ന്യൂഡല്‍ഹി: ട്രംപിന് വിജയാശംസ നേര്‍ന്ന മോദിയുടെ പുതിയ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മോദിയുടെ നിലപാട് മാറ്റമാണ് സാമൂഹിക മാധ്യമങ്ങങ്ങളില്‍ വിമര്‍ശന വിധേയമായത്. 'ആപ്പ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് മോദി മുന്‍പ് പറയുകയുണ്ടായി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അകലം പാലിക്കുക എന്ന ഇന്ത്യയുടെ വിദേശനയം മറികടന്നാണ് ട്രംപിനെ വീണ്ടും ജയിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്സും മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലും ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും മോദിയും ട്രംപും പരസ്പരം പ്രശംസിച്ചിരുന്നു.
അതേസമയം, ബൈഡന്‍ വിജയിച്ചതോടെ അഭിനന്ദം അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് മോദി. വൈസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ-യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് അഭിമാനമേകുന്നുവെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഇരു രാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
