Kottayam Local

പ്രതിരോധ കുത്തിവയ്പ്പ്: എതിര്‍ പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നു സെമിനാര്‍

കോട്ടയം: പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തവയാണെന്നു പിആര്‍ഡി ആരോഗ്യ സെമിനാര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചത്.
വാക്‌സിനേഷന്‍ ഓട്ടിസത്തിനു കാരണമാവുന്നുവെന്ന ആരോപണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സാക്ഷരതയില്‍ മുന്നിട്ടുനിന്നിട്ടും എംആര്‍ വാക്‌സിനേഷന്‍ കേരളത്തില്‍ 88 ശതമാനം മാത്രമാണെന്നതു ചര്‍ച്ചാവിഷയമാവേണ്ടതാണ്. ലോകത്തെ എല്ലാ വാക്‌സിനുകളും എല്ലാവരുമെടുക്കണമെന്നില്ല. ദേശീയ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായുള്ള വാക്‌സിനുകള്‍ എല്ലാവരുമെടുക്കണമെന്നു മാത്രമാണു നിര്‍ദേശിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ പോവുമ്പോള്‍ അവിടെ നിര്‍ബന്ധമാക്കിയിട്ടുള്ള വാക്‌സിനേഷനുകള്‍ നമ്മള്‍ ഒഴിവാക്കാറില്ല. വാക്‌സിന് അനുകൂലമായി സംസാരിക്കുന്നവരെല്ലാം മരുന്നു കമ്പനിയുടെ ആളുകളാണെന്നു ചാപ്പ കുത്തപ്പെടുന്നത് ആരോഗ്യകരമല്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. പി എസ് ജിനേഷ് സെമിനാര്‍ നയിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സന്‍ രാധാമണി, വൈസ് ചെയര്‍പേഴ്‌സണ്‍ ഓമന ആനന്ദ് സംസാരിച്ചു. വിവിധ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. മൂന്നു ദിവസമായി നടക്കുന്ന സെമിനാര്‍ പുതുപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി.

.
Next Story

RELATED STORIES

Share it