Editorial

ചരിത്രത്തെ തന്നെ കീറിയെറിയാമെന്നത് വ്യാമോഹം

ചരിത്രത്തെ തന്നെ കീറിയെറിയാമെന്നത് വ്യാമോഹം
X

ഏകാധിപത്യ സര്‍ക്കാരുകള്‍ മേധാവിത്വം നിലനിര്‍ത്താന്‍ നിരന്തരം നുണകളെ ആശ്രയിക്കുന്നുവെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത് ഈയിടെയാണ്. 75ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പോസ്റ്ററില്‍ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ കാണാതായതും ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കര്‍ പ്രത്യക്ഷപ്പെട്ടതും അന്നുതന്നെ. പോസ്റ്ററിനെകുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഐസിഎച്ച് ആര്‍ ഡയറക്ടര്‍ ഓംജി ഉപാധ്യായ വിശദീകരിച്ചത് സവര്‍ക്കര്‍ പത്തു വര്‍ഷമാണ് ജയിലില്‍ കഴിഞ്ഞത്, പക്ഷേ, അതോര്‍ക്കപ്പെടുന്നില്ല എന്നാണ്. ആരെയും കുറച്ചുകാണിച്ചിട്ടില്ല, ഇതുപോലെ നിരവധി പേജുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഓംജി ഉപാധ്യായ വിശദീകരിച്ചു. ഈ ഭരണകൂട നിലപാടിനെകുറിച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പരാമര്‍ശിച്ചതെന്നു തോന്നിപ്പോയാല്‍ അത് യാദൃച്ഛികമല്ല, വര്‍ത്തമാനകാല യാഥാര്‍ഥ്യം തന്നെയാണ്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ പ്രാധാന്യം കുറച്ചു കാണിച്ചവരെ കൂടി മുന്‍നിരയില്‍ കൊണ്ടുവരേണ്ടതുണ്ടൈന്നാണ് ഐസിഎച്ച്ആര്‍ പറയുന്നത്. ചരിത്രം പ്രാധാന്യം കുറച്ച് പരാമര്‍ശിച്ചവരെയും ചരിത്രം ചവറ്റുകൊട്ടയില്‍ എറിഞ്ഞവരെയും മുന്‍നിരയിലെത്തിക്കാന്‍ ചരിത്ര പുരുഷന്‍മാരെയും ചരിത്രത്തെ തന്നെയും കീറിയെറിയുകയാണ് സംഘപരിവാര നിയന്ത്രിത സര്‍ക്കാര്‍ ചെയ്യുന്നത്. മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ആര്‍ക്കാണ് സ്വാതന്ത്ര്യസമരചരിത്രത്തില്‍നിന്ന് മലബാര്‍ സമരത്തെ കീറിയെറിയാനാവുക.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലിമുസ്‌ല്യാരെയും മറന്ന് നമ്മുടെ കുട്ടികള്‍ക്ക് മലബാറിന്റെ ചോരതുടിക്കുന്ന ചരിത്രം പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കാണ് സാധിക്കുക. എന്നാല്‍ മലബാര്‍ സമരനായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങിയചരിത്ര പുരുഷന്‍മാരെയും അവരോടു തോള്‍ ചേര്‍ന്നുനിന്ന 387 രക്തസാക്ഷികളെയും ചരിത്രത്തില്‍ നിന്നു പിണ്ഡം വച്ചു പടിയടക്കാമെന്നത് സംഘപരിവാരത്തിന്റെ ഉറകുത്തിയ വ്യാമോഹങ്ങളില്‍ ഒന്നുമാത്രമാണ്. ഐസിഎച്ച്ആര്‍ നിഘണ്ടു പുനപ്പരിശോധനാ സമിതി കണ്ടെത്തിയിരിക്കുന്നത് 1921ലെ മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമേ അല്ലെന്നാണ്. അത് മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന വെറും മതമൗലികവാദ കലാപമായിരുന്നുപോലും. അന്ന് മലബാര്‍ സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ ഒന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഒരുഭാഗത്ത് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം അമൃത് മഹോല്‍സവം എന്ന പേരില്‍ ആഘോഷിക്കുക. അതിന്റെ പോസ്റ്ററില്‍ നിന്നുപോലും സ്വാതന്ത്ര്യസമര സേനാനികൂടിയായ പ്രഥമ പ്രധാനമന്ത്രിയെ നീക്കി സവര്‍ക്കറെ കുടിയിരുത്തുക. മറുഭാഗത്ത് മഹത്തായ സമരചരിത്രത്തിലെ പ്രധാന ഏട് തന്നെ വെട്ടിത്തിരുത്തുക. ചരിത്രത്തെ നിരാകരിച്ച് ജനതയെ സ്മൃതിനാശം വന്ന സമൂഹമാക്കിമാറ്റാനുള്ള സംഘപരിവാര നീക്കം തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴിയാണ് ചരിത്ര നിരാസമെന്നാണ് അവര്‍ കരുതുന്നത്. ആര്‍എസ്എസ് നേതാവ് രാം മാധവ് പറഞ്ഞത് മലബാര്‍ സമരം ഇന്ത്യയില്‍ താലിബാന്‍ മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളില്‍ ഒന്നാണെന്നാണ്. അതിനവര്‍ മലബാര്‍ കലാപ 'ഇര'കളുടെ സംഗമമാണ് ഇപ്പോള്‍ സംഘടിപ്പിച്ചുവരുന്നത്. ആ വേദിയില്‍ ബ്രിട്ടീഷുകാരില്ലെങ്കില്‍ എങ്ങനെയാണ് ആര്‍എസ്എസ് പരിപാടി പൂര്‍ണമാവുക എന്ന ചോദ്യമുയരുക സ്വാഭാവികമാണ്. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമാണ് മലബാര്‍ സമരമെന്നാണ് ഐസിഎച്ച്ആര്‍ പാനല്‍ വിലയിരുത്തിയിരിക്കുന്നത്. സമരം വിജയിച്ചിരുന്നെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലായി ആ ഭാഗം ഇന്ത്യയ്ക്കു എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നുവെന്ന് ഇസ്‌ലാമോ ഫോബിയ സൃഷ്ടിക്കാനും പാനല്‍ മറന്നിട്ടില്ല. പാനല്‍ പറയുന്നത് ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നാണ്. വളരെ കുറഞ്ഞ ആളുകളെ മാത്രമാണ് വിചാരണക്കൊടുവില്‍ ഭരണകൂടം വധിച്ചതെന്ന് പറയുന്ന ഐസിഎച്ച്ആര്‍ പാനല്‍ ബ്രിട്ടീഷ് ഭരണകൂടത്തെ സ്വാതന്ത്ര്യസമര പോരാളികളേക്കാള്‍ കൂടുതല്‍ വിശ്വസിക്കുകയാണ്. മാലപ്പാട്ടുകളും പടപ്പാട്ടുകളും തക്ബീറുകളുമെല്ലാം സ്വാതന്ത്ര്യസമര പോരാട്ട മുദ്രാവാക്യങ്ങളായി മലബാറിന്റെ ആകാശത്ത് മുഴങ്ങിയതിനെ കുറിച്ചു ചിന്തിക്കാന്‍ ബ്രിട്ടീഷുകാരോളം പോലും സംഘപരിവാരത്തിന് സാധ്യമല്ല. കാരണം ബ്രിട്ടീഷ് വിധേയത്വം മാത്രമല്ല വംശീയവൈരവും സംഘപരിവാരത്തിന്റെ ഞരമ്പുകളിലുണ്ട്. അടിയുറച്ച ദൈവവിശ്വാസം മുദ്രാവാക്യമാക്കുന്നവര്‍ക്കേ മടലും വടിയും കൈക്കത്തിയുമെല്ലാം തോക്കിനെയും പീരങ്കിയെയും നേരിടാനുള്ള ആുധങ്ങളാക്കാന്‍ പറ്റൂ. പക്ഷേ, വാരിയംകുന്നത്ത് എന്തുകൊണ്ട് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് മലബാര്‍ സ്ഥാപിക്കാതെ മലയാള രാജ്യം സ്ഥാപിച്ചെന്ന് പറയാന്‍ സംഘപരിവാര നേതാക്കള്‍ക്ക് കഴിയില്ല. ഇസ്‌ലാമിക രാഷ്ട്ര നിര്‍മാണമായിരുന്നു വാരിയംകുന്നന്റെ ലക്ഷ്യമെങ്കില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് മലബാര്‍ സ്ഥാപിക്കാമായിരുന്നു. വാരിയം കുന്നത്ത് വധശിക്ഷ നടപ്പാക്കിയ ചേക്കുട്ടി പോലിസ് മുസ് ലിമായിരുന്നുവെന്ന് സംഘപരിവാരത്തിന് അറിയാമോ?. മലയാള രാജ്യത്ത് ആരും ആരെയും നിര്‍ബന്ധിച്ച് മതം മാറ്റരുതെന്നു നിമമുണ്ടായിരുന്ന വിവരം സംഘ പരിവാറുകാര്‍ക്ക് അറിയുമോ. ഇങ്ങനെ നൂറു ചോദ്യങ്ങള്‍ക്കുമുമ്പില്‍ നാണമുണ്ടെങ്കില്‍ തല കുനിച്ചുനില്‍ക്കേണ്ടതിനു പകരം വാഗണ്‍ കൂട്ടക്കൊല ഇരകളാരും സ്വാതന്ത്ര്യസമര രക്തസാക്ഷികളല്ല എന്ന പുതിയ നുണ എഴുന്നള്ളിച്ചു വന്നിരിക്കുകയാണ് ഐസിഎച്ച്ആറിന്റെ മൂന്നംഗ പുനഃപരിശോധനാ സമിതി വീണ്ടും.

മലബാറിലെ ബ്രിട്ടീഷ് ക്രൂരതയുടെഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമേതെന്ന ചോദ്യത്തിനള്ള ഉത്തരമാണ് വാഗണ്‍ കൂട്ടക്കൊല. ഇതിന്റെ ഇരകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ പെടുമ്പോഴേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന് പൂര്‍ണത ഉണ്ടാവൂ എന്ന് സാമാന്യചരിത്രബോധമുള്ള ആര്‍ക്കുമറിയാം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇരകള്‍ രക്തസാക്ഷികളാണെങ്കിലും അവരെ സ്വാതന്ത്ര്യ സമരസേനാനികളായി പരിഗണിക്കാനാവില്ലെന്നാണ് ഐസിഎച്ച്ആറിന്റെ വാദം. കലാപമുണ്ടാക്കിയതിനും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് ഐസിഎച്ച്ആറിന്റെ പുതിയ കണ്ടെത്തല്‍. അവര്‍ ഉണ്ടാക്കിയ കലാപവും നിര്‍ബന്ധിത മത പരിവര്‍ത്തന ശ്രമവും ദുരന്തത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യം വിട്ടുപോയ ബ്രിട്ടീഷുകാരുടെ ഷൂ പിറകെ ചെന്നു നക്കാനും ശുപാര്‍ശ കമ്മിറ്റി മറന്നിട്ടില്ല. ദേശീയതയോ, സ്വാതന്ത്ര്യമോ ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടില്ലെന്നും ഖിലാഫത്ത് ഭരണകൂടം ഉണ്ടാക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നുമാണ് ഐസിഎച്ച്ആര്‍ പറയുന്നത്. വാഗണ്‍ കൂട്ടക്കൊല എന്താണെന്ന് ഇന്ത്യാ ചരിത്രം വ്യക്തമായി പറഞ്ഞു വച്ചിട്ടുണ്ട്.

1921ലെ മലബാര്‍ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സേന നിരവധി പരെ അറസ്റ്റ് ചെയ്തു. ഇവരെ കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ നവംബര്‍ 19ന് തിരൂരില്‍ നിന്ന് ചരക്കുവാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയി. ബോഗികളില്‍ കൊള്ളുന്നതിലും അധികം ആളുകളെ കുത്തിനിറച്ചതിനാല്‍ ശ്വാസം കിട്ടാതെ 64 പേര്‍ പിടഞ്ഞു മരിച്ച സംഭവമാണ് വാഗണ്‍ കൂട്ടക്കൊല. മരിച്ചത് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കുന്നപ്പള്ളി അച്യുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍, റിസാക്കില്‍പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍, ചോലക്കപ്പറമ്പയില്‍ ചെട്ടിച്ചിപ്പു തുടങ്ങിയ ഹിന്ദുക്കള്‍ ഉള്‍പ്പെടെ 64 പേരാണ് ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. അവരുടെ ജീവത്യാഗം വെറുതെയായില്ല.

മലബാറിലെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ വാഗണ്‍ കൂട്ടക്കൊല പ്രകമ്പനവും വന്‍ ചര്‍ച്ചയുമായി. ഇതോടെ സംഭവം അന്വേഷിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ എ ആര്‍ നാപ്പ് ചെയര്‍മാനും മദിരാശി റിട്ട. പ്രസിഡന്‍സി മജിസ്‌ട്രേറ്റ് അബ്ബാസ് അലി, മണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. അന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ സര്‍ജന്റ് ആന്‍ഡ്രൂസ്, ഒരു പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെ പ്രതിയാക്കി മദിരാശി ഗവണ്‍മെന്റിന് കേസെടുക്കേണ്ടിയും വന്നു. പ്രതികളെ കോടതി വെറുതെ വിട്ടത് വേറെ ചരിത്രം. ആ രക്തസാക്ഷികളുടെ ഓര്‍മയ്ക്കയായി പിന്നീട് തിരൂര്‍ മുനിസിപ്പാലിറ്റി ടൗണ്‍ഹാളിന് ആ പേരുപോലും നല്‍കി. ടൗണ്‍ഹാളില്‍ വാഗണിന്റെ മാതൃകയും സ്ഥാപിച്ചു. മുമ്പൊരിക്കല്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വാഗണ്‍ കൂട്ടക്കൊലയുടെ ചുമര്‍ചിത്രങ്ങള്‍ നീക്കിയ അധികൃതരുടെ നടപടി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദേശാഭിമാനികളുടെയും രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും മനസ്സകങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിനിറങ്ങിയ വീര പോരാളികളെയും ധീര രക്തസാക്ഷികളെയും കുറിച്ചുള്ള ഉജ്ജ്വലമായ ഓര്‍മകള്‍ മായാതെ, മങ്ങാതെ തെളിഞ്ഞു തന്നെ നില്‍ക്കുന്നതു കൊണ്ടാണ് ഇത്തരം പ്രതിഷേധങ്ങളും ഉടലെടുക്കുന്നത്. സംഘപരിവാര ദാസ്യമാണ് ചരിത്ര ഗവേഷണമെന്ന് കരുതുന്ന വിവരദോഷികള്‍, രക്തസാക്ഷിപ്പട്ടികയില്‍നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ പേരുകള്‍ വെട്ടിമാറ്റിയാല്‍ ചരിത്ര സത്യങ്ങളെ ഇരുളിന്റെ ഇടനാഴികളിലേക്കു മാറ്റി നിര്‍ത്താമെന്നും മറവിയുടെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താമെന്നും വിചാരിക്കുന്നുവെങ്കില്‍ അവരാണ്, അവര്‍ തന്നെയാണ് മഹാവിഡ്ഢികള്‍.

ICHR's act is a delusion of history

Next Story

RELATED STORIES

Share it