അരീക്കോട്: ഊർങ്ങാട്ടിരിയിൽ ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ തടഞ്ഞുവെച്ചതിനെതിരെ രക്ഷിതാക്കൾ ഊർങ്ങാട്ടിരി പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തി. മലപ്പുറം പരിവാർ ജില്ലാ കോഡിനേറ്റർ ജാഫർ ചാളകണ്ടി ധർണ ഉദ്ഘാടനം
ചെയ്തു.
ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നിശ്ചിത തുക നിർബന്ധമായും സ്കോളർഷിപ്പ് നല്കണമെന്നു സർക്കാർ കർശന നിർദ്ദേശം നല്കുകയും എല്ലാ പഞ്ചായത്തുകളും ഇവർക്ക് ഫണ്ട് പൂർണ്ണമായും നൽകുകയും ചെയ്യുമ്പോൾ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തും നിർവ്വഹണോദ്യോഗസ്ഥയായ ഐ.സി.ഡി.എസ് സൂപ്പർവൈസറും ഇവരുടെ അവകാശം നിഷേധിക്കുകയും മന: പൂർവ്വം അതു തടഞ്ഞു വയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് അവകാശ ലംഘനവും വിവേചനവുമാണെന്ന് ജാഫർ കെ ചാളകണ്ടി പറഞ്ഞു.
തടഞ്ഞുവെച്ച ഫണ്ട് അടിയന്തിരമായി വിതരണം നടത്താതിരുന്നാൽ സമരം തുടരുമെന്ന് ധർണ്ണയിൽ വ്യക്തമാക്കി. ഊർങ്ങാട്ടിരി പരിവാർ സെക്രട്ടറി. ഇ ബാബു, പ്രസിഡണ്ട് താളിയേരി ശരീഫ് , ട്രഷറർ ശരീഫ് കെ പി സംസാരിച്ചു.