Articles

സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല; സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഏകപക്ഷീയ വംശഹത്യ

സകലതിനും ഉപരിയായി ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഉയര്‍ത്തിക്കൊണ്ടുവരാനും സജീവമാക്കി നിലനിര്‍ത്താനും കഴിഞ്ഞുവെന്നതും ഹമാസിന്റെ വിജയമാണ്.

സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല; സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഏകപക്ഷീയ വംശഹത്യ
X

കെ എച്ച് നാസര്‍


സയില്‍ ഇസ്രായേലിന്റെ അധിനിവേശ കൂട്ടക്കൊല ഒരു മാസം പിന്നിടുമ്പോള്‍ ഫലസ്തീനികളുടെ മരണ സംഖ്യ പതിനായിരം കടന്നിരിക്കുന്നു. ഇതില്‍ പകുതിയോളവും കുട്ടികളാണെന്നത് ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ്. സ്ത്രീകളും വൃദ്ധരുമടങ്ങുന്ന സിവിലിയന്മാരാണ് കൊല്ലപ്പെട്ടവരില്‍ ബാക്കി ഏറെയും. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും യുദ്ധമര്യാദകളെയും നിര്‍ദയം കാറ്റില്‍ പറത്തിയാണ് മനുഷ്യ കുലാന്തകന്മാരായ ദുഷ്ടക്കൂട്ടം തങ്ങളുടെ മരണക്കൊയ്ത്ത് തുടരുന്നത്. സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല, സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന ഏകപക്ഷീയമായ വംശഹത്യയാണ് ഫലസ്തീന്‍ മണ്ണില്‍ നടമാടുന്നത്. ഇതിനെതിരായ ലോക ജനതയുടെ പ്രതിഷേങ്ങള്‍ക്കൊന്നും ആ തെമ്മാടി രാഷ്ട്രമോ അവരുടെ നരമേധത്തിനു കുടപിടിക്കുന്ന യാങ്കി-യൂറോപ്യന്‍ ശക്തികളോ പുല്ലുവില പോലും കല്‍പ്പിച്ചിട്ടില്ല; ഇപ്പോഴും കല്‍പ്പിക്കുന്നുമില്ല.

ഫോട്ടോ കടപ്പാട്: അല്‍ജസീറ

ഫോട്ടോ കടപ്പാട്: അല്‍ജസീറ

ക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ ഇസ്രായേല്‍ ആവര്‍ത്തിച്ച് അവഗണിക്കുമ്പോഴും സ്വയം അപഹാസ്യരായി നോക്കിനില്‍ക്കാനേ ലോകരാഷ്ട്രങ്ങളുടെ പൊതുവേദിക്കു കഴിയുന്നുള്ളൂ എന്നതാണ് ഏറെ വേദനിപ്പിക്കുന്ന 'തമാശ'. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നു പറയുന്നത് വലിയ നുണയും തങ്ങളുടെ നികൃഷ്ട ചെയ്തികള്‍ക്ക് പുകമറ സൃഷ്ടിക്കാന്‍ വേണ്ടി വംശവെറി പൂണ്ട ഇസ്രായേലും കൂട്ടാളികളും ചമയ്ക്കുന്ന തൊടുന്യായവും മാത്രമാണ്. കടലും കരയും ആകാശവും ഉപരോധിക്കപ്പെട്ട്, തുറന്ന ജയിലിലെന്നോണം കഴിയുന്ന, വെള്ളവും വൈദ്യുതിയും ഭക്ഷണവും തടയപ്പെട്ട് നരകതുല്യമായ ജീവിതം തള്ളിനീക്കുന്ന ഒരു ജനതയുടെ, അടിയറവ് പറയാന്‍ വിസമ്മതിക്കുന്ന സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പുതിയ ഘട്ടത്തിനാണ് ഒക്ടോബര്‍ 7ന് ലോകം സാക്ഷ്യം വഹിച്ചത്. ഒക്ടോബര്‍ 7 ശൂന്യതയില്‍നിന്നുണ്ടായതല്ലെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ തന്നെ ഇസ്രായേലിന്റെ 'ഇരവാദ'ത്തെ റദ്ദ് ചെയ്യുന്നതാണ്.



ടിഞ്ഞാറന്‍ ശക്തികള്‍ ചേര്‍ന്നു നടത്തിയ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമായി അറബ് ഹൃദയഭൂമിയില്‍ അന്യായമായും ആക്രമണപരമായും അവരോധിക്കപ്പെട്ട ജാര രാഷ്ട്രമാണ് ഇസ്രായേല്‍. അന്നുതൊട്ടിന്നോളം തദ്ദേശ വാസികളും അറബ് വംശജരുമായ ഫലസ്തീനികള്‍ക്കുമേല്‍ ആക്രമണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും പരമ്പരകളാണ് അരങ്ങേറിക്കൊണ്ടിരുന്നത്. അവരുടെ മണ്ണ് കവര്‍ന്നെടുത്ത അക്രമിക്കൂട്ടം ഫലസ്തീന്‍ ജനതയ്ക്കുമേല്‍ തുടര്‍ച്ചയായി വിവരണാതീതമായ വിനാശം വിതച്ചുകൊണ്ടിരുന്നു. യുദ്ധങ്ങളും കൂട്ടക്കൊലകളും ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം അസാധ്യമാക്കി. അവശേഷിച്ച തുണ്ടുഭൂമിയില്‍നിന്നുപോലും അവരെ ആട്ടിപ്പുറത്താക്കാനുള്ള തന്ത്രങ്ങുടെ ഭാഗമായിരുന്നു തുടര്‍ന്നുകൊണ്ടിരുന്ന അധിനിവേശവും അനധികൃത ജൂത കുടിയേറ്റവും മറ്റും. ഒടുവില്‍ മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന പുണ്യഭൂമിയിലേക്കുവരെ അധിനിവേശകര്‍ ആക്രമണം വ്യാപിപ്പിച്ചപ്പോള്‍, വിശുദ്ധ ഖുദ്‌സിന്റെ വിമോചനംകൂടി ഫലസ്തീന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ അജണ്ടയായിത്തീര്‍ന്നു. പ്രവാചകന്മാരുടെ കാലടികള്‍ പതിഞ്ഞ, അന്ത്യ പ്രവാചകന്റെ പാദ സ്പര്‍ശമേറ്റ പരിശുദ്ധ മണ്ണും ദൈവിക ഭവനവും സംരക്ഷിക്കാനുള്ള അന്തിമ യുദ്ധത്തിലാണിന്ന് ഫലസ്തീന്‍ വിമോചന പോരാട്ടം എത്തി നില്‍ക്കുന്നത്.


റുതിയില്ലാത്ത ക്രൂരതകളാണ് അധിനിവിഷ്ട മണ്ണില്‍ സയണിസ്റ്റ് രാഷ്ട്രം തുടരുന്നത്. ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും അധിവാസകേന്ദ്രങ്ങള്‍ക്കും മേല്‍ അനവരതം ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടാണ് ഇസ്രായേല്‍ തങ്ങളുടെ 'സൈനിക ശക്തി' പ്രകടിപ്പിക്കുന്നത്. വിനാശകാരിയും വിഷവാഹിയുമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഫലസ്തീന്‍ മണ്ണിനെ ശ്മശാന സമാനമാക്കി തീര്‍ത്തിരിക്കുകയാണ്. 'ഒരു ഫലസ്തീനിയന്‍ കുഞ്ഞ് പിറക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കുമ്പോള്‍ എനിക്ക് ഉറങ്ങാനേ സാധ്യമാവുന്നില്ല' എന്ന, ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഗോള്‍ഡാമെയറുടെ വാക്കുകള്‍ ഇസ്രായേലിന്റെ രാഷ്ട്രീയവംശീയ മുദ്രാവാക്യമായി അന്തരീക്ഷത്തില്‍ ഇപ്പോഴും അലതല്ലുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കാന്‍ തെമ്മാടിരാഷ്ട്രം അത്യുല്‍സാഹം കാണിക്കുന്നതിനു പിന്നിലെ ദുഷ്ട മനശ്ശാസ്ത്രം ഇതു തന്നെയാവും. പിറന്നുകഴിഞ്ഞ 'ഭീകരവാദികളെ'യും 'ഭീകരവാദികള്‍'ക്കു ജന്മം നല്‍കുന്ന ഗര്‍ഭപാത്രങ്ങളുടെ ഉടമകളായ ഉമ്മമാരെയും ഭൂമുഖത്തുനിന്ന് വേരോടെ പിഴുതെറിയാനാണ് ചോരക്കൊതി പൂണ്ട ചെന്നായ്ക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ കുരുതിച്ചോര കുടിച്ച് മതിവരാത്ത വംശവെറിയന്‍ ഭരണകൂടം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ കൂടുതലായി ഒറ്റപ്പെടുമ്പോഴും അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെ നരനായാട്ട് ശക്തിപ്പെടുത്തുന്നതാണ് നാം കാണുന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിനു വേണ്ടിയുള്ള തന്റെ നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലുമെത്തുന്നു.


ന്നാല്‍, ഈ കൂട്ടക്കുരുതികളും സംഹാരക്രിയകളുമൊന്നും ഫലസ്തീന്‍ പോരാട്ടത്തെ തളര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്യുന്നില്ലെന്നുമാത്രമല്ല, ഒന്ന് ഉലയ്ക്കുന്നുപോലുമില്ല എന്നതാണ് വിസ്മയകരമായ യാഥാര്‍ഥ്യം. രക്തസാക്ഷ്യം കൊതിക്കുന്ന കുട്ടികളും മരണം പ്രതീക്ഷിച്ച് പ്രാര്‍ഥനാ വസ്ത്രങ്ങളിഞ്ഞ് കഴിഞ്ഞുകൂടുന്ന സ്ത്രീകളും ഏതു നിമിഷവും തലയ്ക്കു മുകളില്‍ ബോംബ് പതിക്കാമെന്നറിഞ്ഞിട്ടും ആതുരാലയങ്ങളില്‍ സേവനനിരതരായി തുടരുന്ന ആരോഗ്യ പ്രവര്‍ത്തകരും വര്‍ധിത വീര്യം പകരുന്ന ആവേശത്തോടെ പോരാട്ട നിലങ്ങളില്‍ നിലയുറപ്പിച്ച ചെറുപ്പക്കാരുമെല്ലാം സ്വാതന്ത്ര്യവാഞ്ഛയും ആദര്‍ശ ദാര്‍ഢ്യവും ഒത്തുചേര്‍ന്ന ഗസയുടെ തെരുവു കാഴ്ചകളാണിന്ന്. വിമോചനപ്പോരാട്ടത്തിന്റെ പുതിയ ഘട്ടത്തിനു തുടക്കം കുറിച്ച ഒന്നാമത്തെ ദിവസമായ ഒക്ടോബര്‍ ഏഴിനു തന്നെ ഹമാസ് ഇസ്രായേലിനുമേല്‍ വിജയം വരിച്ചിരിക്കുന്നു. തുടര്‍ന്ന് ഭ്രാന്തുപിടിച്ച പ്രതികാരമായിരുന്നു ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായത്. ആകാശത്തുനിന്നു ബോംബുകള്‍ വര്‍ഷിച്ച് ആളുകളെ കൊല്ലുന്ന, ഏതു ഭീരുവിനും ചെയ്യാവുന്ന വിധമുള്ള കൂട്ടക്കൊലകളുടെ പരമ്പരയ്ക്കാണ് ജൂത രാഷ്ട്രം തിരികൊളുത്തിയത്. ലോകത്തിലെ നാലാമത്തെ സൈനിക ശക്തി എന്നഹങ്കരിച്ച ഇസ്രായേലിന്റെ ധാര്‍ഷ്ട്യത്തിനും വീമ്പു പറച്ചിലുകള്‍ക്കും ഹമാസ് നല്‍കിയ പ്രഹരം അവര്‍ക്കൊരിക്കലും മറക്കാനാവുന്നതല്ല. മൊസാദിന്റെ 'അമാനുഷിക' കഴിവുകളും അയണ്‍ ഡോമിന്റെ അദ്ഭുത കഥകളും ജലരേഖ പോലെയായിത്തീര്‍ന്ന ദിവസം കൂടിയായിരുന്നു ഒക്ടോബര്‍ ഏഴ്. സയണിസ്റ്റ് രാഷ്ട്രത്തിന്റെ സ്വസ്ഥ നിദ്രകളെയാണ് പോരാളികള്‍ കടന്നാക്രമിച്ചത്.


രണത്തിന്റെ കൂട്ടപ്പെയ്ത്ത് നടക്കുമ്പോഴും ഹമാസ് അടക്കം ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ വിമോചന പോരാട്ട സംഘങ്ങളില്‍ പിന്മാറ്റത്തിന്റെയോ കീഴടങ്ങലിന്റെയോ നേരിയ ലാഞ്ഛന പോലും കാണുന്നില്ല. ഏതു യുദ്ധത്തിലും മനുഷ്യ ജീവനുകളുടെ നഷ്ടം വേദനാജനകവും നിര്‍ഭാഗ്യകരവും നികത്താനാവാത്തതുമാണ്. സൈനികമായും രാഷ്ട്രീയമായും ഹമാസിന് ആഘാതമേല്‍പ്പിക്കാന്‍ സയണിസ്റ്റുകള്‍ക്കായില്ല. മനുഷ്യ കവചത്തിന്റെ മറ തീര്‍ത്താണ് ഹമാസ് പൊരുതുന്നതെന്ന നുണ പ്രചാരണം ഫലസ്തീന്‍ ജനതയുടെ പ്രതികരണങ്ങളിലൂടെ തകര്‍ന്നടിയുന്നതും ലോകം കണ്ടു. കരയുദ്ധത്തില്‍ ശത്രുവിനു കനത്ത നാശംവിതച്ചുകൊണ്ട് അവര്‍ പോരാട്ടം തുടരുകയാണ്. പ്രതിച്ഛായാ നഷ്ടവും സാമ്പത്തിക ചേതവും ഇസ്രായേലിനാണ്. ലോക മനസ്സാക്ഷിയും അവര്‍ക്കെതിരേ ഒന്നിച്ചണിനിരന്നിരിക്കുന്നു. ഇസ്രായേലിലും അമേരിക്കയും യൂറോപ്പും അടക്കമുള്ള രാജ്യങ്ങളിലും വരെ ഭരണകൂട വിലക്കുകള്‍ ലംഘിച്ചു പോലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ അണപൊട്ടിയൊഴുകി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുടെയും ആശ്രിത വാല്‍സല്യത്തിനു കീഴില്‍ മാത്രമേ ഇസ്രായേലിനു നിലനില്‍പ്പുള്ളൂ എന്ന് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സകലതിനും ഉപരിയായി ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഉയര്‍ത്തിക്കൊണ്ടുവരാനും സജീവമാക്കി നിലനിര്‍ത്താനും കഴിഞ്ഞുവെന്നതും ഹമാസിന്റെ വിജയമാണ്.

Next Story

RELATED STORIES

Share it