തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുകും; ചെലവ് 30,000 കോടി...!

യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചാരണത്തിനു 3-4 ശതമാനം ചെലവഴിച്ചിരുന്നിടത്ത് 10 ശതമാനം വരെയാക്കി ഉയര്‍ത്തും

Update: 2019-03-11 16:21 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരസ്യങ്ങള്‍ക്കും പ്രചാരണത്തിനുമെല്ലാം കൂടി ഔദ്യോഗികവും അനൗദ്യോഗികവുമായ ചെലവഴിക്കുന്ന തുക 20000 മുതല്‍ 30000 കോടി വരെയെത്തുമെന്നാണ് വിലയിരുത്തല്‍. നോട്ട് അസാധുവാക്കലും ജിഎസ്ടിയുമെല്ലാം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും നട്ടെല്ല് തകര്‍ത്തിട്ടുണ്ടെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകയമായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ പണക്കൊഴുപ്പിനു പഞ്ഞമുണ്ടാവില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന കണക്ക് 5000 കോടിയാവുമെങ്കില്‍ ഗതാഗതം, റാലി, ലഘുലേഖ തുടങ്ങിയവയ്ക്കായി 20000 മുതല്‍ 30000 വരെ കോടി രൂപ വരെ ചെലവാകുമെന്നാണ് മാര്‍ക്കറ്റിങ് കമ്പനിയായ ഡിസിഎംഎന്‍ ഇന്ത്യയുടെ കണ്‍ട്രി ഹെഡ് സിന്ധു ബാലകൃഷ്ണന്‍ പറയുന്നത്.

    2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പരസ്യത്തിനു കൂടുതല്‍ പ്രചാരണം ഇത്തവണയുണ്ടാവും. 2009ല്‍ ബിജെപിയും കോണ്‍ഗ്രസും ചെലവഴിച്ചതു 790 കോടിയായിരുന്നു. 2014 ആയപ്പോള്‍ ഇത് ബിജെപിയുടേത് 715 കോടിയും കോണ്‍ഗ്രസിന്റേത് 500 കോടിയുമായി. തിരഞ്ഞെടുപ്പ് ചെലവിന്റെ ആകെത്തുകയുടെ 50 ശതമാനം വരുമിത്. ഭരണകക്ഷിയായ ബിജെപി തനിച്ച് 2000 കോടി ചെലവാക്കുമെന്നാണ് കണക്കുകൂട്ടല്‍. മോദി സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന 1000 കോടിക്കു പുറമെയാണിത്. ബിജെപിയുടെ പ്രധാന പ്രചാരണം സര്‍ക്കാര്‍ നേട്ടങ്ങള്‍ തന്നെയായിരിക്കും. കോണ്‍ഗ്രസ് തനിച്ച് 200 മുതല്‍ 250 കോടി വരെ ഉപയോഗിക്കും. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും കൂടുതല്‍ പണം ചെലവഴിക്കുക. ബംഗാളിലൂടെ ചെങ്കോട്ടയിലെത്തുന്ന ദീദിക്കു വേണ്ടിയുടെ ചെലവ് 100 കോടി കവിയും. മറ്റും പ്രധാന കക്ഷികളായ എസ്പി-ബിഎസ്പി സഖ്യം 50 മുതല്‍ 100 കോടി വരെ ചെലവിടും. ബാക്കിയുള്ള പാര്‍ട്ടികളില്‍ ചില സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടികളും 30 മുതല്‍ 40 കോടി വരെ പ്രചാരണത്തിനും മറ്റുമായി ഉപയോഗിക്കുമെന്നാണ് രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍.   


  

  ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ക്കാണു കൂടുതല്‍ പരസ്യ ഇനത്തില്‍ ചെലവാക്കുന്നത്. ആകെ തുകയുടെ 50 ശതമാനം അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുക. ഹോര്‍ഡിങുകള്‍ക്കും കട്ടൗട്ടുകള്‍ക്കും മറ്റുമായി 25 ശതമാനവും ഡിജിറ്റല്‍ പ്രചാരണത്തിന് 15ഉം റേഡിയോ വഴി 10 ശതമാനം തുകയുമാണ് കണക്കാക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റല്‍ പ്രചാരണത്തിനു ചെലവ് കണക്കില്ലാത്തതായി മാറും. കാരണം, ചെറിയൊരു പരിപാടിക്കു പോലും വീഡിയോ ചിത്രീകരണത്തിനും മറ്റു പ്രമോഷനുകള്‍ക്കുമായി ലക്ഷങ്ങളാണു ചെലവിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഇത് വെളിപ്പെട്ടിരുന്നു. നിയമസഭയിലേക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി പണമാണ് പ്രചാരണത്തിനുപയോഗിച്ചത്. 2014നേതിനേതാക്കള്‍ ഒന്നു മുതല്‍ രണ്ട് മടങ്ങ് വരെ പ്രധാനപാര്‍ട്ടികള്‍ക്ക് ചെലവ് വര്‍ധിക്കുമെന്ന് സീല്‍(സീ എന്റര്‍ടെയ്ന്റ്‌മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ചീഫ് ഗ്രോത്ത് ഓഫിസര്‍ ആശിഷ് സെഗാള്‍ പറഞ്ഞു.

   

    ദേശീയ പാര്‍ട്ടികള്‍ അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും തുല്യപരിഗണന നല്‍കുമ്പോള്‍ സംസ്ഥാന പാര്‍ട്ടികള്‍ അച്ചടി മാധ്യമങ്ങള്‍ക്കാണ് കൂടുതല്‍ ചെലവഴിക്കുന്നത്. എല്ലാവരും ഡിജിറ്റല്‍ പ്രചാരണത്തിന് ഇത്തവണ മല്‍സരിക്കും. ആകാശം തൊടുന്ന ഹോര്‍ഡിങുകള്‍ക്കും നിലംതൊട്ടുള്ള റാലികള്‍ക്കും മറ്റും എല്ലാവരും പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പുറത്തുള്ള പ്രചാരണങ്ങള്‍ക്കു 500-800 കോടി വരെ ഉപയോഗിക്കുമെന്നാണ് കണ്ടെത്തല്‍. ഇതാവട്ടെ ഏകദേശ എണ്ണം മാത്രമായിരിക്കുമെന്നും ഗോയല്‍ പറയുന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചാരണത്തിനു 3-4 ശതമാനം ചെലവഴിച്ചിരുന്നിടത്ത് 10 ശതമാനം വരെയാക്കി ഉയര്‍ത്തും. കഴിഞ്ഞ തവണ ഇത് 3-4 ശതമാനമായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങി എണ്ണമറ്റ സാമൂഹികമാധ്യമങ്ങളിലൂടെ ഇനി വരാനിരിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണപൂരമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റേതായി മാറുമെന്നതില്‍ സംശയമില്ല.



Tags:    

Similar News