വീണ്ടും കുതിരക്കച്ചവടം?: ഒക്ടോബര്‍ 24 നു ശേഷം കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിന്റെ പ്രവചനം

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുള്ള സാഹചര്യത്തില്‍ വരും നാളുകളില്‍ കുതിരക്കച്ചവടം ശക്തമാകുമെന്ന സൂചനയാണ് അര്‍ണാബ് നല്‍കുന്നത്.

Update: 2019-10-23 05:53 GMT
ന്യൂഡൽഹി: മധ്യപ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 24 നു ശേഷം നിലംപതിക്കുമെന്ന് റിപബ്ലിക് ടിവി മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയുടെ പ്രവചനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്നോടിയായി റിപബ്ലിക് ടിവി നടത്തിയ ന്യൂസ് ഡിബേറ്റിലാണ് അര്‍ണാബിന്റെ പ്രവചനം. ഇതിനു പുറമെ വേറെയും പ്രവചനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ബിജെപിയുടെയും സംഘ്പരിവാറിന്റെയും അടുത്ത അനുയായിയായി ടിവി ഡിബേറ്റുകളില്‍ പങ്കെടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. പാനലംഗങ്ങളെ സംസാരിക്കാനനുവദിക്കാത്തതിനും അദ്ദേഹം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

മധ്യപ്രദേശില്‍ ഇപ്പോഴേ ദുര്‍ബലമായ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബിജെപിക്കാവുമെന്ന് അര്‍ണബ് പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അത് സംഭവിക്കും. ടി വി ഷോയിലെ മൂന്നാമത്തെ പ്രവചനമായിരുന്നു അത്. അടുത്ത മൂന്നു മാസം മുതല്‍ ആറു മാസത്തിനകം കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാവുമെന്നും അദ്ദേഹം പ്രവചിച്ചു.

മഹാരാഷ്ട്ര-ഹരിയാന ഫലം പുറത്തുവരുന്നതോടെ കര്‍ണാടക, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ ചത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അര്‍ണാബ് പ്രവചിച്ചിട്ടുണ്ട്. ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ കേന്ദ്രം ഭരിക്കുന്ന ബിജെപി കൂടുതല്‍ ശക്തമായ അന്വേഷണ നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും അര്‍ണാബ് പറയുന്നു. 2024 ല്‍ സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ സംയുക്തമായിട്ടായിരിക്കും നടക്കുക, അര്‍ണബിന്റെ മറ്റൊരു പ്രവചനം ഇങ്ങനെ.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുള്ള സാഹചര്യത്തില്‍ വരും നാളുകളില്‍ കുതിരക്കച്ചവടം ശക്തമാകുമെന്ന സൂചനയാണ് അര്‍ണബ് നല്‍കുന്നത്. സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ള അര്‍ണബിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധാപൂര്‍വമാണ് വിലയിരുത്തുന്നത്. 

Tags:    

Similar News