ക്രിസ്ത്യന്‍- മുസ്‌ലിം സംഘര്‍ഷത്തിനുള്ള ആര്‍എസ്എസ് കുതന്ത്രം തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്

കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും അതുവഴി ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുമുള്ള ആര്‍എസ്എസ്സിന്റെ കുല്‍സിതശ്രമങ്ങള്‍ കാലങ്ങളായി നടന്നുവരികയാണ്. അതിന് ആയുധമായി മാറുകയാണ് പാലാ ബിഷപ്പും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചെയ്യുന്നത്.

Update: 2021-09-13 07:42 GMT

കോട്ടയം: കലാപത്തിന് ആഹ്വാനം നല്‍കും വിധം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അദ്ദേഹം പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓാഫ് ഇന്ത്യ. വസ്തുതകളുടെ പിന്‍ബലമില്ലാതെ നടത്തിയ ഹീനമായ ജല്‍പ്പനങ്ങള്‍ പിന്‍വലിക്കാത്തപക്ഷം മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും അതുവഴി ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുമുള്ള ആര്‍എസ്എസിന്റെ കുല്‍സിത ശ്രമങ്ങള്‍ കാലങ്ങളായി നടന്നുവരുകയാണ്. അതിന് പുതിയ ആയുധമായി മാറിയിരിക്കുകയാണ് പാലാ ബിഷപ്പും അദ്ദേഹത്തെ പിന്തുണക്കുന്നവരും. ഇത് ക്രൈസ്തവ മതനേതൃത്വം തിരിച്ചറിയുകയും തിരുത്താന്‍ തയ്യാറാവുകയും വേണം. അതിനുപകരം പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രചാരണത്തെയും മുസ്‌ലിം വിരുദ്ധതയെയും പിന്തുണയ്ക്കുന്ന സമീപനം സാമൂഹിക അന്തരീക്ഷം വഷളാക്കാന്‍ കാരണമാവും.

പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനു പിന്നാലെ കുറവിലങ്ങാട് മഠത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത് ആപത്കരമായ സ്ഥിതി വിശേഷമാണ് വെളിവാക്കുന്നത്. കുര്‍ബാനയ്ക്കിടെ വര്‍ഗീയത പറഞ്ഞ വൈദികനോട് പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ക്ക് ചാപ്പലില്‍നിന്ന് ഇറങ്ങിപ്പോവേണ്ടിവന്ന സംഭവവും മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. മുമ്പും മുസ്‌ലിം സമുദായത്തെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നുവെന്നാണ് കന്യാസ്ത്രീകള്‍ വെളിപ്പെടുത്തിയത്. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വൈദികന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയപരാമര്‍ശം അബദ്ധവശാല്‍ സംഭവിച്ചതോ നാക്കുപിഴയോ അല്ല. എഴുതി തയ്യാറാക്കിയത് വായിക്കുകയാണ് അദ്ദേഹം ചെയ്തത്. ആസൂത്രിതമായി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് ഏറ്റെടുത്തവരെയും അതിന് പിന്തുണ നല്‍കിയവരെയും നിരീക്ഷിച്ചാല്‍ ആസൂത്രിത വിദ്വേഷപ്രചാരണത്തിന്റെ ഉദ്ഭവം ഏതെന്ന് വ്യക്തമാവുന്നുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ആര്‍എസ്എസ് അവരുടെ ഗവേഷണ കേന്ദ്രത്തില്‍ രൂപപ്പെടുത്തിയ 'ലൗ ജിഹാദ്' പ്രയോഗം ദൗര്‍ഭാഗ്യവശാല്‍ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവരാണ് ഏറ്റെടുത്തത്.

സമാനമാണ് ഇപ്പോഴുണ്ടായിട്ടുള്ള 'നാര്‍ക്കോട്ടിക്ക് ജിഹാദ്' പരാമര്‍ശവും. ആര്‍എസ്എസ് അവരുടെ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ച നുണബോംബാണ് 'നാര്‍ക്കോട്ടിക് ജിഹാദ്' എന്ന പ്രയോഗം. അഞ്ചുമാസം മുമ്പ് ആര്‍എസ്എസ് നേതാവ് ഇതേ പദപ്രയോഗം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. വര്‍ഗീയ ഭീകരവാദികള്‍ നടത്തുന്ന ഇത്തരം പ്രയോഗങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നതിലൂടെ ആര്‍എസ്എസ് നുണകള്‍ ആധികാരിക രേഖയായി അവതരിപ്പിക്കുകയാണ് പാലാ ബിഷപ്പ് ചെയ്തത്. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പ്രബലമായ രണ്ടു സമുദായങ്ങളാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും. ഭൂരിപക്ഷ വര്‍ഗീയതയിലൂടെ മാത്രം രാഷ്ട്രീയ മേല്‍ക്കോയ്മ നേടാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ആര്‍എസ്എസ് മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനം തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കരുതലോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭയും ചില പുരോഹിതന്‍മാരും വലിയ തോതില്‍ ആഭ്യന്തര പ്രതിസന്ധി നേരിടുന്നുണ്ട്. ലൈംഗിക ആരോപണങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, തട്ടിപ്പ് ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭാവിശ്വാസികള്‍ പോലും അസ്വസ്ഥരാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ജയിലഴി കാത്തിരിക്കുന്ന പുരോഹിതന്‍മാരുടെ കേന്ദ്രസര്‍ക്കാര്‍ പ്രീണനവും വിവാദത്തിന്റെ പിന്നിലുണ്ട്. ഇതിന് മറയിടാന്‍ മറ്റൊരു മതവിഭാഗത്തെ ഇരയാക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും നീതീകരിക്കാനാവില്ല. പാലാ ബിഷപ്പിന്റെ വര്‍ഗീയപരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് രംഗത്തുവന്ന യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്‌സ് സഭയുടെയുടെയുമൊക്കെ നേതാക്കളുടെ പ്രതികരണങ്ങള്‍ ആശാവഹമാണ്.

ചിലരുടെ വര്‍ഗീയതാല്‍പ്പര്യങ്ങള്‍ക്ക് ക്രിസ്ത്യന്‍ സമൂഹത്തെ ഏകപക്ഷീയമായി കൂടെ കിട്ടില്ലെന്ന സന്ദേശമാണ് അവര്‍ നല്‍കിയത്. കത്തോലിക്കാ സഭയിലെ പുരോഹിതന്റെ വര്‍ഗീയതയ്‌ക്കെതിരേ കന്യാസ്ത്രീകള്‍തന്നെ രംഗത്തുവന്നതും ക്രൈസ്തവ സമുദായത്തിനിടയില്‍ വര്‍ഗീയവാദികള്‍ ഒറ്റപ്പെടുമെന്ന സൂചനയാണ്. കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന് പിന്തുണയുമായി ഒരുവിഭാഗം നടത്തിയ പ്രതിഷേധത്തിന് ചരടുവലിച്ചത് പോലും ആര്‍എസ്എസ്സും ബിജെപിയുമായിരുന്നു.

'ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശങ്ങളില്‍ വളരെ തിടുക്കത്തോടെ പാലാ ബിഷപ്പിന് പിന്തുണയ്ക്കാനെത്തിയതും ആര്‍എസ്എസ്സും ബിജെപിയുമാണ്. വര്‍ഗീയ വിഷം വമിക്കുന്ന ഇവരുടെ കുപ്രചാരണങ്ങളെയും നീക്കങ്ങളെയും ആഴത്തില്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടതുണ്ട്. പാലാ ബിഷപ്പ് മാപ്പുപറയാത്ത പക്ഷം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനാധിപത്യപ്രതിഷേധങ്ങള്‍ സ്വാഭാവികമാണല്ലോ എന്ന് ഭാരവാഹികള്‍ പറഞ്ഞു. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ എച്ച് സുനീര്‍ മൗലവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News