Articles

ശിവശങ്കറിലൊതുങ്ങുമോ...?; കേരളത്തിന്റെ കണ്‍സല്‍ട്ടന്‍സി അഴിമതിക്കഥകള്‍

സാജിദാ ഷജീര്‍

ശിവശങ്കറിലൊതുങ്ങുമോ...?; കേരളത്തിന്റെ കണ്‍സല്‍ട്ടന്‍സി അഴിമതിക്കഥകള്‍
X

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്, സ്‌പേസ് പാര്‍ക്ക് ലൈസന്‍സ് മാര്‍ക്കറ്റിങ് ഓഫിസര്‍ സ്വപ്ന സുരേഷ്, പിടിയിലായതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ശിവശങ്കര്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയമാവുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്(പിഡബ്ല്യുസി) നിശ്ചയിച്ച സ്റ്റാഫാണ് സ്വപ്നാ സുരേഷെന്നും സര്‍ക്കാറുമായി യാതൊരു ബന്ധവുമില്ലെന്ന് ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രിക്ക്, പിന്നീട് ശിവ ശങ്കറിനെ സസ്‌പെന്റ് ചെയ്യുന്നതിലേക്കും പിഡബ്ല്യുസിയെ പദ്ധതിയില്‍ നിന്നു ഒഴിവാക്കുന്നതിലേക്കുമെത്തേണ്ടി വന്നു.

മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന് സ്വപ്നയുമായുള്ള ബന്ധമാരോപിച്ച് സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്നും പിഡബ്ല്യുസിയെ മാറ്റി നിര്‍ത്തിയാല്‍ കേരള സര്‍ക്കാറിന്റെ കണ്‍സല്‍ട്ടന്‍സി അഴിമതി ആരോപണം മറച്ചുവയ്ക്കാന്‍ സാധിക്കുമെന്ന വിഡ്ഢിത്തം ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പിഡബ്ല്യുസി കണ്‍സല്‍ട്ടന്‍സിയായി നിയോഗിച്ച പദ്ധതികളാണ് ഇ-മൊബിലിറ്റി, കെ-ഫോണ്‍, സ്‌പേസ് പാര്‍ക്ക് തുടങ്ങിയവ.

2022 ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്ന പദ്ധതിയില്‍ 2 ലക്ഷം ടൂ വീലറുകളും അരലക്ഷം ത്രീ വീലറുകളും, 3000 ബസ്സുകളും 100 ബോട്ടുകളും 1000 ഗുഡ്‌സ് വെഹിക്കളുമാണ്, പ്രഥമ ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണനയിലുണ്ടായിരുന്നത്. അതില്‍ തന്നെ 3000 ബസ്സുകള്‍ ഇറക്കാന്‍ ബസ്സൊന്നിന് ഒന്നരക്കോടി രൂപ വച്ച് 4500 കോടി കണക്കാക്കിയപ്പോള്‍ തന്നെ, കെഎസ്ആര്‍ടിസിയും ധന വകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗതാഗത വകുപ്പിലെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പോലും അറിയാതെയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പുവച്ച രേഖ പിഡബ്ല്യുസിക്ക് കണ്‍സല്‍ട്ടന്‍സി നല്‍കുന്നത്. പദ്ധതി പഠനം പൂര്‍ത്തീകരിക്കുകയോ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ ഇ-മൊബിലിറ്റി പദ്ധതിയുടെ കരാര്‍ സ്വിറ്റ്‌സര്‍ലന്റ് കമ്പനിയായ ഹെസ്സിന് കൈമാറുന്നു. മാത്രമല്ല, 600 ബസ് ടാര്‍ഗറ്റ് ചെയ്ത കെഎസ്ആര്‍ടിസിക്ക് പത്ത് ബസ്സാണിതുവരെ വാടകയ്ക്കിറക്കാന്‍ സാധിച്ചത്. അതും 26 രൂപ കിലോമീറ്റര്‍ നഷ്ടത്തിന്. കിലോമീറ്ററിന് കേന്ദ്ര സര്‍ക്കാറിന്റെ 8 രൂപ സബ്‌സിഡി ലഭിച്ചിട്ട് പോലും പ്രതിദിന നഷ്ടം നികത്താനോ വായ്പ തിരിച്ചടയ്ക്കാനോ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കെയാണ് വികസനത്തിന്റെ പേരുപറഞ്ഞ് കണ്‍സല്‍ട്ടന്‍സിയെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഖജനാവിന് നഷ്ടമുണ്ടാവുമെന്ന സാമ്പത്തിക വകുപ്പിന്റെ മുന്നറിയിപ്പ് മറികടന്ന്, ഗതാഗത വകുപ്പിനെ നോക്കു കുത്തിയാക്കി, ഐടി സെക്രട്ടറി ഒപ്പിട്ട രേഖ പ്രകാരം ഹെസ്സ് കമ്പനിക്ക് കരാര്‍ നല്‍കുമ്പോള്‍ പിന്നെയെന്തിനാണ് ഇതിനിടയില്‍ പിഡബ്ല്യുസിയെന്ന കണ്‍സല്‍ട്ടന്‍സിയെന്നുള്ളത് ന്യായമായ ചോദ്യമാണ്. ചോദ്യമെത്ര വേണമെങ്കിലും ഉന്നയിക്കാം, അഴിമതിയാണെന്ന് മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

രണ്ടായിരത്തിലധികം ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഹാരിസണ്‍ മലയാളത്തിന്റെ ഓഡിറ്റിങില്‍ തിരിമറി കാണിച്ചിട്ടുണ്ടെന്ന് കേരള റവന്യൂ സെക്രട്ടറിയുടെ പരാതി കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരിക്കെയാണ്, പിഡബ്ല്യുസിയെ സ്‌പേസ് പാര്‍ക്ക് തൊട്ട് കെ-ഫോണ്‍ വരെയുള്ള പദ്ധതികളേല്‍പ്പിക്കുന്നത്. മാത്രമല്ല ഇന്ത്യാ രാജ്യത്ത് തന്നെ പിഡബ്ല്യുസി പല ക്രമക്കേടുകളുടെ പേരില്‍ കേസ് നേരിടുന്നുണ്ട്. ഇതിനെയൊക്കെ അവഗണിച്ച് പിഡബ്ല്യുസിയെ വെള്ള പൂശാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സലോജിക്കിന്റെ ഉപദേശക കണ്‍സല്‍ട്ടന്റായ ജയ്ക് ബാലകുമാര്‍ പിഡബ്ല്യുസിയുടെ ഡയറക്ടറായി 16 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ളത് സംശയമുളവാക്കുന്ന മറ്റൊരു കാര്യമാണ്. വിദേശ കണ്‍സല്‍ട്ടന്‍സികള്‍ പദ്ധതി നടത്തിപ്പിന് കേരളത്തില്‍ നിന്ന് തന്നെ ലക്ഷങ്ങള്‍ നല്‍കി സ്റ്റാഫിനെ നിശ്ചയിക്കുമ്പോള്‍ പി എസ്‌സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നോക്കുകുത്തികളാവുന്നു.

2018ല്‍ റീ ബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി സൗജന്യമായി ഏറ്റെടുക്കാമെന്ന് പറഞ്ഞു വന്ന കെപിഎംജെ എന്ന നെതര്‍ലാന്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയില്ലെന്ന് മാത്രമല്ല, 2020ലെ ദുരന്ത നിവാരണ പദ്ധതി, 18 കോടിയിലധികം രൂപ നല്‍കി കെപിഎംജെയെ ഏല്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നെതര്‍ലാന്റ് സന്ദര്‍ശനത്തിന് എല്ലാ സഹായങ്ങളും നല്‍കിയ ഹസ് കോണിങിനെ പിണക്കാനാവില്ലെന്ന ന്യായമാണ് ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കെപിഎംജെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ പൂര്‍ത്തീകരണത്തിനും സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ മറികടന്ന് 13 കോടിക്ക് കിയാല്‍ കെപിഎംജെ ക്ക് പദ്ധതി നല്‍കുന്നു. അതും എവിടെയും മെത്തിയില്ലെങ്കിലും കൊറോണയെന്ന ന്യായവാദത്തെ സര്‍ക്കാര്‍ അംഗീകരിച്ച് കെപിഎംജെയെ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്.

അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് സൗജന്യമായി, രോഗികളുടെ ഡാറ്റ ശേഖരിക്കാന്‍ വന്നപ്പോള്‍, ഇരു കൈയും നീട്ടി സ്വീകരിച്ച സര്‍ക്കാര്‍, ഇന്ന് ലോകത്ത് വിലമതിക്കാനാവാത്ത മനുഷ്യന്റെ ആരോഗ്യ വിവരങ്ങള്‍ സൗജന്യമായി കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് തടയാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു. ഉപഭോക്താവിന്റെ ഡാറ്റയ്ക്കനുസരിച്ച് കച്ചവടം നിശ്ചയിക്കുന്ന കുത്തക കമ്പനികള്‍ക്ക് ഡാറ്റയാണിന്ന് ഏറ്റവും വലിയ മൂലധനം. കേന്ദ്ര സര്‍ക്കാര്‍ ഈ വിവര ശേഖരണവുമായി ബന്ധപ്പെട്ട് സേവനം വാഗ്ദാനം ചെയ്തിട്ടും അത് മറികടന്നാണ് വിദേശ കമ്പനികളെ കണ്‍സല്‍ട്ടന്‍സി ഏല്‍പ്പിക്കുന്നത്. ഇവിടെയും 6 മാസം കഴിഞ്ഞാല്‍ ഫീസീടാക്കുമെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചാണ് സൗജന്യ സേവനമെന്ന് കൊട്ടിഘോഷിക്കുന്നത്.

ഓരോ വകുപ്പു മന്ത്രിമാരെയും നിശ്ചലമാക്കിക്കൊണ്ട്, മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും ഒപ്പുവച്ച കണ്‍സല്‍ട്ടണ്‍സി പദ്ധതികള്‍ക്ക് കണക്കില്ല. മാത്രമല്ല, ഇത്തരം കണ്‍സല്‍ട്ടന്‍സികള്‍ കൊണ്ട് സര്‍ക്കാര്‍ ഖജനാവിന് സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് പല തരത്തിലുള്ള ദ്രോഹവുമാണ് ഫലത്തില്‍ ഉണ്ടാവുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടും ഈ നിമിഷം വരെയും കണ്‍സല്‍ട്ടന്‍സികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ അഴിമതികളത്രയും ഐടി സെക്രട്ടറിയുടെ സസ്‌പെന്‍ഷന്റെ മറവില്‍ മാഴ്ചച്ചകളയാമെന്നാണ് കരുതുന്നതെങ്കില്‍, അത് അങ്ങേയറ്റത്തെ വിഡ്ഢിത്തം മാത്രമാണ്.

Next Story

RELATED STORIES

Share it