Articles

ചേര്‍ന്നുനില്‍പ്പാണ് അതിജീവനത്തിനുള്ള വഴി

ചേര്‍ന്നുനില്‍പ്പാണ് അതിജീവനത്തിനുള്ള വഴി
X

ഡോ. മോയിന്‍ മലയമ്മ

പല മേഖലകളും വലിയ പ്രതീക്ഷകള്‍ നല്‍കുമ്പോഴും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ഇനിയും മുന്നോട്ടുള്ള പ്രയാണം. 1921ലെ ബ്രിട്ടിഷ് നിര്‍മിത കലാപം വരുത്തിവച്ച ആഘാതങ്ങളില്‍നിന്നു കരകയറി, ദുരിതങ്ങളുടെ കയങ്ങളില്‍നിന്ന് അഭിമാനകരമായ ജീവിതനിലവാരത്തിലേക്ക് എത്തുമ്പോള്‍ അനുഭവങ്ങളിലൂടെ അവര്‍ നേടിയെടുത്ത കുറെ പാഠങ്ങളുണ്ട്. അതിജീവനത്തിന്റെയും നിര്‍മിതിയുടെയും ഈ 100 വര്‍ഷങ്ങള്‍ പകര്‍ന്ന പ്രസ്തുത പാഠങ്ങള്‍ അടുത്ത പതിറ്റാണ്ടുകളെയും സക്രിയമായി അഭിമുഖീകരിക്കാനുള്ള ഒരു തിരിച്ചറിവിന്റെ ഉരക്കല്ലായി വര്‍ത്തിച്ചേ മതിയാവൂ. മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളുമായെല്ലാം ബന്ധപ്പെടുന്നതാണ് പ്രസ്തുത പാഠങ്ങള്‍.

വിവിധ മേഖലകളില്‍ മുസ്‌ലിം സമൂഹത്തിനു കൈവന്നിട്ടുള്ള അഭൂതപൂര്‍വമായ വളര്‍ച്ച പലരിലും വലിയ തോതില്‍ അസ്വസ്ഥത പടര്‍ത്തിയ ഒരു കാലമാണിത്. വിവിധ രൂപത്തില്‍ അവരിത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം, വെറുപ്പ്, വിദ്വേഷപ്രചാരണം തുടങ്ങിയവ ഇതിനെ തുടര്‍ന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയാണ്. മുസ്‌ലിം സ്വത്വം പേടിക്കപ്പെടേണ്ടതാണെന്നും അവര്‍ അന്യാധീനമായി പലതും നേടിയെടുക്കുന്നുണ്ടെന്നും അവരുടെ വളര്‍ച്ച രാജ്യത്തിനു ഭീഷണിയാണെന്നുമുള്ള നിര്‍മിതികള്‍ വ്യാപകമാകുന്നു. അധികാരിവര്‍ഗവും ഔദ്യോഗിക ഇടങ്ങളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം പലനിലയ്ക്ക് ഇതിനു പിന്തുണ നില്‍ക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന വര്‍ഗീയ അജണ്ടയെ കൃത്യമായി അഭിമുഖീകരിക്കാന്‍ കെല്‍പ്പ് നേടുക എന്നതാണ് മുസ്‌ലിം നേതൃത്വത്തിന് ഇനി ചെയ്യേണ്ടതായിട്ടുള്ളത്. ഭരണകൂടമടക്കം നടത്തുന്ന ഈ കൊണ്ടുപിടിച്ച വര്‍ഗീയ പ്രചാരണങ്ങളെ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്. എവിടെനിന്നാണ്, എന്തിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് ഉറവിടം കണ്ടെത്തി ചികില്‍സിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം സാമുദായിക സൗഹൃദം തകരാനും അതുവഴി ഛിദ്രശക്തികളുടെ അജണ്ടപോലെ സാമൂഹികാന്തരീക്ഷം കൂടുതല്‍ വഷളാവാനും വഴിതുറന്നേക്കാം.

ചേര്‍ന്നുനില്‍പ്പ് എന്നതായിരുന്നു കേരള മുസ്‌ലിംകളുടെ അസ്തിത്വത്തിന് അടിമരുന്നിട്ട എക്കാലത്തെയും സവിശേഷ ഘടകം. സമുദായത്തിനുള്ളിലും പുറത്ത് വിവിധ മതവിശ്വാസ സമൂഹങ്ങളോടും ഉള്ളുതുറന്ന സഹവര്‍ത്തിത്വവും ചേര്‍ന്നുനില്‍പ്പും അവരുടെ ശക്തിയായിരുന്നതായി കാണാം. ഈ വലിയ സാധ്യതയില്‍ വിള്ളല്‍ സൃഷ്ടിച്ചാണ് ബ്രിട്ടിഷുകാര്‍ പോലും സമുദായത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കിയത്. ഖിലാഫത്തും കോണ്‍ഗ്രസ്സും സംഘടിതമായി വന്നപ്പോള്‍ ഈ ഐക്യമാണ് ബ്രിട്ടിഷുകാരെ ചൊടിപ്പിച്ചിരുന്നത്. മുസ്‌ലിം സമുദായത്തിനുള്ളിലെ ഐക്യവും ഹിന്ദു-മുസ്‌ലിം ഐക്യവും തകര്‍ക്കപ്പെടുമ്പോഴേ തങ്ങളുടെ വിഷലിപ്തമായ കൊളോണിയല്‍ അജണ്ടകള്‍ വിലപോവുകയുള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവരത് തകര്‍ക്കുകയും തങ്ങളുടെ അജണ്ടകള്‍ നേടിയെടുക്കുകയും ചെയ്തു. ഇന്നും അവര്‍ കുത്തിവച്ച ധ്രുവീകരണ ചിന്ത കെടുത്താനാവാതെ പുകയുകയാണ്. ആ പുകമറയിലാണ് വര്‍ഗീയ വിഷം ചീറ്റി സംഘപരിവാരമടക്കമുള്ള ധ്രുവീകരണ ശക്തികള്‍ ഇന്നു മുതലെടുപ്പ് നടത്തുന്നത്. ഉള്ളില്‍നിന്നും പുറത്തുനിന്നുമുള്ള ശക്തമായ ചേര്‍ന്നുനില്‍പ്പു തന്നെയാണ് ഇതിനെതിരേയുള്ള ഒരേയൊരു പ്രതിരോധ വഴി. മതപരമായും രാഷ്ട്രീയപരമായും വീണ്ടും വീണ്ടും വിഘടിച്ചു തന്റേതായ ഒറ്റപ്പെട്ട പുതിയയിടം നിര്‍മിക്കുന്നതിനു പകരം മുസ്‌ലിം എന്ന പൊതുവഴിയില്‍ ഇനിയെങ്കിലും ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്.

രാഷ്ട്രീയം തന്നെയാണ് ആയുധം

ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ രാഷ്ട്രീയം തന്നെയാണ് ഏറ്റവും ശക്തമായ ആയുധം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേരള മുസ്‌ലിംകള്‍ ഇത്രയും കാലം തങ്ങളെ അടയാളപ്പെടുത്തിയ ഏറെ സവിശേഷമായൊരു രാഷ്ട്രീയ പരിസരമുണ്ട്. ഒരുപക്ഷേ, കേരളത്തെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വേറിട്ടുനിര്‍ത്തുന്നത് ആ സവിശേഷമായ രാഷ്ട്രീയ ഫോര്‍മുലയാണ്. പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിച്ച്, ശക്തിപ്പെടുത്തുന്നതായിരിക്കും ഇനിയുള്ള കാലത്തിനും ഏറെ ഉചിതം. രാഷ്ട്രീയബോധമുള്ള മതനേതൃത്വവും മതബോധമുള്ള രാഷ്ട്രീയ നേതൃത്വവും സ്വരച്ചേര്‍ച്ചയോടെ കൂടെനിന്നുകൊണ്ടുള്ള സമൂഹ നിര്‍മിതിയാണ് ഫലപ്രദം. അതു ക്ഷയിച്ചു കാണാന്‍ വിവിധ കാരണങ്ങള്‍ നിരത്തി ഭരണകൂടമടക്കം ന്യൂനപക്ഷപ്രണയത്തിന്റെ മേല്‍പ്പട്ടണിഞ്ഞിരിക്കുമ്പോള്‍ അതിനുള്ളിലെ കപടത തിരിച്ചറിയാന്‍ മുസ്‌ലിം സമുദായത്തിനു സാധിക്കേണ്ടതുണ്ട്. ബെടക്കാക്കി തനിക്കാക്കുക എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ ദുരന്ത നാടകത്തിന്റെ ഭീകരമായ പര്യവസാനത്തെ കുറിച്ചു ബന്ധപ്പെട്ടവര്‍ സമുദായത്തെ ബോധവല്‍ക്കരിച്ചേ മതിയാവൂ. സമുദായത്തിനുള്ളില്‍ വര്‍ഗീയവും വംശീയവുമായ വേര്‍തിരിവ് സൃഷ്ടിച്ചു നിലവിലെ ഐക്യബോധവും അഭിമാനകരമായ അസ്തിത്വബോധവും തകര്‍ക്കുന്നത് ജാഗ്രതയോടെ കരുതിയിരിക്കേണ്ടതാണ്.

വിദ്യാഭ്യാസപരമായി കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കിടയില്‍ കേരള മുസ്‌ലിംകള്‍ക്കു വലിയ കുതിപ്പ് നടത്താന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെല്ലാം ശ്രദ്ധേയമായ ഇടങ്ങളില്‍ കയറിപ്പറ്റാന്‍ ഇതിനകം അവര്‍ക്കു കഴിഞ്ഞു. മതരംഗത്തും ഭൗതികരംഗത്തും സമന്വയ പഠനരംഗത്തും ധാരാളം പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കഴിവും പ്രാഗല്‍ഭ്യവുമുള്ള അനവധി പേരാണ് പുറത്തുവരുന്നത്. ഇവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും അവരെ അര്‍ഹിക്കുന്ന ഇടങ്ങളില്‍ ഉള്‍കൊള്ളിക്കാനും പലപ്പോഴും നമുക്കു കഴിയാതെ വരുന്നു. രാഷ്ട്രനിര്‍മാണത്തിലും സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിലും അവരെ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങളൊരുങ്ങേണ്ടതുണ്ട്. പുതിയ സ്ഥാപനങ്ങള്‍ കെട്ടി ഇനിയും കോണ്‍ക്രീറ്റ് കാട് തീര്‍ക്കുന്നതിനു പകരം നിലവിലുള്ളവയില്‍ പുതിയ ശാക്തീകരണ അജണ്ടകള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.

അധാര്‍മികതയ്‌ക്കെതിരേ ജാഗരൂകരാകണം

സാമൂഹികരംഗത്തെ ധാര്‍മികതയില്ലായ്മയാണ് ഇനി നാം അഭിമുഖീകരിക്കാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. അതിന്റെ അനുരണനങ്ങള്‍ ഇതിനകം നാം കേട്ടുതുടങ്ങി. പുരോഗമനത്തിന്റെ പേരില്‍ ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല സാമൂഹിക-രാഷ്ട്രീയ സംഘടനകളും തികഞ്ഞ അരാഷ്ട്രീയതയിലേക്കും അതുവഴി അരാജകത്വത്തിലേക്കുമാണ് പുതിയ തലമുറയെ കൊണ്ടുപോവുന്നത്. ലിബറലിസവും മതനിരാസവും കുത്തിവച്ച്, പുരോഗമനത്തിന്റെ ലേബലില്‍, ഒരുതരം മൃഗവല്‍ക്കരണമാണ് പല രംഗത്തും നടക്കുന്നത്. അതുകൊണ്ടുതന്നെ, മൃഗീയ സ്വഭാവവും ചേഷ്ടകളും അവരെ മുച്ചൂടും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ധാര്‍മികത അവയുടെയൊന്നും മുഖ്യ അജണ്ടയല്ലാത്തതിനാല്‍ ഇത്രയും കാലം സംരക്ഷിക്കപ്പെട്ടുപോന്നിരുന്ന സാമൂഹിക അച്ചടക്കത്തെയും സന്തുലിതാവസ്ഥയെയുമാണ് ഇതു പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ലിംഗനീതിക്കു പകരം ലിംഗസമത്വം എന്ന മൂഢ ആശയം പലയിടങ്ങളിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു. ക്ലാസ് മുറികള്‍ മുതല്‍ വേഷഭൂഷാദികളില്‍ വരെ ഇത് എത്തിനില്‍ക്കുന്നു. പുരോഗമനത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം അശാസ്ത്രീയ അജണ്ടകള്‍ വളര്‍ന്നുവരുന്ന തലമുറയെ കൂടുതല്‍ വഴിതെറ്റിക്കുമെന്നതില്‍ സന്ദേഹമില്ല. ഇത്തരം ബുദ്ധിരാഹിത്യങ്ങള്‍ക്കു മൗലികമായ തിരുത്താണ് ഇനിയുണ്ടാവേണ്ടത്.

ദാരിദ്ര്യവും വറുതിയുമായിരുന്നു കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കു മുമ്പിലെ വലിയൊരു പരിമിതിയെങ്കില്‍ പണത്തിന്റെ ധാരാളിത്തവും അതുവഴിയുണ്ടാവുന്ന ധൂര്‍ത്തുമാണ് ഇന്നത്തെ വലിയൊരു പ്രശ്‌നം. വീട്, വിവാഹം, ഭക്ഷണം, യാത്ര, വാഹനം തുടങ്ങിയവയിലെല്ലാം ഇതിന് ഏറെ പ്രകടമാണ്. മാന്യതയ്ക്കും നിലയ്ക്കും യോചിച്ച ഒരു നിലവാരത്തിനപ്പുറം ഒരുതരം ഭ്രാന്തന്‍തലത്തിലേക്ക് ധൂര്‍ത്ത് മുസ്‌ലിംസമൂഹത്തില്‍ പടര്‍ന്നുവികസിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ നിയന്ത്രണവും പ്രസ്തുത സമൃദ്ധിയെ, സമസൃഷ്ടികളെ ശാക്തീകരിക്കുന്നതിലേക്കു തിരിച്ചുവിടുന്നതിനുള്ള യത്‌നവും ഉണ്ടാവേണ്ടതുണ്ട്.

മതജീവിതത്തിലെ സൂക്ഷ്മതക്കുറവും മതവരമ്പുകള്‍ ലംഘിക്കുന്നത് നിസ്സാരമായി കാണുന്നതും പുതിയ കാലത്ത് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടവയാണ്. ഉടയാടകളിലെയും ബാഹ്യപ്രകടനങ്ങളിലെയും നിഷ്‌കര്‍ഷതകള്‍ക്കപ്പുറം മതത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനും അതിനനസുരിച്ചു സമൂഹത്തില്‍ ജീവിക്കാനും സാധിക്കണം. പരസ്പര സ്‌നേഹവും സാഹോദര്യവും കൂടുതല്‍ ശക്തിയോടെ ഊട്ടിയുറപ്പിക്കപ്പെടണം. മതം മനുഷ്യനെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളയ്ച്ചിടുന്ന വിഷമല്ലെന്നും മാനവികതയെയും സത്യത്തെയും ഉള്‍ക്കൊള്ളുന്ന വലിയ സാധ്യതയാണെന്നും സര്‍വരെയും ബോധ്യപ്പെടുത്തണം. അതിനെതിരേ നടക്കുന്ന പ്രചാരവേലകളുടെയെല്ലാം നിരര്‍ഥകത തുറന്നുകാണിക്കപ്പെടണം. സാമൂഹിക ധ്രുവീകരണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പുതിയ കാലത്ത് ഇത്തരം ചേര്‍ന്നുനില്‍പ്പിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കപ്പെടേണ്ടത്. അതാണ് പഴയ കാലത്തെപ്പോലെ ഇനിയുള്ള കാലത്തും അതിജീവനത്തിനുള്ള ഏറ്റവും വലിയ കരുത്ത്.

Next Story

RELATED STORIES

Share it