മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി നാഷണല്‍ സോഷ്യല്‍ രജിസ്റ്റര്‍ വരുന്നു

ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരൊറ്റ ക്ലിക്കില്‍ കിട്ടുന്ന തരത്തിലാണ് സോഷ്യല്‍ രജിസ്റ്ററി തയാറാക്കുന്നത്

Update: 2020-03-18 14:56 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ നീക്കങ്ങളെയും സ്വകാര്യതകളെയും സ്ഥിരമായി നിരീക്ഷിക്കാനും പിന്തുടരാനും കഴിയുന്ന സംവിധാനം മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി വാര്‍ത്ത. പദ്ധതി പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലെത്തിയതായി ഹഫ് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തി 2021 നകം നാഷണല്‍ സോഷ്യല്‍ രജിസ്റ്റര്‍ എന്ന പേരില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നീക്കം.


120 കോടി പൗരന്മാരുടെയും ഓരോ ചലനവും ആധാര്‍ വിവരങ്ങളുപയോഗിച്ച് വിശദമായി അറിയുന്ന തരത്തില്‍ നിരന്തരം സ്വയം പുതുക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. 2021ഓടെ പദ്ധതി പൂര്‍ണമാക്കാന്‍ വേണ്ടി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൗരന്മാരുടെ സഞ്ചാരം, ജോലി മാറ്റം, വസ്തു വാങ്ങല്‍, കുടുംബത്തിലെ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങിയവയെല്ലാം ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴില്‍ വരുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ചാണ് ഹഫ് പോസ്റ്റ് റിപോര്‍ട്ട് പുറത്തുവിട്ടത്.


നേരത്തെ ഓരോ കുടുംബത്തെയും ജിയോടാഗ് ചെയ്യണമെന്നും അതിനെ ഐഎസ്ആര്‍ഒ വികസിപ്പിച്ച ഭുവന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കണമെന്നും 2019 ഒക്ടോബറില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ നീതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ യഥാര്‍ത്ഥ അവകാശികളിലേക്ക് കൂടുതല്‍ പ്രയോജനകരമായി എത്തിക്കാനാണെന്ന വിശദീകരണവുമായാണ് സര്‍ക്കാര്‍ ഈ നീക്കങ്ങള്‍ മുഴുവന്‍ നടത്തുന്നത്. എന്നാല്‍, ഈ വിവരശേഖരണത്തിന്റെയും അത് സൂക്ഷിക്കുന്ന സംവിധാനത്തിന്റെയും പരിധിയില്‍ വരുന്നവര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ മാത്രമല്ല.


2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്ഇസിസി) വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി എന്നാണ് സര്‍ക്കാര്‍ ഇതുവരെയും വാദിച്ചിരുന്നത്. എന്നാല്‍, വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ രജിസ്റ്റര്‍ എന്ന പേരില്‍ തയാറാക്കുന്നത് എന്നാണ്.



ആധാറുമായി ബന്ധിപ്പിച്ചു രാജ്യത്തെ പൗരന്മാരുടെ മതം, ജാതി, വരുമാനം, വസ്തുവകകള്‍, വിദ്യാഭ്യാസം, തൊഴില്‍, കുടുംബബന്ധം, കുടുംബ താവഴി തുടങ്ങി ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരൊറ്റ ക്ലിക്കില്‍ കിട്ടുന്ന തരത്തിലാണ് സോഷ്യല്‍ രജിസ്റ്ററി തയാറാക്കുന്നത് എന്നാണു ഹഫ് പോസ്റ്റ് പറയുന്നത്.


അതേസമയം സുപ്രിംകോടതി വിധി പ്രകാരം വ്യക്തികളുടെ സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ആധാര്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സോഷ്യല്‍ റജിസ്റ്ററിക്കായി രൂപം നല്‍കിയ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.  

Tags:    

Similar News