ഇ പി ജയരാജനെതിരായ ആരോപണം: സമഗ്രാന്വേഷണം വേണമെന്ന് എ കെ സ്വലാഹുദ്ദീന്‍

Update: 2022-12-27 12:52 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ സിപിഎമ്മിലെ തന്നെ മുതിര്‍ന്ന നേതാവ് ഉന്നയച്ച ആരോപണം അതീവ ഗൗരവതരമാണെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍. വൈദീകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ട്. ആന്തൂര്‍ നഗരസഭാ പരിധിയിലാണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അധികൃതരുടെ സാങ്കേതിക തടസ്സവാദങ്ങള്‍ക്കു മുമ്പില്‍ സാജന്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്തത്. അതേ നഗരസഭാ പരിധിയില്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് എങ്ങിനെ ആയുര്‍വേദ റിസോര്‍ട്ടിന് അനുമതി ലഭിച്ചു എന്നത് സംബന്ധിച്ച് സര്‍ക്കാരും ബന്ധപ്പെട്ടവരും മറുപടി പറയണം.

സിപിഎം നേതാക്കള്‍ ഭരണത്തിന്റെ തണലില്‍ കോടികള്‍ സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുകയാണ്. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന ഇടതുനേതാക്കളുടെ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കേണ്ടതാണ്. മന്ത്രിയായിരിക്കേ ബന്ധുനിയമനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തേണ്ടിവന്ന ആളാണ് ഇ പി ജയരാജന്‍. സമീപകാലത്തായി ഇ പി സജീവരാഷ്ട്രീയത്തില്‍ നിന്ന് ഉള്‍വലിയാനുണ്ടായ കാരണവും സംശയകരമാണ്. പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോഴും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തുടരുന്ന മൗനം ദുരൂഹമാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കാനാവില്ല. പി ജയരാജന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എ കെ സ്വലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News