Parliament News

കണ്ണൂര്‍ എയര്‍പോര്‍ട്ട്: അടിസ്ഥാനാവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം- ഡോ.വി ശിവദാസന്‍ എംപി

കണ്ണൂര്‍ എയര്‍പോര്‍ട്ട്: അടിസ്ഥാനാവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം- ഡോ.വി ശിവദാസന്‍ എംപി
X

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ പലതും പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് ഡോ.വി ശിവദാസന്‍ എംപി. കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടുകൂടി ഉത്തരമലബാറില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, അടിസ്ഥാനാവശ്യങ്ങള്‍ പോലും പരിഗണിക്കാതെ വികസന സാധ്യതകള്‍ ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിനു ഇനിയും പോയിന്റ് ഓഫ് കാള്‍ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിക്കേണ്ടതുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണമെന്നത് മറ്റൊരു പ്രധാനപ്പെട്ട ആവശ്യമാണ്. ആസിയാന്‍ ഓപ്പണ്‍ സ്‌കൈ പോളിസി യില്‍ ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഈ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയേണ്ടത് ആവശ്യമാണ്.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, മടിക്കേരി, കൂര്‍ഗ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വലിയ നിലയിലാണ് ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്നത്. നിലവില്‍ആവശ്യത്തിനനുസരിച്ച് ഫ്‌ളൈറ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ വലിയ പ്രയാസം അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കണ്ണൂരില്‍ നിലനില്‍ക്കുന്നുണ്ട്.

അതേ സമയത്താണ് നിലവിലുള്ള വിമാന സര്‍വീസുകള്‍ തന്നെ നിര്‍ത്തലാക്കുന്നതിന് ശ്രമിക്കുന്നത്. നിലവില്‍ 8 സ്ഥലങ്ങളിലേക്കാണ് അന്താരാഷ്ട്രാ സര്‍വീസുകള്‍ നടത്തുന്നത്. ദുബയ്, ഷാര്‍ജാ, അബൂദബി, മസ്‌കത്ത്, സലാല, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക്. 3 സര്‍വീസുകളാണ് ഈ മാസം 27 മുതല്‍ നിര്‍ത്തലാക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കണ്ണൂര്‍ ഷാര്‍ജ ഫ്‌ളൈറ്റ്, എയര്‍ ഇന്ത്യയുടെ ദുബയ്, അബൂദബി ഫ്‌ളൈറ്റുകള്‍ എന്നിവയാണ് മാര്‍ച്ച് 27 മുതലുള്ള ഷെഡ്യൂളില്‍ ഇല്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യമുതലാളിമാര്‍ക്ക് വില്‍പ്പന നടത്തിയിട്ടുള്ള എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം സ്വകാര്യമേഖലയ്ക്ക് വില്‍പ്പന നടത്തിയതിന് ശേഷം എയര്‍ ഇന്ത്യയുടെ സമീപനത്തിലും വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.

ബിസിനസ് ക്ലാസ് സൗകര്യമുള്ള വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതാവുമ്പോള്‍ പല വിഭാഗത്തിലുംപെട്ട ആളുകള്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യാന്‍ മടിക്കും. ഇത് ജില്ലയുടെ ടൂറിസം സാധ്യതയേയും കൈത്തറി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതയേയും സാരമായി ബാധിക്കും. കേരളത്തിന്റെ, വിശേഷിച്ച് ഉത്തരമലബാറിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍, പ്രത്യേക പരാമര്‍ശമായി ഡോ.വി ശിവദാസന്‍ എംപി സഭയില്‍ ഉന്നയിച്ചു.

Next Story

RELATED STORIES

Share it