Editorial

നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്

നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
X

കേരളത്തിന്റെ മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ സജി ചെറിയാന്റെ പ്രസംഗമാണ് കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്നത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം നടത്തിയ പൊതുയോഗത്തിനിടെയാണ് മന്ത്രി കടുത്ത ഭാഷയില്‍ ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും വരെ അധിക്ഷേപിക്കുന്ന വിധത്തില്‍ പ്രസംഗിച്ചത്. ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധി തന്നെ ഇത്തരത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നുറപ്പാണ്. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും അദ്ദേഹത്തിന്റെ രാജിയെ കുറിച്ച് സിപിഎമ്മും എല്‍ഡിഎഫും ഒളിച്ചുകളിക്കുകയാണ്. സ്വര്‍ണക്കടത്ത് മുതല്‍ വിവാദങ്ങളുടെ പെരുമഴയില്‍ നില്‍ക്കുന്ന സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി ഉയരുമ്പോഴാണ് അപ്രതീക്ഷിത വടി കിട്ടിയത്. തീര്‍ച്ചയായും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ഉപയോഗിക്കുമെന്നുറപ്പാണ്. എന്നാല്‍, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ഇത്ര കടുത്ത ഭാഷയില്‍ ഇന്ത്യയുടെ ആത്മാവെന്ന് വിശേഷിപ്പിക്കുന്ന ഭരണഘടനയെ അധിക്ഷേപിച്ചിട്ടും സിപിഎമ്മും സര്‍ക്കാരും രാജിയെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല എന്നത് ഏറെ ഗൗരവമുള്ളതാണ്.

പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച പാരമ്പര്യം കേരളത്തിനുണ്ട്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയാണ് പ്രസംഗത്തിന്റെ പേരില്‍ മുമ്പ് രാജിവെച്ചത്. 1985ല്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച 'പഞ്ചാബ് മോഡല്‍' പ്രസംഗം പോലും, പക്ഷേ, പരിശോധിച്ചാല്‍ ഇത്ര ഗൗരവമല്ലെന്ന് മനസ്സിലാവും. 1985ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയിലായിരുന്നു ആ വിവാദപ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയതിനെ കുറിച്ച് പറയുന്നതിനിടെ,


'കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നത് കേരളത്തിലും നടക്കണം എന്നാണു പറഞ്ഞത്. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം' എന്നും കൂട്ടിച്ചേര്‍ത്തിരുന്നു. പഞ്ചാബില്‍ അന്ന് ഖലിസ്താന്‍ അനുകൂലികള്‍ ശക്തമായ കാലമായിരുന്നു. പ്രസംഗം കലാപാഹ്വാനമാണെന്നും രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണെന്നും പരാതി ഉയര്‍ന്നു. ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി എത്തിയതോടെ, കെ. കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ള രാജിവച്ച് പുറത്തുപോയി. എന്നാല്‍ ഇപ്പോള്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയത് ഒരു വിമര്‍ശനമല്ല. ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയാറാക്കിയ ഭരണഘടന എന്ന് പറഞ്ഞത് ഡോ. ബി.ആര്‍. അംബേദ്ക്കറെയും ഭരണഘന നിര്‍മാണ സമിതിയെയും അധിക്ഷേപിക്കല്‍ തന്നെയാണ്. ഇത് വെറുമൊരു നാക്കുപിഴയല്ല. കടുത്ത ഭരണഘടനാ അധിക്ഷേപം തന്നെയാണ്.




Next Story

RELATED STORIES

Share it