കേരള ബിജെപിയില്‍ അടി മുറുകുന്നു; മുഖം നോക്കാതെ ഇടപെടുമെന്ന് അമിത്ഷാ


ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായതോടെ ഇടപെടാനൊരുങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നേതാക്കള്‍ തമ്മിലടി അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ പാര്‍ട്ടി പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ളമുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടു.

അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പ്രവര്‍ത്തകരുടെ പരാതിപ്രളയമാണ്. ഹിന്ദി അറിയാത്തതിനാല്‍ മലയാളത്തിലാണ് പ്രവര്‍ത്തകര്‍ പരാതികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരാതികളുടെ ഹിന്ദി പരിഭാഷ ലഭ്യമാക്കാന്‍ അമിത് ഷാ ബിജെപി ഐടി സെല്ലിനു നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചും മുരളീധര്‍ റാവു ഞായറാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്.

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ കണ്ടെത്തുന്നതിന് പാര്‍ട്ടിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കെ സുരേന്ദ്രനെ മനസില്‍ കണ്ടിരുന്നെങ്കിലും പി കെ കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസ് സംസ്ഥാന നേതാക്കളും ഇതിനെതിരെ രംഗത്തുവന്നതായാണ് വിവരം. എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെയാണ് ഇവര്‍ പകരം നിര്‍ദേശിച്ചിരിക്കുന്നത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top