കോഴിക്കോട്: കോഴിക്കോട്ടെ വേങ്ങേരി വില്ലേജിലെ മാലൂർകുന്നിൽ കെ.എം ഷാജി നിർമിച്ച വീടിൽ ക്രമക്കേടുകൾ ഉണ്ടെന്ന് കോർപറേഷൻ അധികൃതർ. കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം, ടി ടി ഇസ്‌മയിൽ എന്നിവർക്കൊപ്പം ചേർന്നാണ് കെ.എം ഷാജി ഈ ഭൂമി വാങ്ങിയത്. ഭൂമി കെ എം ഷാജി തട്ടിയെടുത്തെന്ന് ടി വി ഇബ്രാഹിമും ടി ടി ഇസ്‌മായിലും നേരത്തെ പരാതിപ്പെട്ടിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കെ.എം ഷാജിയ്ക്ക് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളിൽ നിന്ന് ഒഴിവാകണമെങ്കിൽ 2016 മുതലുളള നികുതിയും പിഴയും അടക്കേണ്ടി വരും. വീടിന്റെ നിർമ്മാണം ക്രമപ്പെടുത്താനായി കെ.എം ഷാജി നൽകിയ അപേക്ഷ ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ തളളിയിരുന്നു. വീട് നിർമ്മിച്ചപ്പോൾ അതിൽ രേഖയിൽ ഇല്ലാത്ത മറ്റൊരാളുടെ സ്ഥലം ഉൾപ്പെട്ടു, മറ്റുളളവർക്ക് അവകാശപ്പെട്ട വഴിയും എംഎൽഎ വീട് നിർമ്മാണത്തിന് ഉപയോഗിച്ചു എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ മുൻനിർത്തിയാണ് അപേക്ഷ കോർപ്പറേഷൻ നിരസിച്ചത്. രേഖയിൽ ഇല്ലാത്ത അഞ്ച് സെന്റോളം സ്ഥലമാണ് വീട് നിർമ്മിച്ച് കഴിഞ്ഞപ്പോൾ ഉൾപ്പെട്ടത്. ഇതാണ് പ്രധാന ക്രമക്കേടെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു. ഇത് ഒരിക്കലും പാടില്ലെന്ന് മാത്രമല്ല, ആരുടേതാണെന്നതിന് എംഎൽഎ രേഖ ഹാജരാക്കേണ്ടി വരും.