തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. നാലു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് അനുവദിച്ചിട്ടുള്ളത്.
ഇതിനുള്ളില്‍ അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ ലഭിയ്ക്കാനുള്ള അപേക്ഷയും ഇ.ഡി നല്‍കും. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത്, മൊഴികളിലെ വൈരുധ്യം പരിശോധിയ്ക്കും. ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.
ഇന്നലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.