ചാവക്കാട് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; മൂന്നു പേര്‍ പിടിയില്‍

മണത്തല, പള്ളിപറമ്പില്‍ ഹൗസില്‍ അനീഷ് (33), മണത്തല മേനോത്ത് ഹൗസില്‍ വിഷ്ണു (21), ചൂണ്ടല്‍ ചെറുവാലിയില്‍ ഹൗസ് സുനീര്‍ (40) എന്നിവരാണ് പിടിയിലായത്.

Update: 2021-11-01 17:33 GMT

തൃശൂര്‍: ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന്‍ മണത്തല ചാപറമ്പ് കൊപ്പര വീട്ടില്‍ ചന്ദ്രന്റെ മകന്‍ ബിജു (34) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. മണത്തല, പള്ളിപറമ്പില്‍ ഹൗസില്‍ അനീഷ് (33), മണത്തല മേനോത്ത് ഹൗസില്‍ വിഷ്ണു (21), ചൂണ്ടല്‍ ചെറുവാലിയില്‍ ഹൗസ് സുനീര്‍ (40) എന്നിവരാണ് പിടിയിലായത്. മരണപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ച്് ചന്ദ്രനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചാവക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിനു പിന്നാലെ ചാവക്കാട് പോലിസ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ 200 ഓളം പോലിസ് ഉദ്യോസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

തൃശൂര്‍ സിറ്റി ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ഗുരുവായൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചാവക്കാട് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ എസ് ശെല്‍വരാജ്, എഎസ്‌ഐമാരായ സജിത്ത്കുമാര്‍, ബിന്ദുരാജ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശരത്, ആഷിഷ്, മെല്‍വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Tags:    

Similar News