Editorial

സ്റ്റാന്‍ സ്വാമിയുടേത് രക്തദാഹം പൂണ്ട ഭരണകൂടം നടത്തിയ നിഷ്ഠൂര കൊല

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നീതീകരണമില്ലാത്ത നീതി നിഷേധത്തിന്റെ ഫലമായാണ് സ്റ്റാന്‍ സ്വാമി ശ്വാസം മുട്ടി പിടഞ്ഞു മരിച്ചത്.

സ്റ്റാന്‍ സ്വാമിയുടേത് രക്തദാഹം പൂണ്ട ഭരണകൂടം നടത്തിയ നിഷ്ഠൂര കൊല
X

അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി ജനസമൂഹത്തിനു വേണ്ടി ശബ്ദിച്ച ഫാ. സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണമടഞ്ഞ വാര്‍ത്ത ഞെട്ടലോടെയും വേദനയോടെയുമാണ് ജൂലൈ 5 ന്റെ അപരാഹ്നത്തില്‍ രാജ്യം ശ്രവിച്ചത്. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി കേള്‍ക്കാനിരിക്കെ ജാമ്യം വേണ്ടാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി. അധസ്ഥിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ ഒരു മനുഷ്യസ്‌നേഹി രക്തസാക്ഷിയായി ചരിത്രത്തില്‍ അടയാളപ്പെടുന്നത് നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവര്‍ക്ക് നിശ്ചയമായും ആവേശവും പ്രചോദനവുമാവുമെങ്കിലും ഈ സ്ഥാപനവല്‍കൃത കൊലപാതകം ഉയര്‍ത്തുന്ന നൈതിക പ്രശ്‌നങ്ങളോട് വിഹ്വലതയോടെയും വിക്ഷോഭത്തോടെയും മാത്രമേ നമുക്കു പ്രതികരിക്കാനാവൂ. രക്തദാഹം പൂണ്ട ഭരണകൂടം നടത്തിയ നിഷ്ഠുര കൊലയാണിത്.

2020 ഒക്ടോബര്‍ 8നാണ് ഭീമാ കൊറേഗാവ് കേസില്‍ അന്യായമായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. എന്‍ഐഎ കോടതിയില്‍ നിരന്തരം നല്‍കിക്കൊണ്ടിരുന്ന ജാമ്യാപേക്ഷകള്‍ നീതിപീഠത്തിന്റെ കരളലിയിച്ചില്ല. നിസ്വരായ ജനതയ്ക്കു വേണ്ടി നിസ്വാര്‍ഥമായി പ്രയത്‌നിച്ചിരുന്ന ആ വയോവൃദ്ധന് തരിമ്പും നീതി ലഭിച്ചില്ല. കൊവിഡ് ബാധയും പാര്‍ക്കിന്‍സണ്‍ രോഗവുമടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശത പേറിയിരുന്ന 84കാരനായ സ്റ്റാന്‍ സ്വാമിയെ അത്യാസന്ന ഘട്ടത്തിലാണ് തടവില്‍ ചികില്‍സിക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചത്. വെന്റിലേറ്ററില്‍ ഊര്‍ധ്വ ശ്വാസം വലിച്ചു കിടന്നിരുന്നത് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളുമാണെന്ന് തങ്ങളുടെ കാര്‍മികത്വത്തില്‍ സംഭവിച്ച നിന്ദ്യമായ ഈ കൊലപാതകത്തിനു ശേഷമെങ്കിലും നീതിപീഠം തിരിച്ചറിയാന്‍ ശ്രമിക്കുമോ എന്ന ഒറ്റച്ചോദ്യമാണ് ഇപ്പോള്‍ രാജ്യമെങ്ങും ഉയരേണ്ടത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നീതീകരണമില്ലാത്ത നീതി നിഷേധത്തിന്റെ ഫലമായാണ് സ്റ്റാന്‍ സ്വാമി ശ്വാസം മുട്ടി പിടഞ്ഞു മരിച്ചത്. മരണം മുന്നിലെത്തിയെന്ന് ഉറപ്പിച്ച ആ മനുഷ്യന്‍, തന്നെ മരിക്കാനായെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ ചാരത്തെത്താന്‍ ജാമ്യം നല്‍കൂ എന്നു കോടതിയോടു കെഞ്ചിയിട്ടും ആ മനുഷ്യന്റെ നീതിക്കു വേണ്ടിയുള്ള നിലവിളികള്‍ നീതി പീഠത്തിന്റെ ബധിര കര്‍ണങ്ങളില്‍ ഒടുങ്ങുകയായിരുന്നു. ഇവിടെ അടിഞ്ഞു തകരുന്നത് പൗരന് ജീവിക്കാനുള്ള അവകാശം വകവച്ചു നല്‍കുന്ന ഭരണഘടനയുടെ അസ്തിവാരമാണ്. ആടിയുലയുന്നത് അവസാനത്തെ അത്താണിയായി പൗരന്മാര്‍ അവലംബിക്കുന്ന നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ്. ആഘാതമേല്‍ക്കുന്നത് റിപബ്ലിക് ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങള്‍ക്കാണ്.

ജാര്‍ഖണ്ഡിലെ ബെഗൈച്ചയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു ജസ്യൂട്ട് പാതിരി കൂടിയായ ഫാദര്‍ സ്റ്റാന്‍ ലൂര്‍ദ് സ്വാമി. മാവോവാദി ബന്ധം ആരോപിച്ചാണ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സ്വാമിയെ അറസ്റ്റ് ചെയ്തത്. അന്നദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ചോരക്കൊതി പൂണ്ട ഒരു ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ചുരുള്‍ നിവര്‍ത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍നിന്ന് കണ്ടെത്തിയതായി പറയുന്ന രേഖകള്‍ താന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും താന്‍ അവയൊന്നും കംപ്യൂട്ടറില്‍ ശേഖരിച്ചിട്ടില്ലെന്നുമാണ്. കൃത്രിമമായി എന്‍ഐഎ നിര്‍മിച്ചെടുത്ത തെളിവുകളാണിതെല്ലാം. ഇതേ രീതി, ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിയായ ഡോ. ഹാനി ബാബുവിന്റെ കാര്യത്തിലും എന്‍ഐഎ അനുവര്‍ത്തിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഹാരിഷും ഒരു ക്ലബ് ഹൗസ് ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ഖനിമാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും വേണ്ടി വിടുപണി ചെയ്യുന്ന നരേന്ദ്ര മോദിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ എന്നന്നേക്കുമായി നിശ്ശബ്ദമാക്കേണ്ടതുണ്ട്. മലയാളികളായ ഹാനി ബാബുവും റോണാവില്‍സനുമടക്കം വരവരറാവുവും ആനന്ദ് തെല്‍തുംദേയും സുധാ ഭരദ്വാജും വരെയുള്ള ആക്ടിവിസ്റ്റുകളും അക്കാദമികരും ബുദ്ധിജീവികളുമായ 16 പേരെ ഭീമാ കൊരേഗാവ് കേസില്‍ പെടുത്തി മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ തള്ളിയിരിക്കുന്നതിനും പിന്നിലും ഇതേ താല്‍പ്പര്യമാണ്.

അതെ ഇതൊരു സ്ഥാപനവല്‍കൃത കൊലപാതകമാണ്. ഭരണകൂടത്തിന്റെ നിര്‍ദ്ദയമായ നരഹത്യയാണ്. ജുഡീഷ്യല്‍ കൊലയാണ്. എന്‍ഐഎ എന്ന ഏജന്‍സിയുടെ മനുഷ്യാവകാശ നിഷേധത്തിന്റെ ഇരയാണ് സ്റ്റാന്‍ സ്വാമി. യുഎപിഎ എന്ന ഭീകര നിയമത്തിന്റെ രക്തസാക്ഷിയാണ് അദ്ദേഹം. യുഎപിഎ പ്രകാരം ഇതുവരെ ശിക്ഷിക്കപ്പെട്ടത് 2.2 ശതമാനം മാത്രമാണ്. യുഎപിഎ ചുമത്തപ്പെട്ടവര്‍ ഏതാണ്ടെല്ലാം തന്നെ നിരപരാധികളായിരുന്നു എന്നാണ് ഇതിനര്‍ഥം. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് രാജിനു കീഴില്‍ കൊണ്ടുവന്ന റൗലറ്റ് ആക്ടിനു തുല്യമാണ്, പോരാ അതിലേറെ അപകടകരമാണ് യുഎപിഎ. വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും ഭയപ്പെടുന്ന ജനവിരുദ്ധ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ഡീപ് സ്‌റ്റേറ്റ് ഭരണം കൊണ്ടാടുന്നതിനുള്ള ഭീകര നിയമമാണിത്. ജയിലല്ല, ജാമ്യമാണ് നിയമമെന്ന സാമാന്യ നിയമതത്ത്വത്തെ നിഷ്പ്രഭമാക്കുന്ന വകുപ്പുകളാണ് യുഎപിഎയുടേത്.

മഹാമാരിയായ കൊവിഡ് പകര്‍ച്ചയ്ക്കിടയിലും അനുദിനം വഷളായിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരു വൃദ്ധനെ നിര്‍ദാക്ഷിണ്യം കൊലയ്ക്കു കൊടുത്ത ഈ ഭീകരനിയമത്തിനും ഭരണകൂട സമീപനത്തിനും തിരുത്തു കുറിക്കാന്‍ കൂട്ടായ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കൊടുങ്കാറ്റ് തന്നെ രൂപപ്പെട്ടു വരേണ്ടതുണ്ട്. അല്ലെങ്കില്‍ ഇനിയും സ്റ്റാന്‍ സ്വാമിമാര്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.

Next Story

RELATED STORIES

Share it