VideoNews

സൈനികര്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നു; ഇസ്രായേലില്‍ കൂട്ടക്കരച്ചില്‍

X


ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ഇസ്രായേലില്‍ നിന്ന് ഉയരുന്നത് കൂട്ടക്കരച്ചില്‍. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടക്കരച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹമാസ് പോരാളികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയുടേതെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി കണ്ട നെസറ്റ് അംഗങ്ങള്‍ നിലവിളിക്കുകയും ബോധംകെട്ട് വീഴുകയും ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാരച്ചടങ്ങില്‍ പരിസരം മറന്ന് നിലവിളിക്കുന്ന ഇസ്രായേല്‍ സൈനികരുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുദ്ധം അപകടകരമായ രീതിയിലേക്കാണ് മാറുന്നതെന്നെ മനസ്സിലാക്കിയ ഇസ്രായേല്‍ മാധ്യമങ്ങളും നെതന്യാഹു ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.


നവംബര്‍ ഒന്നിന് ഇസ്രായേല്‍ പാര്‍ലിമെന്റ് കെട്ടിടമായ നെസറ്റില്‍ ജനപ്രതിനിധികള്‍ക്കായി ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ എന്ന പ്രത്യാക്രമണത്തില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പകര്‍ത്തിയ സെന്‍സര്‍ ചെയ്യാത്ത ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിലുള്ളതെന്നാണ് പറയുന്നത്. കൊല്ലപ്പെട്ടതും പിടികൂടിയതുമായ ഹമാസ് അംഗങ്ങളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്നു പറഞ്ഞുള്ള ഡോക്യുമെന്ററി ഇസ്രായേലി-വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രദര്‍ശിപ്പിച്ചിരുന്നു. ഹമാസിന്റെ ഭീകരതകള്‍ തുറന്നുകാട്ടുകയെന്നതായിരുന്നുവേ്രത ലക്ഷ്യം. എന്നാല്‍, ഡോക്യുമെന്ററി ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷം സംഭവിച്ചത് കൂട്ടക്കരച്ചിലാണ്. ലിക്കുഡ് പാര്‍ട്ടി നെസറ്റ് മെംബര്‍ കെറ്റി ഷിത്രിറ്റ് കരഞ്ഞുകൊണ്ട് ഓഡിറ്റോറിയം വിട്ടു. സിനിമാക്കഥ പോലെ ദൃശ്യങ്ങള്‍ ആസ്വദിക്കുകയായിരുന്ന മറ്റു നെസറ്റ് അംഗങ്ങളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. സ്‌ക്രീനിങ്ങിന് ശേഷം മറ്റൊരു പാര്‍ലിമെന്റംഗം സെഗാ മെലാകു ബോധംകെട്ടു വീണു. ഇവരെ ഉടന്‍തന്നെ നെസെറ്റിന്റെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്യുമെന്ററി കാണാന്‍ പോവുന്നതിന് മുമ്പ് തന്നെ നെസെറ്റിന്റെ ഡോക്ടര്‍ ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തില്‍ മരുന്നുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നുവെന്ന് ലികുഡ് എംകെ ഗിലാറ്റ് ഡിസ്‌റ്റെല്‍അറ്റ്ബാര്യന്‍ പറഞ്ഞു. ഡോക്യുമെന്ററി കണ്ടിറങ്ങുന്നവരെ ആശ്വസിപ്പിക്കാന്‍ മൂന്ന് സൈക്കോളജിസ്റ്റുകളുമെത്തിയിരുന്നു. ഞാന്‍ അത് ഹാളില്‍ അഞ്ച് മിനിറ്റ് കണ്ടു. എന്നിട്ട് കരഞ്ഞും വിറച്ചും ഞാന്‍ പുറത്തേക്ക് ഓടിയെന്ന് ഡിസ്റ്റല്‍അറ്റ്ബര്യന്‍ പറഞ്ഞു.



താന്‍ റിലാക്‌സേഷന്‍ ഗുളിക കഴിച്ചിട്ടും ദൃശ്യങ്ങള്‍ തനിക്ക് മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു പരിഭ്രാന്തി സൃഷ്ടിച്ചതായും അവര്‍ പറഞ്ഞു. ലേബര്‍ എംകെ ഗിലാഡ് കരിവിനും അവസാനം വരെ കണ്ടുനില്‍ക്കാനായില്ലത്രേ. 'എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല, എന്റെ പല സുഹൃത്തുക്കളെയും പോലെ, എന്റെ ഹൃദയം പൊട്ടിത്തെറിച്ചു, എനിക്ക് അവിടെ നിന്ന് പുറത്തുപോകേണ്ടിവന്നതായും ഗിലാഡ് കരിവിന്‍ പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഞങ്ങള്‍ അവരുടെ അസ്ഥികള്‍ തകര്‍ക്കാന്‍ പോവുകയാണെന്ന് കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നായിരുന്നു വിറച്ചുകൊണ്ട് പുറത്തുവന്ന ഒത്‌സ്മ യഹൂദി എംകെ ആല്‍മങ് കോഹെന്‍ പറഞ്ഞത്. റഅം എംകെമാരായ മന്‍സൂര്‍ അബ്ബാസ്, വാലിദ് അല്‍ഹവാഷ്‌ല, ഇമാന്‍ ഖത്തീബ്‌യാസിന്‍ എന്നിവര്‍ ആദ്യം ഡോക്യുമെന്ററി കാണാന്‍ തയ്യാറായിരുന്നില്ലെങ്കിലും പിന്നീടാണ് സന്നദ്ധത കാണിച്ചത്. കരഞ്ഞുകൊണ്ട് പുറത്തേക്ക് നടന്ന മന്‍സൂര്‍ അബ്ബാസ് ഇത് കാണുന്നത് ബുദ്ധിമുട്ടാണെന്നും എനിക്ക് ഒന്നും സംസാരിക്കാനാവുന്നില്ലെന്നും പറഞ്ഞു. 'ഐഡിഎഫ് വക്താവിന്റെ യൂനിറ്റ് പുറത്തിറക്കിയ സിനിമ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ഭയാനകമാണെന്നായിരുന്നു ലേബര്‍ എംകെ നാമ ലാസിമി പറഞ്ഞത്. എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ദൃശ്യങ്ങള്‍ അതിനേക്കാള്‍ അപ്പുറത്തേക്ക് ഞെട്ടിക്കുന്നതായിരുന്നു. അവസാനം വരെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ഭയാനകമായ ഭീകരതയാണ് കണ്ടത്. കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ ഫോട്ടോ കണ്ടു. അത് വളരെ വേദനാജനകവും ബുദ്ധിമുട്ടുള്ളതുമാണ്. എനിക്ക് ഇറങ്ങിപ്പോകേണ്ടിവന്നു. എന്നെന്നേക്കുമായി എന്റെ ആത്മാവിന്റെ ആഴത്തില്‍ അത് പതിഞ്ഞിരിക്കുമെന്നും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള നേതാക്കള്‍, അംബാസഡര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരെ ഡോക്യുമെന്ററി കാണിക്കേണ്ടതുണ്ടെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ, ഗസയിലും മറ്റുമായി കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന പട്ടാളക്കാരന്റെയും കുടുംബങ്ങളുടെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വടക്കന്‍ ഗസ മുനമ്പിലെ പ്രാഥമിക കരയുദ്ധത്തില്‍ തന്നെ 16 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇസ്രായേലികള്‍ക്കിടയില്‍ വന്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. ഇസ്രായേലി പത്രങ്ങളായ ഹാരെറ്റ്‌സ്, ജെറുസലേം പോസ്റ്റ് തുടങ്ങിയവ നെതന്യാഹു ഭരണകൂടത്തിനെതിരേ ജനങ്ങളുടെ പ്രതികരണങ്ങളുടെ പ്രതിഫലനവുമായാണ് പുറത്തിറങ്ങിയത്. ഗസയിലെ യുദ്ധം വ്യക്തമായ വിജയരേഖയിലേക്കുള്ള ഓട്ടമല്ലെന്നും മറിച്ച് ഒരു മാരത്തണിന്റെ തുടക്കമാണെന്നും ഓട്ടക്കാരന്റെ പാദങ്ങള്‍ അചഞ്ചലമായ ചെളിയില്‍ മുങ്ങിപ്പോവില്ലെന്ന് പ്രതീക്ഷിക്കാമെന്നുമാണ് ഹാരെറ്റ്‌സ് പറഞ്ഞത്. കരയുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ വാര്‍ത്തകള്‍ സൃഷ്ടിച്ച വേദന ലഘൂകരിക്കാന്‍ മഹത്തായ പ്രഖ്യാപനങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രിയാണ് രണ്ട് സൈനികരുടെ മരണവാര്‍ത്ത വന്നത്. തുടര്‍ന്ന്, ബുധനാഴ്ച മരണസംഖ്യ ക്രമാനുഗതമായി വര്‍ധിച്ചു. ഒമ്പതില്‍ നിന്ന് 11 ആയി. പിന്നെ 15, പിന്നീട് 16 ആയി. ഗസ അതിര്‍ത്തിക്ക് സമീപം മറ്റൊരു സൈനികന്‍ ബുധനാഴ്ച മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായും മാധ്യമങ്ങളില്‍ പറയുന്നുണ്ട്. ഇസ്രായേല്‍ എത്രത്തോളം കുരുക്ക് മുറുക്കുന്നുവോ അത്രത്തോളം സൈന്യം കൂടുതല്‍ അപകടങ്ങള്‍ക്ക് വിധേയമാകുമെന്ന അപകടസാധ്യതയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഹാരെറ്റ്‌സ് കമന്റേറ്റര്‍ അമോസ് ഹാരെല്‍ മുന്നറിയിപ്പ് നല്‍കി. ഹമാസ് ആക്രമണത്തിനു ശേഷമുള്ള മൂന്നാഴ്ചകള്‍ ഇസ്രയേലികള്‍ക്ക് ഒരു പ്രതിസന്ധിയില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. പക്ഷേ, അവര്‍ക്കും അവരുടെ നേതാക്കള്‍ക്കും ആഴ്ചകള്‍ മാസങ്ങളായി മാറുമ്പോള്‍, നഷ്ടപ്പെട്ട യുവ സൈനികരുടെയും മാതാപിതാക്കളുടെ മക്കളുടെയും പെണ്‍മക്കളുടെയും സഹോദരീസഹോദരന്മാരുടെയും പട്ടിക വളരുമ്പോള്‍ മുന്നോട്ട് പോകാനുള്ള ക്ഷമയും മനക്കരുത്തും ഉണ്ടോ എന്നത് കാണേണ്ടിയിരിക്കുന്നു. ഈ ജീവിതങ്ങളെല്ലാം ഒക്‌ടോബര്‍ ഏഴിലെലെ ദുരന്തത്തിലേക്ക് നയിച്ച അതേ നേതാക്കളുടെ കൈകളിലാണ് എന്നറിയുന്നത് വെല്ലുവിളിയെ കൂടുതല്‍ വലുതാക്കുന്നതായും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ ടണ്‍കണക്കിന് ബോംബുകള്‍ വര്‍ഷിച്ച് ഫലസ്തീനെയാകെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധിനിവേശ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം തങ്ങള്‍ക്കു തന്നെ തിരിച്ചടിയാവുന്നതായാണ് ഇസ്രായേലില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗസയിലേക്ക് കയറിയാല്‍ തിരിച്ചുപോവില്ലെന്ന ഹമാസിന്റെ വെല്ലുവിളി വെറുംവീരവാദമല്ലെന്നു തിരിച്ചറിയുകയാണ് ഇസ്രായേല്‍ സൈന്യവും ജനങ്ങളും. രണ്ടോ മൂന്നോ ദിവസത്തിനിടെ മാത്രം ഗസയില്‍ കരയുദ്ധത്തിലേര്‍പ്പെട്ട 16 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇസ്രായേല്‍ സൈനികരുടെ നഷ്ടം സത്യസന്ധമായി വെളിപ്പെടുത്താന്‍ വെല്ലുവിളിച്ച ഹമാസ് നഷ്ടക്കണക്കുകള്‍ അറിഞ്ഞാല്‍ നെതന്യാഹു സര്‍ക്കാര്‍ നിലംപതിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it