നുണയന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ല; ബിജെപിക്കെതിരേ പൊട്ടിത്തെറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കെറെ
ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ശിവസേന നേതാവ് ഉന്നയിച്ചിട്ടുണ്ട്.
മുംബൈ: തന്നെ നുണയനെന്ന് വിളിച്ച് ആക്ഷേപിക്കുന്നവരുമായി എങ്ങനെയാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബിജെപിയുമായി അധികാരം തുല്യമായി പങ്കിടാമെന്ന് അമിത് ഷായുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനിച്ചത്. ഇപ്പോള്‍ തന്നെ നുണയനെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ദവ് താക്കറെ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചക്കിടയിലാണ് അമിത് ഷായുമായി അധികാരം പങ്കിടുന്നതു സംബന്ധിച്ച ചര്‍ച്ച നടന്നത്. ഞങ്ങള്‍ അവിടേക്ക് പോവുകയായിരുന്നില്ല, അവര്‍ ചര്‍ച്ചയ്ക്കു വേണ്ടി ഇങ്ങോട്ട് വന്നതാണ്. അധികാരം തുല്യമായി പങ്കിടാമെന്നാണ് അന്ന് തീരുമാനിച്ചത്. അതില്ലെന്ന് പറയുന്നത് ശരിയല്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്താമെന്നും ആര്‍ക്കൊപ്പവും സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ശിവസേന നേതാവ് ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു ആരോപണം കോണ്‍ഗ്രസ്സും ഉന്നയിച്ചിട്ടുണ്ട്. ശിവസേന എംഎല്‍എമാരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കയാണ്.
ശിവസേനയും കോണ്‍ഗ്രസ്സും ഉന്നയിച്ച എല്ലാ ആരോപണങ്ങളും ബിജെപി തള്ളി.
15 ദിവസം പിന്നിട്ടെങ്കിലും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ പാതിവഴിയിലാണ്. റൊട്ടേഷന്‍ വ്യവസ്ഥയില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്കും നല്‍കിയാലേ സഖ്യത്തിനുള്ളു എന്ന നിലപാടിലാണ് ശിവസേന.