- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സയണിസ്റ്റ് സൈന്യം ലക്ഷ്യംവയ്ക്കുന്നത് ഫലസ്തീന്‍ കുട്ടികളെ
രണ്ടു വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോയ ഉമര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഉമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഖലന്തിയയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ എത്തണമെന്നും ആവശ്യപ്പെട്ട് അന്നു രാത്രി പിതാവ് സമീര്‍ മഹമൂദ് അല്‍ റിമാവിക്ക് ഇസ്രായേല്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ ഫോണ്‍ വന്നു. എന്നാല്‍, അവര്‍ എവിടെയാണെന്നു വ്യക്തമാക്കുന്നതിനു മുമ്പ് ഫോണ്‍ കട്ടായി.
ടി മുംതാസ്
വെസ്റ്റ്ബാങ്കിലെ റാമല്ല സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഉമര്‍ അല്‍ റിമാവി പഠനത്തില്‍ മിടുക്കനായിരുന്നു. മികച്ച ഫുട്‌ബോളറും നീന്തലുകാരനും കരാത്തെ അഭ്യാസിയുമായ അവനെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ സ്വപ്‌നം. എന്നാല്‍, ഇന്ന് അഴികള്‍ക്കുള്ളില്‍ കഴിയുന്ന മകന്റെ ഫോട്ടോയില്‍ നോക്കി നെടുവീര്‍പ്പിടാനാണു മാതാപിതാക്കളുടെ ദുര്യോഗം. രണ്ടു വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോയ ഉമര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഉമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഖലന്തിയയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ എത്തണമെന്നും ആവശ്യപ്പെട്ട് അന്നു രാത്രി പിതാവ് സമീര്‍ മഹമൂദ് അല്‍ റിമാവിക്ക് ഇസ്രായേല്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ ഫോണ്‍ വന്നു. എന്നാല്‍, അവര്‍ എവിടെയാണെന്നു വ്യക്തമാക്കുന്നതിനു മുമ്പ് ഫോണ്‍ കട്ടായി.
മകനും സുഹൃത്ത് അയ്മന്‍ അല്‍ സബാഹിനും റാമല്ലയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് വെടിയേറ്റതായി മിനിറ്റുകള്‍ക്കകം ഇസ്രായേലി ചാനലില്‍ വാര്‍ത്തവന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് 14 വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തത്. ആറുദിവസം കഴിഞ്ഞ് സമീര്‍ മകനെ കണ്ടുമുട്ടുമ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു. കാവലിന് ആയുധധാരികളായ മൂന്നു സൈനികരും. നെഞ്ചിലും നട്ടെല്ലിലും കൈയിലുമായി മൂന്നു വെടിയുണ്ടകള്‍ അവന്റെ ദേഹത്ത് തുളഞ്ഞുകയറിയിരുന്നു. രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന ഉമറിനു മേല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇതുപോലെ ബാല്യം ഹോമിക്കപ്പെട്ട 300ലധികം കുട്ടികള്‍ ഇസ്രായേല്‍ തടവറകളില്‍ കഴിയുന്നുണ്ട്. ഫലസ്തീന്‍ മണ്ണില്‍ പ്രധാനമായും കുട്ടികളെ ലക്ഷ്യംവയ്ക്കുന്ന സയണിസ്റ്റ് സൈന്യം തടവറകള്‍ക്കുള്ളില്‍ അവര്‍ക്കെതിരേ അഴിച്ചുവിടുന്നത് ക്രൂരവും പൈശാചികവുമായ പീഡനമുറകളാണ്. ഫലസ്തീനികളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ വച്ച് ഇടിച്ചുനിരത്തി വിദേശി യഹൂദര്‍ക്കായി പാര്‍പ്പിടസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കുന്ന ഇസ്രായേല്‍ പട്ടാളം തടവറകളില്‍ കുട്ടികളെ പീഡിപ്പിക്കാന്‍ വേട്ടനായ്ക്കളെയും ഉപയോഗിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്ന യാഥാര്‍ഥ്യമാണ്.
അറസ്റ്റ് ചെയ്യപ്പെടുന്ന കുട്ടികളെ ചോദ്യംചെയ്യലിന്റെ ഭാഗമായി സെല്ലുകളിലിട്ട് അതിലേക്ക് നായ്ക്കളെ അഴിച്ചുവിട്ടു കടിയേല്‍പ്പിക്കുകയാണ് ഇസ്രായേല്‍ സൈനികരുടെ പ്രധാന ക്രൂരവിനോദങ്ങളിലൊന്ന്. ഈജിപ്തില്‍ പട്ടാളഭരണാധികാരി അല്‍സീസി, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകര്‍ക്കെതിരേയും സിഐഎ ഗ്വണ്ടാനമോ തടവറകളിലും ഇത്തരം പീഡനമുറകള്‍ പ്രയോഗിക്കുന്നതായി വിവരമുണ്ടെങ്കിലും കുട്ടികള്‍ക്കു നേരെ നായ്ക്കളെ അഴിച്ചുവിടുന്നത് ആദ്യമായിരിക്കും. മാത്രമല്ല, ടാങ്കുകള്‍ക്ക് മനുഷ്യകവചങ്ങളായും തടവറകളില്‍ കഴിയുന്ന കുട്ടികളെ ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ ഇളംതലമുറകള്‍ക്കു നേരെ നടപ്പാക്കുന്ന, മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു തദാമൂന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപോര്‍ട്ട്. കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത കാംപയിനില്‍ അവതരിപ്പിച്ച 'നീതിക്കുവേണ്ടി കാത്തിരിക്കുന്ന ഇര' എന്ന റിപോര്‍ട്ടില്‍ ഇസ്രായേല്‍ തടവറകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രാകൃതമായ പീഡനമുറകളും അവകാശനിഷേധങ്ങളും വ്യക്തമാക്കുന്നുണ്ട്.
സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്ന വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ഭൂരിഭാഗം കുട്ടികളെയും കൊടുംകുറ്റവാളികളെപ്പോലെ ഏകാംഗ തടവറകളിലാണു പാര്‍പ്പിക്കുന്നത്. മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കും അവരെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിക്കുന്നു.
രാജ്യാന്തരതലത്തില്‍ തന്നെ അപൂര്‍വമായ രീതിയിലുള്ള ശിക്ഷകളാണ് ഇസ്രായേല്‍ സൈനിക കോടതി ഫലസ്തീനി കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. ജീവപര്യന്തം തടവു വരെ. 15 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നു കുട്ടികളും തടവറകളിലുണ്ട്.
സര്‍വായുധ സന്നാഹങ്ങളുമായി ഇറങ്ങുന്ന തങ്ങളുടെ സൈന്യത്തെ കല്ലും വടിയുംകൊണ്ട് നേരിടുന്ന ഫലസ്തീനി ഇളംതലമുറ സയണിസ്റ്റ് ഭരണകൂടത്തിന് എന്നും വലിയ തലവേദനയാണ്. ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ നെഞ്ചുവിരിച്ചുനില്‍ക്കുന്ന അവരുടെ ആത്മവീര്യത്തെ തല്ലിക്കെടുത്താനാണ് പീഡനമുറകളിലൂടെ സയണിസം ശ്രമിക്കുന്നത്.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍പ്പറത്തി പതിനായിരക്കണക്കിന് ഫലസ്തീനി കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം ഇതിനകം അറസ്റ്റ് ചെയ്തത്. 2000നും 2018നും ഇടയില്‍ 11,000ലധികം കുട്ടികളെ അധിനിവേശ ഫലസ്തീനില്‍ നിന്നു പിടികൂടി ജയിലിലിട്ടതായാണു കണക്ക്. ഈ വര്‍ഷം മാത്രം 900ലധികം ഫലസ്തീനി കുട്ടികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരുവര്‍ഷം ശരാശരി 500നും 700നും ഇടയില്‍ ഫലസ്തീനി കുട്ടികളെ അറസ്റ്റ് ചെയ്യുന്ന സയണിസ്റ്റ് സൈന്യം അതിനെ നല്ല വരുമാനമാര്‍ഗംകൂടിയായാണു കാണുന്നത്. അറസ്റ്റിലാവുന്ന ഓരോ കുട്ടിയില്‍ നിന്നും 1000 മുതല്‍ 6000 വരെ ഇസ്രായേലി ഷെക്കല്‍ ആണ് പിഴ ഈടാക്കുന്നത്. ഇതിലും കൂടുതല്‍ പിഴയിടുന്ന കേസുകളുമുണ്ട്.
നിലവില്‍ 300 ഫലസ്തീനി കുട്ടികളാണ് ഇസ്രായേല്‍ ജയിലുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. ഹൈസ്‌കൂള്‍ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് വാങ്ങിയ നൂറാന്‍ ആണ് ഇവരിലൊരാള്‍. കല്ലേറ് ആരോപിച്ചാണ് നൂറാനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ബന്ധു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇന്ന് 13 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരിക്കുകയാണു നൂറാന്‍.
യുഎന്നിന്റെ കുട്ടികളുടെ അവകാശ സംരക്ഷണ കരാറില്‍ ഒപ്പിട്ട രാജ്യമാണ് ഇസ്രായേല്‍. എന്നാല്‍, ഫലസ്തീനി കുട്ടികളുടെ കാര്യത്തില്‍ ഇസ്രായേലിന് ഇതൊന്നും ബാധകമല്ല. കുട്ടികളെ സമ്മര്‍ദത്തിലാക്കി കുറ്റസമ്മതം നടത്തിക്കരുതെന്നും അന്വേഷണത്തിന്റെ അന്തിമ നടപടിയായി മാത്രമേ അവരെ അറസ്റ്റ് ചെയ്യാവൂ എന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ അറസ്റ്റ് ചെയ്യുന്നതും കരാര്‍ലംഘനമാണെന്നിരിക്കെയാണ് ഇസ്രായേല്‍ ഭരണകൂടം ഫലസ്തീന്‍ബാല്യങ്ങളെ നിഷ്‌കരുണം ജയിലിലടയ്ക്കുന്നത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഭരണകൂടങ്ങള്‍ കുട്ടികളെ അവരില്‍ നിന്നു മാറ്റിനിര്‍ത്തരുതെന്ന ചട്ടവും ഇസ്രായേല്‍ സൈന്യം ലംഘിക്കുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യംചെയ്യാവൂ എന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.
മാതാവ് തടവറയിലാണെങ്കില്‍ കുഞ്ഞുങ്ങളെ അവരുടെ കൂടെ നിര്‍ത്തണമെന്നാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ചട്ടം. എന്നാല്‍, ഇസ്രായേലി തടവറകള്‍ക്കുള്ളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ രണ്ടു വയസ്സു വരെ മാത്രമേ മാതാവിന്റെ കൂടെ കഴിയാന്‍ അനുവദിക്കൂ. അതിനു ശേഷം അവരെ മാതാവില്‍ നിന്ന് അകറ്റും.
ഫലസ്തീനി യുവാക്കളുടെയും ബാല്യങ്ങളുടെയും പ്രതിരോധത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്നതരത്തിലുള്ള നിയമങ്ങളാണ് ഇസ്രായേല്‍ തയ്യാറാക്കിയിരിക്കുന്നത്. അധിനിവേശ നിയമപ്രകാരം 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണ്. പ്രായവ്യത്യാസമില്ലാതെ ഫലസ്തീനികളെ പിടികൂടി മൂന്നാഴ്ച വരെ കോടതിയില്‍ ഹാജരാക്കുകയോ അഭിഭാഷകരെ കാണാന്‍ അനുവദിക്കുകയോ ചെയ്യാതെ തടവില്‍ പാര്‍പ്പിക്കാനും സൈന്യത്തിന് അധികാരമുണ്ട്.
ഇസ്രായേലില്‍ തദ്ദേശീയരായ കുട്ടികള്‍ക്ക് പ്രത്യേക വിചാരണാരീതിയാണ് അവലംബിക്കുന്നതെങ്കിലും ഫലസ്തീനി ബാല്യങ്ങളുടെ വിചാരണ നടത്തുന്നത് പട്ടാള കോടതിയിലാണ്. കൈയാമം വച്ച് കോടതിയില്‍ ഹാജരാക്കപ്പെടുന്ന കുട്ടികളോട് ജഡ്ജിമാര്‍പോലും ക്രൂരമായാണു പെരുമാറുക.
കല്ലേറുകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന കുട്ടികളെയും യുവാക്കളെയും ചോദ്യംചെയ്യാനായി ജറുസലേമിലെ ജബല്‍ അല്‍ മുകാബിറില്‍ ഓസ് എന്ന പേരില്‍ പ്രത്യേക തടങ്കല്‍കേന്ദ്രം തന്നെ ഇസ്രായേല്‍ നിര്‍മിച്ചിട്ടുണ്ട്. കൈകള്‍ പിന്നിലേക്കു കൂട്ടിക്കെട്ടി, കണ്ണ് മൂടിക്കെട്ടി സൈനികവാഹനത്തില്‍ ഇവിടെയെത്തിക്കുന്ന കുട്ടികളെ രാത്രി മങ്ങിയ നീലവെളിച്ചത്തിലാണ് ചോദ്യംചെയ്യുക. രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും.
മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുട്ടികളെക്കൊണ്ട് വ്യാജ കുറ്റപത്രങ്ങളില്‍ ഒപ്പുവയ്പിക്കുകയും വീട്ടിലെ മുതിര്‍ന്ന സഹോദരങ്ങള്‍ക്കും മറ്റുമെതിരേ മൊഴിനല്‍കാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീനികളുടെ ഔദ്യോഗിക ഭാഷ അറബിയാണെന്നിരിക്കെ അവര്‍ക്കറിയാതെ ഹീബ്രുവില്‍ എഴുതിയ കുറ്റപത്രത്തിലാണു കുട്ടികളെക്കൊണ്ട് ഒപ്പുവയ്പിക്കുന്നത്.
മൈതാനങ്ങളില്‍ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തും ഗ്രനേഡ് എറിഞ്ഞും അവരെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുകയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പതിവു രീതി. വെടിയൊച്ച കേള്‍ക്കുമ്പോള്‍ കുട്ടികള്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. ഇതിന്റെ പേരില്‍ സൈന്യത്തെ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കുട്ടികളെ പിടികൂടുക. പാതിരാത്രിയില്‍ വീടുകള്‍ വളഞ്ഞ് റെയ്ഡ് നടത്തി ഉറങ്ങിക്കിടക്കുന്ന കുട്ടികളെ സൈന്യം പിടിച്ചുകൊണ്ടുപോവുന്നത് അധിനിേവശ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണെന്ന് ഫലസ്തീനി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
കൗമാരക്കാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയുടെ അറസ്റ്റ് ലോകമാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം നേടിയിരുന്നു. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഫലസ്തീനില്‍ നടന്ന പ്രക്ഷോഭത്തിനിടെ തന്റെ ബന്ധുവായ 12 വയസ്സുകാരന്റെ മുഖത്തേക്ക് റബര്‍ ബുള്ളറ്റ് പ്രയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ഇസ്രായേല്‍ സൈനികനെ ചോദ്യംചെയ്യുകയും മുഖത്തടിക്കുകയും ചെയ്തതായിരുന്നു അഹദ് തമീമി ചെയ്ത കുറ്റം. എട്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ച അഹദില്‍ നിന്ന് 5000 ഷെക്കല്‍ പിഴയും ഈടാക്കി.
കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കുകയും വിദ്യാഭ്യാസം അവതാളത്തിലാക്കുകയുംകൂടിയാണ് സയണിസ്റ്റ് ഭരണകൂടം ലക്ഷ്യമിടുന്നത്. വെസ്റ്റ് ബാങ്കിലെ ഹെബ്രണില്‍ ഇസ്രായേല്‍ ചെക്‌പോയിന്റ് കടന്നു വേണം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തണമെങ്കില്‍. രാവിലെ സ്‌കൂളിലേക്കു പോവുന്ന ഫലസ്തീനി വിദ്യാര്‍ഥികള്‍ക്കു നേരെ യാതൊരു കാരണവുമില്ലാതെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കു നേരെ മാത്രമല്ല, അവരുടെ സ്‌കൂളുകള്‍ക്കു നേരെയും ഇസ്രായേല്‍ അക്രമം നടത്തുന്നു. വെസ്റ്റ് ബാങ്കിലെ 50ലധികം നഴ്‌സറി സ്‌കൂളുകളാണ് അധിനിവേശ ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്നത്.
ഗസ സംഘര്‍ഷത്തിനിടെ 2000-2017 വര്‍ഷങ്ങളില്‍ 2000 ഫലസ്തീനി കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 514 പേര്‍ എട്ടുവയസ്സില്‍ താഴെയുള്ളവരായിരുന്നു. 2014 ഗസാ യുദ്ധത്തില്‍ കൊല്ലപ്പെട്ട 546 പേരില്‍ 248ഉം കുട്ടികളായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ ഫലസ്തീന്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഫലസ്തീനി കുട്ടികള്‍ക്കെതിരായ സയണിസ്റ്റ് അതിക്രമത്തെ നിരവധി തവണ അപലപിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി, എതിര്‍പ്പുകളെ അവഗണിച്ച് ഇസ്രായേല്‍ സൈന്യം തങ്ങളുടെ ക്രൂരതകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
RELATED STORIES
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMT