Articles

യുഎപിഎ: കാപട്യത്തിന്റെ വ്യവസ്ഥാപിത ഇടത് മാതൃക

രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ എന്‍ഐഎയുടെ അന്വേഷണത്തിലിരിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ആകെ 14 യുഎപിഎ കേസുകളാണ് ആ സമയത്ത് എന്‍ഐഎയുടെ അന്വേഷണത്തിലുണ്ടായിരുന്നത്. മറ്റൊരു കണക്കനുസരിച്ച് എന്‍ഐഎയുടെ കൈവശമിരിക്കുന്ന കേസുകള്‍ 2013ല്‍തന്നെ 16 എണ്ണമുണ്ട്. കശ്മീരില്‍ 4, മണിപ്പൂരില്‍ 7, ഛത്തീസ്ഗഢ് 2, ആന്ധ്രാപ്രദേശ് 6, ജാര്‍ഖണ്ഡ് 2, അസം 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.

യുഎപിഎ: കാപട്യത്തിന്റെ വ്യവസ്ഥാപിത ഇടത് മാതൃക
X

യുഎപിഎ നിയമത്തിനെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധവാരത്തിന്റെ ഭാഗമായി കേരളത്തിലും ഒരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നാണ് ആഗസ്ത് 20 മുതല്‍ 26 വരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ഇത് ഒരുഭാഗത്ത് യുഎപിഎ നിയമത്തിനെതിരേ ഘോരമായി പ്രചാരമഴിച്ചുവിടുന്ന സിപിഎം മറുഭാഗത്ത് സര്‍ക്കാരിന്റെ ഭാഗമായി അതേ നിമയത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിവിട്ടു.

പന്തീരാങ്കാവ് മാവോവാദി കേസിലെ അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖറാണ് ഏറ്റവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. കൊവിഡ് കാലത്തെ ഏറ്റവും വലിയ തമാശയാണ് ഇതെന്നായിരുന്നു അവര്‍ പോസ്റ്ററിനു താഴെ കമന്റ് ചെയ്തത്. സിപിഎം പാര്‍ട്ടി അംഗങ്ങളായിട്ടുപോലും മാവോവാദി ആശയങ്ങളുടെ അനുയായികളായി പോവുമോ എന്ന സംശയമാണ് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎയിലേക്കും പിന്നീട് എന്‍ഐഎയെ പോലുളള ഒരു നിഗുഢ ഏജന്‍സുടെ കസ്റ്റഡിയിലേക്കും തള്ളിവിട്ടത്.

മാവോവാദി ലഘുലേഖകള്‍ കൈവശംവച്ച കുറ്റത്തിന് വിദ്യാര്‍ഥികളായ ഇവരെ കേസില്‍ കുടുക്കരുതെന്ന് ഉപദേശിച്ച സിപിഎം കേന്ദ്രനേതൃത്വത്തെത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കിലെടുത്തില്ല എന്നത് ഇതരചിന്തകളോടും ആശയങ്ങളോടും അധികാരം എത്ര സങ്കുചിതമായി ചിന്തിക്കുന്നുവെന്ന് മാത്രമല്ല, ഇടത് നേതൃത്വങ്ങള്‍ ഈ അധികാരവ്യവസ്ഥയില്‍ വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ യുഎപിഎയുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പിനെ വിമര്‍ശനവിധേയമാക്കേണ്ടത് രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനാധിപത്യശക്തികളുടെ കടമയാണ്.

കൊറോണ കാലത്തിന് തൊട്ടുമുമ്പ് പതിനാലാം നിയമസഭയുടെ ഇക്കഴിഞ്ഞ പത്തൊമ്പതാം സമ്മേളനത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരു ചോദ്യം ഉന്നയിച്ചു: ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര യുഎപിഎ കേസുകളാണ് ചുമത്തിയത്? ഏതൊക്കെ കേസുകളിലാണ് യുഎപിഎ ചുമത്തിയത്? വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. കൂട്ടത്തില്‍ അതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.

കുറച്ചുവര്‍ഷം മുമ്പ് സിപിഎം നേതാവും രാജ്യസഭാംഗവുമായ കെ കെ രാഗേഷ് ഇതുപോലൊരു ചോദ്യം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യുഎപിഎ പ്രകാരം വിവിധ ജയിലുകളില്‍ കഴിയുന്ന മുസ്ലിംകളുടെ എണ്ണം എന്നിവ നല്‍കാനായിരുന്നു രാഗേഷ് ആവശ്യപ്പെട്ടത്. 2016 ഫെബ്രുവരി 24ന് സര്‍ക്കാര്‍ മറുപടി നല്‍കി.

യുഎപിഎ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന പോലിസുമാണ് അന്വേഷിക്കാറുള്ളതെന്നും സംസ്ഥാന പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി സൂക്ഷിക്കാറില്ലെന്നും മതാടിസ്ഥാനത്തില്‍ പ്രതികളുടെ പട്ടികയും സൂക്ഷിക്കാറില്ലെന്നും മറുപടി നല്‍കി. അതേസമയം, എന്‍ഐഎയുടെ അന്വേഷണത്തിലിരിക്കുന്ന യുഎപിഎ കേസുകളുടെ കണക്കുകള്‍ പട്ടിക തിരിച്ച് നല്‍കുകയുണ്ടായി.

അതനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ എന്‍ഐഎയുടെ അന്വേഷണത്തിലിരിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ആകെ 14 യുഎപിഎ കേസുകളാണ് ആ സമയത്ത് എന്‍ഐഎയുടെ അന്വേഷണത്തിലുണ്ടായിരുന്നത്. മറ്റൊരു കണക്കനുസരിച്ച് എന്‍ഐഎയുടെ കൈവശമിരിക്കുന്ന കേസുകള്‍ 2013ല്‍തന്നെ 16 എണ്ണമുണ്ട്. കശ്മീരില്‍ 4, മണിപ്പൂരില്‍ 7, ഛത്തീസ്ഗഢ് 2, ആന്ധ്രാപ്രദേശ് 6, ജാര്‍ഖണ്ഡ് 2, അസം 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍. ഈ കണക്കുകള്‍ നമുക്ക് ചില സൂചനകള്‍ നല്‍കുന്നു.

എന്തുകൊണ്ടാണ് 2008 ല്‍ യുഎപിഎ നിയമം ഭേദഗതിയോടെ പ്രബല്യത്തില്‍ വന്നതിനുശേഷം കേരളത്തില്‍ യുഎപിഎ കേസുകളുടെ ഒരു കുത്തൊഴുക്കുണ്ടായത് എന്നത് നാം വച്ചുപുലര്‍ത്തുന്ന ജനാധിപത്യബോധവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. മുകളിലെ കണക്കുകള്‍ എന്‍ഐഎ അന്വേഷിക്കുന്ന യുഎപിഎ കേസിന്റെ കാര്യമാണെങ്കില്‍ മൊത്തം യുഎപിഎ കേസുകളുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. ഒരു കണക്കനുസരിച്ച് 2014-18 കാലത്ത് 150ഓളം യുഎപിഎ കേസുകളാണ് കേരളത്തില്‍ ചുമത്തിയത്.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിനുശേഷം രണ്ടുവര്‍ഷത്തിനുളളില്‍ 82 കേസുകളില്‍ കൂടെ യുഎപിഎ ചുമത്തി. 2019 ലും ഇപ്പോള്‍ 2020ലും എത്ര കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്ന കാര്യം നേരത്തെ ഷാനിമോള്‍ ഉസ്മാനു നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. അത്തരം കണക്കുകള്‍ പോലും സര്‍ക്കാര്‍ സൂക്ഷിച്ചിട്ടില്ല. യുഎപിഎ കേസുകളോടുളള സര്‍ക്കാരുകളുടെ നിസ്സംഗമനോഭാവത്തിന് തെളിവാണിത്. അങ്ങനെയൊരു സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മാണ് അഖിലേന്ത്യാ പ്രതിഷേധവാരാചരണവുമായി രംഗത്തുവന്നിരിക്കുന്നത്. അലന്റെ അമ്മയുടെ പ്രതിഷേധവും പരിഹാസവും അസ്ഥാനത്തല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യുഎപിഎയുടെ കാര്യത്തില്‍ ഇടതുപക്ഷം പുലര്‍ത്തുന്ന കാപട്യം അമ്പരപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്സുമായി ഇതിനെ വേര്‍തിരിച്ചുകാണേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് എല്ലാ കാലത്തും യുഎപിഎയുടെ വക്താക്കളാണ്, ആയിരുന്നു. ആ നിയമം കൊണ്ടുവരുന്നതും പിന്നീട് അതിനെ ശക്തിപ്പെടുത്തുന്നതിന് എന്‍ഐഎ നിയമം രൂപപ്പെടുത്തുന്നതിലും അവരുടെ പങ്ക് എടുത്തുപറയേണ്ട കാര്യം പോലുമില്ല. അതേസമയം, ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ശ്രദ്ധിക്കപ്പെടാതെ പോവരുത്. ഇരയോടൊപ്പം ഓടുകയും വേട്ടയാടുകയും ചെയ്യുന്ന അപകടകരമായ ഒരു കുറ്റകൃത്യം അതിനു പിന്നിലുണ്ടെന്നതുതന്നെയാണ് അതിനുകാരണം.

മനുഷ്യാവകാശങ്ങളുടെ ചാംപ്യന്‍മാരാവാതെ വ്യവസ്ഥാപിത ഇടത് യുക്തിയ്ക്ക് നിലനില്‍പ്പില്ല. നീതിയിലും ന്യായത്തിലും ജനാധിപത്യ, പുരോഗമന ആശയങ്ങളിലുമാണ് അത് കരുപിടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, അവര്‍ അധികാരത്തിന്റെ ഭാഗമാവുന്നതോടെ ആ യുക്തി തകരുകയും തല്‍സ്ഥാനത്ത് കുതന്ത്രങ്ങളും ഇരട്ടത്താപ്പുകളും ഇടം പിടിക്കുകയും ചെയ്യുന്നു. ഒന്നു പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നതോടെ തീരുന്നില്ല അതിന്റെ കാപട്യം. തങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കൂടുതല്‍ വലിയ ശത്രുവിനെ രൂപപ്പെടുത്താനും അത്തരം ആശയങ്ങള്‍ക്ക് പ്രചാരം കൊടുക്കാനും അവര്‍ കിണഞ്ഞുപരിശ്രമിക്കുന്നു. ആ പരിശ്രമങ്ങളുടെ ഭാഗമായാണ് വിവിധ തരത്തിലുള്ള ആശയങ്ങള്‍ക്ക് അവര്‍ രൂപം കൊടുക്കുന്നത്.

ഇസ്ലാമിക ഭീകരത, ദലിത് ഭീകരത, ഇസ്ലാമിക-മാവോവാദി ഭീകരത, ദലിത്-മാവോവാദി ഭീകരത തുടങ്ങിയ ആശയങ്ങള്‍ അങ്ങനെ രൂപപ്പെട്ടതാണ്. ഇത്തരം ആശയങ്ങള്‍ ആദ്യം രൂപം കൊടുക്കുന്നത് പലപ്പോഴും പോലിസുകാരല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളെ പോലുള്ള രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാക്കും. ഇസ്ലാമിക മാവോവാദി ഭീകരമുന്നണി കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് മോഹനന്‍ മാഷാണ്. തുടര്‍ന്ന് കേസുകളുടെ ചുമതലയേല്‍ക്കുന്ന പോലിസുകാര്‍ക്ക് രാഷ്്ട്രീയനേതൃത്വങ്ങള്‍ നല്‍കുന്ന സൂചനയ്ക്ക് പാകമാവുന്ന തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുകയേ വേണ്ടൂ. തീര്‍ച്ചയായും ഇതിന് മാധ്യമസമൂഹത്തിലും ചെറുതല്ലാത്ത പങ്കുണ്ട്.

അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ് കേരളത്തില്‍ ആദ്യമായി ഒരാള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത്. പീപ്പിള്‍സ് മാര്‍ച്ച് എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിയായിരുന്നു ആദ്യപ്രതി. പില്‍ക്കാലത്ത് പുതിയവ സൃഷ്ടിച്ചും പഴയവ പൊടിതട്ടിയെടുത്തും കൂടുതല്‍ പേരെ യുഎപിഎയുടെ മനുഷ്യരെ കുരുക്കുന്ന കെണിയില്‍പെടുത്തി. മുതലക്കുളം മൈതാനിയില്‍ പ്രസംഗിച്ച കുറ്റത്തിന് മഅദ്നിയെ അറസ്റ്റുചെയ്ത് കോയമ്പത്തൂരേക്ക് കൈമാറിയത് ഇടതുപക്ഷത്തിന്റെ കാലത്താണ്. പിന്നീടാണ് ബംഗളൂരു സ്ഫോടനത്തിലും മറ്റ് കേസുകളിലുംപെടുത്തി അദ്ദേഹത്തിനെതിരേ യുഎപിഎ ചാര്‍ത്തുന്നത്. മഅ്ദനിയെ ജയിലിലേക്കയച്ചതും അത് ചൂണ്ടിക്കാട്ടി വോട്ടുതേടിയതും ഇടതുപക്ഷമായിരുന്നു. തീര്‍ച്ചയായും അതിനെ ഉപയോഗപ്പെടുത്തിയതില്‍ കോണ്‍ഗ്രസ്സിനും ഒട്ടും കുറവല്ലാത്ത പങ്കുണ്ടെന്നത് കാണാതിരിക്കുന്നില്ല.

അച്യുതാനന്ദന്റെ കാലത്ത് 'സൃഷ്ടിച്ച' പാനായിക്കുളം കേസ് യുഎപിഎയുടെ ചരിത്രത്തിലെ ഒരു മാതൃകയാണ്. പില്‍ക്കാലത്ത് എങ്ങനെയാണ് ചെറിയചെറിയ കാര്യങ്ങള്‍ വലിയ വലിയ കേസുകളായി രൂപമാറ്റം സംഭവിക്കുകയെന്നതിന് ഉത്തമ ഉദാഹരം. 2006 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു പൊതുപരിപാടി ഗുഢാലോചനയായി മാറ്റിയ ഈ തന്ത്രം പില്‍ക്കാലത്ത് മാവേലിക്കര മാവോവാദി ഗുഢാലോചന കേസിലും നാറാത്ത് കേസിലും ഈച്ചക്കോപ്പിയായി അവതരിപ്പിച്ചു. ഇതില്‍തന്നെ പല കേസുകളും കോടതി തന്നെ തള്ളിക്കളഞ്ഞുവെന്നത് വേറെ കാര്യം. ചെറിയ സംഭവങ്ങള്‍ക്ക് അതിവിചിത്രമായ വ്യാഖ്യാനം നല്‍കുന്ന ഈ കേരളാ പോലിസ് മാതൃക പിന്നീട് പുറത്തെ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തു.

കേരള പോലിസ് വലിച്ചുനീട്ടിയ പാനായിക്കുളം കേസാണ് 2010ല്‍ എന്‍ഐഎ കേരളത്തില്‍ ഏറ്റെടുക്കുന്ന ആദ്യകേസായി മാറിയത്. പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി, കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. കശ്മീര്‍ റിക്രൂട്ട്മെന്റ്, കളമശ്ശേരി ബസ് കത്തിക്കല്‍ ഇങ്ങനെ പല കേസുകളും ഇതെത്തുടര്‍ന്ന് എന്‍ഐഎയുടെ കൈയിലെത്തി. ഇതില്‍ പല കേസുകളും ചാര്‍ജ് ചെയ്യുന്ന സമയത്ത് ഇടതുപക്ഷമാണ് അധികാരത്തിലിരുന്നത്. അതേസമയം, ഒരുഭാഗത്ത് തങ്ങള്‍ ഇത്തരം നിയമങ്ങള്‍ക്കെതിരാണെന്ന നാട്യം സിപിഎമ്മിന്റെ അഖിലേന്ത്യാനേതൃത്വം വച്ചുപുലര്‍ത്താറുണ്ട്.

അവരുടെ കാപട്യം തുറന്നുകാട്ടുന്ന നല്ലൊരു അവസരമായിരുന്നു എന്‍ഐഎ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ അവരെടുത്ത നിലപാട്. സാക്ഷാല്‍ സീതാറാം യച്ചൂരിയും അന്ന് ചര്‍ച്ചയില്‍ ഇടപെട്ടിരുന്നു. ബില്ല് നിയമമാവും മുമ്പ് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നും എന്‍ഐഎ നിയമത്തിലെ പട്ടികയില്‍ പറയുന്ന യുഎപിഎ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയുടെ അന്വേഷണത്തില്‍ സംസ്ഥാനങ്ങളെക്കൂടി സഹകരിപ്പിക്കണമെന്നതും അവര്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഭീകരതാവാഴ്ചയുടെ പേരില്‍ ആ നാമമാത്രവിമര്‍ശനത്തെ പോലും അവര്‍ ബില്ല് നിയമമാവുന്ന വേളയില്‍പെട്ടിയില്‍ വച്ചുപൂട്ടി.

സിപിഎം കേരളത്തില്‍ അധികാരത്തിലെത്തിയ സമയത്തുതന്നെ നിയമവിരുദ്ധമായി ചുമത്തിയ 42 യുഎപിഎ കേസുകളില്‍ പുനപ്പരിശോധനയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പ്രത്യേക കമ്മിറ്റിയെ നിയമിക്കുമെന്നും പറഞ്ഞു. പക്ഷേ, നാളുകള്‍ കഴിഞ്ഞിട്ടും കമ്മിറ്റിയെ നിയമിച്ചില്ലെന്നു മാത്രമല്ല, യുഎപിഎ കേന്ദ്രനിയമത്തിന്റെ ഭാഗമായി നിയമിക്കപ്പെട്ട ഗോപിനാഥന്‍ കമ്മീഷനെ യുഎപിഎ കേസുകള്‍ പുനപ്പരിശോധിക്കാന്‍ തങ്ങള്‍ പുതുതായി നിയമിച്ച കമ്മീഷനാണെന്ന് കളളംപറയുകയും ചെയ്തു. ഒരു സര്‍ക്കാരിന്റെ കാപട്യത്തിന്റെ അങ്ങേത്തലയായിരുന്നു അത്.

യുഎപിഎ നിയമം അനുശാസിക്കുന്ന പരിമിതമായ അവകാശങ്ങള്‍പോലും കേരളത്തിലെ ഇടതുസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് മാവോവാദി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രൂപേഷിന്റെ കേസ് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് യുഎപിഎയുടെ മൂന്ന്, നാല്, ആറ് അധ്യായങ്ങളില്‍ പറയുന്ന കുറ്റങ്ങള്‍ ചുമത്തുന്നതിനു മുമ്പ് നിയോഗിക്കുന്ന ഒരു സ്വതന്ത്രാധികാരമുള്ള സമിതിക്കു മുന്നില്‍ അന്വഷണറിപോര്‍ട്ടുകളും തെളിവുകളും സമര്‍പ്പിക്കുകയും ആ സമിതി അത് പരിഗണിച്ച് നിശ്ചിതസമയത്തിനുള്ളില്‍ ശുപാര്‍ശ നല്‍കുകയും ചെയ്യേണ്ടതുണ്ട്.

നേരത്തെ പറഞ്ഞതുപോലെ അങ്ങനെയൊരു കമ്മീഷനും കേരളത്തിലുണ്ട്. എന്നാല്‍, മിക്കവാറും യുഎപിഎ കേസുകളില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചുമത്തിയ മൂന്ന് യുഎപിഎ കേസിലാണ് രൂപേഷിന് കോടതി വിടുതല്‍ നല്‍കിയത്. എത്ര നീണ്ട കോടതി നടപടിക്കു ശേഷമാണ് ഇങ്ങനെ വിടുതല്‍ ലഭിക്കുന്നതെന്ന കാര്യം നാം ഗൗരവത്തിലെടുക്കണം. കാരണം ജയിലില്‍ കിടക്കുന്നത് ചോരയും നീരുമുളള പച്ചമനുഷ്യരാണ്.

Next Story

RELATED STORIES

Share it