്ടി ജനിച്ചു. ഒടുവില്‍ ചരിത്ര നിയോഗമായി അമേരിക്കയുടെ പ്രസിഡന്റാവുകയാണ് ബൈഡന്‍. ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബൈഡന്റെ വിജയം. ട്രംപ് ഭരണകാലത്ത് കറുത്ത വര്‍ഗക്കെതിരായി അധിക്രമങ്ങള്‍ അരങ്ങേറിയത് ജനങ്ങളില്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വര്‍ണ വിവേചനത്തിനെതിരായ ബൈഡന്റെ നിലപാടുകളും കറുത്ത വര്‍ഗക്കാരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ഏറെ ശ്രദ്ധേയമായിരുന്നു. മുസ് ലിംകള്‍ക്ക് അനുകൂലമായ ബൈഡന്റെ പ്രസംഗങ്ങളും വീഡിയോ ക്ലിപ്പുകളും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

