'പോപുലര്‍ ഫ്രണ്ട് നേതാക്കളെ വിട്ടയക്കുക'; ആവശ്യവുമായി അജ്മീര്‍ ദര്‍ഗ ഖാസി ഉള്‍പ്പെടെ പ്രമുഖര്‍

'റെയ്ഡുകളും അറസ്റ്റുകളും ദുരുദ്ദേശ്യപരവും ഫാഷിസത്തിനെതിരായ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമവുമാണ്. അടിച്ചമര്‍ത്തലിലൂടെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളെ നിശ്ശബ്ദരാക്കുന്നതില്‍ കേന്ദ്രത്തിലെ ആര്‍എസ്എസ് നയിക്കുന്ന ഭരണം വിജയിച്ചു. പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് ആര്‍എസ്എസിന് നല്ല ബോധ്യമുണ്ട്'. നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-09-25 09:32 GMT

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയും ഇഡിയും അന്യായമായി അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യുമായി അജ്മീര്‍ ദര്‍ഗ ഖാസി ഉള്‍പ്പെടെ പ്രമുഖര്‍. അജ്മീര്‍ ദര്‍ഗ ഖാദി നഷിന്‍ ഖാദിം സയ്യിദ് സര്‍വാര്‍ ചിഷ്തി, ആള്‍ ഇന്ത്യ സെക്യുലര്‍ ഫോറം കണ്‍വീനറും രാഷ്ട്രീയ സേവാദള്‍ മുന്‍ പ്രസിഡന്റുമായ ഡോ. സുരേഷ് ഖയിനാര്‍, ബുദ്ധിസ്റ്റ് സൊസൈറ്റി ദേശീയ പ്രസിഡന്റ് രാജ് രത്‌ന അംബേദ്കര്‍, പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ എന്‍ ഡി പഞ്ചോളി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിഭാഷകന്‍ ഡോ. പവന്‍ കുമാര്‍ ആര്യ, സുപ്രീംകോടതി അഭിഭാഷകന്‍ വിജേന്ദ്ര കാസന, മനുഷ്യാവകാശ പ്രവര്‍ത്തകരായ രഘുനാഥ് പട്ടീല്‍, സെവില്ലം പാരിതി, ഭാനു പ്രദാപ് സിങ്, ഇന്ദ്രജീത് ഭാരതി, അഡ്വ. ഖാലിദ് ഷെയ്ഖ്, രാജേന്ദ്ര ഖുംബജ്, അഡ്വ. സന്തോഷ് ജാദവ്, ശരത് ജയിസ്‌വാള്‍, അലി ഇനാം ദാര്‍, ആസിഫ് മുജ്തബ, ശശാങ്ക് സിങ്, ബിമല്‍ ശര്‍മ, അഡ്വ. ബി ഡി നിഷാദ്, അവദേശ് കുമാര്‍, അരവിന്ദ് ഉണ്ണി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.


പ്രസ്താവനയുടെ പൂര്‍ണരൂപം:

ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സംയുക്തമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും രാജ്യത്തുടനീളമുള്ള നേതാക്കളുടെ വസതികളിലും നടത്തിയ റെയ്ഡില്‍ പോപുലര്‍ ഫ്രണ്ടിന്റെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും നൂറിലധികം പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

റെയ്ഡുകളും അറസ്റ്റുകളും ദുരുദ്ദേശ്യപരവും ഫാഷിസത്തിനെതിരായ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമവുമാണ്. അടിച്ചമര്‍ത്തലിലൂടെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളെ നിശ്ശബ്ദരാക്കുന്നതില്‍ കേന്ദ്രത്തിലെ ആര്‍എസ്എസ് നയിക്കുന്ന ഭരണം വിജയിച്ചു. പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് ആര്‍എസ്എസിന് നല്ല ബോധ്യമുണ്ട്. അതിനാല്‍ അവര്‍ ഇപ്പോള്‍ ദണ്ഡയുടെ നാലാമത്തെ സമീപനമാണ് അവലംബിക്കുന്നത്. ഇപ്പോഴത്തെ റെയ്ഡുകളും അറസ്റ്റുകളും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും രാജ്യത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. അവ നിരോധിത സംഘടനകളല്ല. ഈ രണ്ട് സംഘടനകളും വിദേശ ഫണ്ട് ഉപയോഗിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങളല്ലാതെ, ഈ ആരോപണങ്ങളൊന്നും തെളിയിക്കുന്നതില്‍ നാളിതുവരെ വിജയിച്ചിട്ടില്ല. തീവ്ര വലതുപക്ഷ ഫാഷിസത്തിനെതിരായ ഈ സംഘടനകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ സംഘടനകളെ സംഘപരിവാറിന്റെ കുത്തൊഴുക്കില്‍ മുള് മുനയില്‍ നിര്‍ത്തുന്നത്.

ഏത് വിയോജിപ്പുള്ള ശബ്ദത്തെയും സംഘപരിവാര്‍ ഭരണകൂടം ഭയപ്പെടുന്നു. അതിനാല്‍, ആളുകളെ അണിനിരത്തുന്നതില്‍ നിന്ന് അത്തരം ഗ്രൂപ്പുകളെ ഭയപ്പെടുത്താനും ഫാഷിസത്തിനെതിരായ അവരുടെ ശബ്ദം അടിച്ചമര്‍ത്താനും അവര്‍ ശ്രമിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സംഘടനകളുടെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും നടത്തിയ പല റെയ്ഡുകളും നിരര്‍ഥകമാണെന്ന് തെളിഞ്ഞു. കാരണം റെയ്ഡുകളില്‍ സംഘടനകള്‍ക്കോ അതിന്റെ നേതാക്കള്‍ക്കോ എതിരെ കുറ്റകരമായ തെളിവുകളൊന്നും കണ്ടെത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.

സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പിടിയിലാണ് രാജ്യം. ഇന്ത്യ ആസന്നമായ ഒരു മുസ്‌ലിം വംശഹത്യയുടെ വക്കിലാണെന്ന വംശഹത്യയെക്കുറിച്ചുള്ള ആഗോള വിദഗ്ധരുടെ മുന്നറിയിപ്പ് അന്തരീക്ഷത്തില്‍ സജീവമാണ്. രാജ്യത്തെ ഏറ്റവും സജീവമായ ആര്‍എസ്എസ് വിരുദ്ധ സംഘടനകളെ ലക്ഷ്യമിട്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഭരണകൂടം ഈ മുന്നറിയിപ്പ് നല്‍കുകയാണ്. ഈ സാഹചര്യത്തില്‍, തീവ്ര വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തെ എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുക എന്നത് രാജ്യത്തെ സ്‌നേഹിക്കുകയും നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ സവിശേഷത നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയായി മാറിയിരിക്കുന്നു.

ഫാഷിസ്റ്റ് അതിക്രമങ്ങളെ ചെറുക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായി എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും എല്ലാ നേതാക്കളെയും നിരുപാധികമായും ഉടനടിയും വിട്ടയക്കണമെന്ന് ഞങ്ങള്‍ അടിവരയിടുന്നു. നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: