Kottayam Local

ഗതാഗതക്കുരുക്ക് : ഈരാറ്റുപേട്ടയില്‍ ട്രാഫിക് യൂനിറ്റ് വേണമെന്ന ആവശ്യം ശക്തം



ഈരാറ്റുപേട്ട: നഗരത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിലവിലെ ട്രാഫിക് സംവിധാനത്തിന്റെ അപര്യാപ്തത മൂലം അടിയന്തരഘട്ടങ്ങളില്‍ നഗരത്തിലൂടെ കടന്നുപോവുന്ന ആംബുലന്‍സുപോലും ഗതാഗതക്കുരിക്കില്‍പ്പെടുന്ന അവസ്ഥയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ഈരാറ്റുപേട്ട സ്റ്റേഷനില്‍ പോലിസിന്റെ കുറവാണ് പ്രധാന കാരണം. അതുകൊണ്ട് ഈരാറ്റുപേട്ടയില്‍ പോലിസിന്റെ ട്രാഫിക് യൂനിറ്റ്് വേണമെന്ന ആവശ്യം ശക്തമാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ബസ്സുകള്‍ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തി ആളെ കയറ്റുന്നതും ബസ് സ്റ്റാന്‍ഡ് മുതല്‍ നഗരം വിടുംവരെ യാത്രക്കാരെ കയറ്റുന്നതിനായി ഇഴഞ്ഞുനീങ്ങുന്നതുമാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഓട്ടോകളുടെ അനിയന്ത്രിതമായ കറക്കവും ആളെടുപ്പും തുടങ്ങിയതാണ് മറ്റൊരു പ്രശ്‌നം. നഗരത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ട് ഡിവൈഡര്‍ സ്ഥാപിച്ചപ്പോള്‍ ഓട്ടോകള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയപടിയായി. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന പാലായ്ക്കുള്ള ബസ്സുകള്‍ക്ക് മുട്ടം ജങ്ഷനിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ്സുകള്‍ പാറനാനി ആര്‍ക്കേഡിനു സമീപവും പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളിലേക്കുള്ള ബസ്സുകള്‍ തിരിച്ച് കുരിക്കള്‍ നഗര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലുമുള്ള സ്റ്റോപ്പിലുമാണ് നിര്‍ത്തേണ്ടത്. ആളെ ഇറക്കിക്കയറ്റി പോവുന്നതിനുള്ള സമയം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ബസ്സുകള്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ത്തി ആളെ കറ്റിയിറക്കുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ കാരണം. അതുകൊണ്ട് ഈരാറ്റുപേട്ടയിലെ നിത്യവുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലിസിന്റെ ട്രാഫിക് യൂനിറ്റ് തുടങ്ങണമെന്ന് നാട്ടുകാര്‍ ആവശൃപ്പെടുന്നു.
Next Story

RELATED STORIES

Share it