അമരാവതി കൊലപാതകം: കൊലപാതകികളുടെ അന്താരാഷ്ട്രബന്ധം അന്വേഷിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Update: 2022-07-04 10:36 GMT

മുംബൈ: അമരാവതിയിലെ കെമിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതികളുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്‍ഐഎ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 54കാരനായ കെമിസ്റ്റ് ഉമേഷ് കൊല്‍ഹെയെ കൊലപ്പെടുത്തിയ സംഭവം ഗുരുതരമായ കുറ്റകൃത്യമാണെന്നും അന്താരാഷ്ട്ര ബന്ധങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'അമരാവതി സംഭവം വളരെ ഗുരുതരമാണ്, കൊലപാതകം നടന്ന രീതി പ്രാകൃതമാണ്. സൂത്രധാരനെ പിടികൂടിയിട്ടുണ്ട്. എന്‍ഐഎ അന്വേഷിച്ച് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് കണ്ടെത്തും. ഇത് ആദ്യം മോഷണമായാണ് പോലിസ് അന്വേഷിച്ചത്. അതും അന്വേഷണ വിധേയമാക്കും'-ഫഡ്‌നാവിസ് പറഞ്ഞു.

ഉമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മുദാസിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന്‍ (25), അബ്ദുള്‍ തൗഫീഖ് (24), ഷോയിബ് ഖാന്‍ (22), അതിബ് റാഷിദ് (22), യൂസഫ്കാന്‍ ബഹാദൂര്‍ ഖാന്‍ (44) എന്നിങ്ങനെ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇര്‍ഫാന്‍ ഷേക്കാണ് അറസ്റ്റിലാവാനുള്ള ഏഴാമന്‍. കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാവുമെന്ന പോലിസ് പറഞ്ഞു.

മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഉമേഷ് കൊലചെയ്യപ്പെട്ടത്. ഉദയ്പൂരിലെ കനയ്യലാല്‍ കൊലചെയ്യപ്പെടുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം. നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദക്കെതിരേ നടന്ന കൊലപാതകമാണെന്നാണ് പോലിസ് ഇപ്പോള്‍ വാദിക്കുന്നത്. നേരത്തെ മോഷണശ്രമമാണെന്നാണ് പറഞ്ഞിരുന്നത്. എഫ്‌ഐആറും അങ്ങനെയായിരുന്നു. പിന്നീട് ബിജെപി നല്‍കിയ പരാതിയിലാണ് കേസ് ദിശമാറ്റിയതും കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടതും.

Tags:    

Similar News