Articles

കൊറോണയ്ക്കിടയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിക്കുമ്പോള്‍...

കെ എം സലീം പത്തനാപുരം

കൊറോണയ്ക്കിടയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിക്കുമ്പോള്‍...
X

രാജ്യത്ത് കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഏറെ കരുതല്‍ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. ശ്രദ്ധാപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമമായ കരുതല്‍ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താനായതില്‍ മലയാളികള്‍ ഏറെ അഭിമാനിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ വൈറസ് ബാധസ്ഥിരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ കേരളം സ്വീകരിച്ചതു പോലെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മിക്ക സംസ്ഥാനങ്ങളും തയ്യാറായില്ല. അക്കാരണത്താല്‍തന്നെ അത്തരം സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനവുണ്ടാവുകയും മരണസംഖ്യ കൂടുകയുമാണുണ്ടായത്.

വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കാന്‍ ബാധ്യസ്ഥരായ കേന്ദ്ര സര്‍ക്കാരാവട്ടെ പാത്രം കൊട്ടാനും തിരി കത്തിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണുണ്ടായത്. ലോക രാജ്യങ്ങളിലൊക്കെയും വൈറസിനെ പ്രതിരോധിക്കാനാവശ്യമായ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ ഗോമൂത്ര സേവയിലൂടെ വൈറസ് ബാധ തടയാനാവുമെന്ന് പ്രഖ്യാപിച്ച ഭരണകൂടമാണ് രാജ്യത്തുള്ളത്. ആധുനിക വൈദ്യശാസ്ത്ര രംഗത്തും മരുന്നു നിര്‍മാണ മേഖലയിലും ഏറെ പിറകിലാണെന്നു മാത്രമല്ല, സാമ്പത്തികമായി പാപ്പരായി കൊണ്ടിരിക്കുന്ന രാജ്യവുമാണ് നരേന്ദ്രമോദി ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യാ രാജ്യം. എന്നിരിക്കെ, അത്തരം പ്രഖ്യാപനങ്ങള്‍ ലോകരാജ്യങ്ങളെ അല്‍ഭുതപ്പെടുത്തിയില്ലെന്നത് സ്വാഭാവികമാണെന്നു കരുതാം.

ശാസ്ത്രീയമായും സാമ്പത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്കുപോലും വൈറസ് വ്യാപനം തടയാനായില്ലെന്നിരിക്കെ 80 ശതമാനത്തോളം ഭരിദ്രരുള്ള ഇന്ത്യയില്‍ കാര്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടായില്ലെങ്കില്‍ ഭയാനകമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരൊക്കെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും ഗോമൂത്ര-ചാണക-പപ്പട ചികില്‍സാ ാരീതികളെ പരിചയപ്പെടുത്തുന്നതിലായിരുന്നു മോദിഭക്തരും സഹപ്രവര്‍ത്തകരുമായ കേന്ദ്രമന്ത്രിമാര്‍ പോലും ശ്രദ്ധപതിപ്പിച്ചത്.

ലോകരാജ്യങ്ങളെയാകെ സ്തംഭനാവസ്ഥയിലാക്കിയ കൊറോണ വൈറസ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതോടെ രാജ്യംവിട്ടുപോവുമെന്ന് പറഞ്ഞവരും വിശ്വസിക്കുന്നവരുമാണ് നിലവില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം രീതിയിലായിരിക്കണമെന്ന് നിശ്ചയിച്ചു കൊണ്ടിരിക്കുന്നത്. സാക്ഷര കേരളത്തില്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നവരുണ്ടെന്നിരിക്കെ ക്ഷേത്ര നിര്‍മാണത്തിനു മുമ്പായി നടന്ന പൂജാകര്‍മങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുഖ്യകാര്‍മികന്‍ തന്നെയും വൈറസ് ബാധിനായതില്‍ സ്‌കൂളും പുസ്തകങ്ങളും കാണാതെ വളര്‍ന്നു വലുതായ ഇതര സംസ്ഥാനക്കാരില്‍ മനംമാറ്റമുണ്ടാവുമെന്ന് കരുതുന്നത് യുക്തിയല്ല. വൈറസ് ബാധയെ തുടര്‍ന്ന് കൂട്ടമരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന രാജ്യങ്ങളൊക്കെയും കാര്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗമുക്തി നേടിക്കെകാണ്ടിരിക്കുന്നു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നേരിട്ടെത്തി തറക്കല്ലിട്ടിട്ടുപോലും ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ത്തമാനഇന്ത്യയില്‍ പ്രതിദിനം 64,000 പേര്‍ വൈറസ് ബാധിതരായി മാറുകയും ആയിരത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിനെ കുറിച്ചും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം സമയാസമയം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലും അനിയന്ത്രിതമായ വര്‍ധനവാണ് വൈറസ് ബാധിതരുടെ കാര്യത്തിലെന്ന പോലെ വൈറസ് ബാധ മൂലം മരണപ്പെടുന്നവരുടെ കാര്യത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുന്‍കരുതല്‍ നടപടികളെ കുറിച്ച് ജനങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തികൊണ്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായി നിരീക്ഷണത്തിലാണെന്നറിയുമ്പോള്‍ ചിരി മറന്നവര്‍ പോലും ഊറിച്ചിരിക്കുന്നതു കാണാനാവും. അതേ സമയം, ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ബന്ധിതരായ പോലിസ് വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ വൈറസ് ബാധിതരായി മാറിക്കൊണ്ടിരിക്കുന്നതും കാണാനാവും. ചിലയിടങ്ങളില്‍ അരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കുകയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുകൂട്ടം അല്‍പജ്ഞാനികളെയും കാണാം. സംസ്ഥാനത്ത് വൈറസ് വ്യാപനം ഒരു പരിധി വരെയെങ്കിലും തടയാനായത് വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. അതേസമയം, സെപ്തംബര്‍ മാസത്തോടെ സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നത് ഗൗരവത്തോടെ കാണാതിരിക്കാനുമാവില്ല.

ആറു മീറ്റര്‍ ചതുരശ്ര വിസ്ത്രിതിയുള്ള ക്ലാസ് മുറികളില്‍ അറുപതിലധികം വിദ്യാര്‍ഥികള്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചിരുന്ന് പഠിക്കുന്നതെങ്ങനെയെന്ന ചോദ്യം സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം പ്രഹസനമായി തോന്നിയേക്കാം. സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ അത്തരം ചിന്തകള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്നും കരുതാം. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളില്ലാതെ വിദ്യാര്‍ഥികളെങ്ങനെ സ്‌കൂളുകളില്‍ എത്തിച്ചേരുമെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ യുക്തിസഹമായ മറുപടി പറഞ്ഞേ മതിയാവൂ. സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം കോറോണ ഭീതി നിലവിലിരിക്കെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പ്രയാസരഹിതമായി നടത്താനായെന്നു മേനി നടിക്കാമെന്ന്മോഹിക്കുന്നുണ്ടാവാം. എന്നാല്‍ പൊതുസമുഹത്തിനത് ഭീതിയാണ് സമ്മാനിക്കുക. വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നു മാസക്കാലം രോഗികളുടെ എണ്ണം മൂന്നക്കത്തിലും മരണപ്പെട്ടവരുടെ എണ്ണം രണ്ടക്കത്തിലും കവിയാതിരുന്നത് നിയന്ത്രന്ദണത്തോടൊപ്പം അത് നടപ്പാക്കുന്നതില്‍ പോലിസ് സംവിധാനം കാര്യമായി ശ്രദ്ധിച്ചിരുന്നതുകൊണ്ടുമാണെന്ന് പൊതുജനങ്ങള്‍ക്കെന്ന പോലെ സര്‍ക്കാറിനും ബോധ്യമുള്ളത് തന്നെയാവാം. അതേസമയം നിലവില്‍ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിയുകയും മരണപ്പെട്ടവരുടെ എണ്ണം മൂന്നക്കത്തിലെത്തി നില്‍ക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പോലിസിന്റെ പ്രവര്‍ത്തനം സ്റ്റേഷനകത്തേക്കും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ആശുപത്രികള്‍ക്കകത്തേക്കും പിന്‍വലിഞ്ഞിരിക്കുന്നതായിട്ടാണ് കാണാനാവുക. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനവുണ്ടാവുമെന്നു മാത്രമല്ല ചിലപ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലേതിന് തുല്യമായ നിലയിലെത്തിയെന്നും വന്നേക്കാം. ഇതിനിടയില്‍ സ്‌കുളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവുമോ എന്നതിനെ കുറിച്ചല്ല മറിച്ച് അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചാണ് കരിക്കുലം കമ്മിറ്റിയും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഒരുപോലെ ചര്‍ച്ച ചെയ്യേണ്ടത്. എന്തുകൊണ്ടെന്നാല്‍ പഠനത്തേക്കാള്‍ പ്രധാനമാണ് വൈറസ് ബാധയേറ്റ് മരണപ്പെടാനിടവരുത്താതിരിക്കല്‍ എന്നത് തന്നെയാണ്.

School open while covid spread

Next Story

RELATED STORIES

Share it