Articles

'2021' വിടപറയുമ്പോള്‍....

2021 വിടപറയുമ്പോള്‍....
X

കുറെ ഏറെ വേദനകളും നിരാശകളും ആശങ്കകളും ഉയര്‍ത്തിയാണ് 2021 വിടവാങ്ങുന്നത്. ഇക്കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെക്കുറിച്ച് 2022 ല്‍ നമുക്ക് ഓര്‍ക്കാനുണ്ടാവുക പ്രതീക്ഷകളും സന്തോഷവും പകരുന്ന തുച്ഛമായ ചില അനുഭവങ്ങള്‍ മാത്രമാവും. മറ്റൊരു കണക്കിന് അത് നല്ലതാണ്. വരുംവര്‍ഷങ്ങളില്‍ പൂര്‍വാധികം ജാഗ്രതയുള്ളവരായി ജീവിക്കാന്‍ അത് നമുക്ക് ഊര്‍ജം പകരും. ഒപ്പം ആരുണ്ട് ഇനിയുള്ളകാലം ഒപ്പമെന്നും ആരാണ് ഒറ്റുകാരെന്നും ആരാണ് ആരാച്ചാരെന്നും ചൂണ്ടിക്കാണിച്ചുതന്നാണ് 2021 ജനതയോട് വിടപറയുന്നത്.

ഭരണഘടനാധിഷ്ടിതവും ജനാധിപത്യ, മതേതരവുമായ ഇന്ത്യയെ രണ്ടാം മോദി വാഴ്ച ഇന്ത്യയല്ലാതാക്കിക്കൊണ്ടിരിക്കുന്നതിനെ കണ്ടില്ലെന്ന് നടിച്ച് 2021 നോട് വിടപറയാനോ 2022ന്റെ പടിവാതില്‍ ചവിട്ടാനോ നമുക്കു സാധ്യമല്ല. സംഘപരിവാരം അതിന്റെ ചോരയിറ്റുന്ന ദ്രംഷ്ട്രകള്‍ മുഴുവന്‍ പുറത്തുകാണിക്കാന്‍ തുടങ്ങിയെന്ന കരുതലോടെ മാത്രമേ 2022 ല്‍ നമുക്ക് ജീവിക്കാന്‍ സാധിക്കൂ. ഏറ്റവും ഒടുവിലായി ഉത്തരാഖണ്ഡ് ഹരിദ്വാറില്‍നിന്നുകേട്ട വംശീയ ഉന്‍മൂലന ആഹ്വാനവും പച്ചപ്പകലിലെ കൊലവിളിയും കേട്ട് ഇന്ത്യയുടെ ആത്മാവ് നടുങ്ങിനില്‍ക്കുകയാണ്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടണമെന്നും തോക്ക് കൈയിലില്ലാത്തുകൊണ്ട് മാത്രമാണ് താന്‍ ഗോഡ്‌സെ ആവാത്തതെന്നും മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ എന്ന പോലെ ഇന്ത്യയിലെ വംശീയ ഉന്‍മൂലനത്തിന് തയ്യാറാവണമെന്നുമാണ് സന്യാസി വേഷക്കാരുടെ ആഹ്വാനം.

പരസ്യമായി ഇതെല്ലാം വിളിച്ചുകൂവിയിട്ടും പോലിസ് മൂന്നുപേര്‍ക്ക് സമന്‍സ് നല്‍കി വന്നാലും വിശദീകരിച്ചാലുമെന്നപോലെ ക്ഷണിച്ച് കാത്തിരിക്കുകയാണ്. അതിനും തൊട്ടുമുമ്പാണ് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രിസ്ത്യാനികളും അക്രമിക്കപ്പെട്ടത്. ഹരിയാനയിലും യുപിയിലും കര്‍ണാടകയിലും ഇതെല്ലാം നടക്കുമ്പോള്‍ അസമില്‍ ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറഞ്ഞ് സംഘപരിവാരം അക്രമം അഴിച്ചുവിട്ടു. ചരിത്രത്തില്‍ ആദ്യമായി ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞതും സാന്താക്ലോസ് വേഷധാരികള്‍ അക്രമിക്കപ്പെട്ടതും ക്രിസ്തുവിന്റെ പ്രതിമകള്‍ തച്ചുതകര്‍ക്കപ്പെട്ടതും സാന്താക്ലോസ് കോലം കത്തിച്ചതും റോമിലെത്തി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ 2021ലാണെന്നു ഇനി ചരിത്രം പറയും.

മുസ്‌ലിംകളുടെ ജുമുഅ നമസ്‌കാരസ്ഥലത്തെത്തി ജയ് ശ്രീറാം വിളിച്ചും പൂജ നടത്തിയും ചാണകം വിതറിയും പ്രാര്‍ത്ഥന മുടക്കിയ സംഘപരിവാരത്തെയും 2021 ല്‍ നമ്മള്‍ കണ്ടു. പലവട്ടം രാജ്യത്തിന്റെ പല ഭാഗത്തായി മുമ്പില്ലാത്ത വിധം തുറന്ന വേദികളില്‍ ഹിന്ദുരാഷ്ട്രപ്രഖ്യാപനങ്ങള്‍ നടന്നതും കടന്നുപോവുന്ന വര്‍ഷമാണ്. നിരവധി മുസ്‌ലിം- ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സംഘപരിവാരത്തിന്റെ കര്‍സേവാ ലിസ്റ്റിലുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടതും ഈ വര്‍ഷം തന്നെ. സമാന അനുഭവങ്ങളിലൂടെയാണ് ഇക്കാലയളവില്‍ രാജ്യത്തെ ദലിതരും കടന്നുപോയത്. ഏറ്റവും ഒടുവില്‍ സ്‌കൂളില്‍ ഭക്ഷണമുണ്ടാക്കിയെന്ന കുറ്റത്തിന് ദലിത് സ്ത്രീയെ പുറത്താക്കി.

ഒരുഭാഗത്ത് ഹിന്ദുത്വര്‍ അഴിഞ്ഞാടുമ്പോള്‍ മറുഭാഗത്ത് ഇതിന് കുടപിടിച്ചുനില്‍ക്കുന്ന ഭരണകൂടങ്ങളെയും പോലിസിനെയും സേനയെയുമാണ് രാജ്യം കണ്ടത്. നാഗാലാന്റില്‍ ഭീകരരെന്ന് ആരോപിച്ച് സൈന്യം വെടിവച്ചുകൊന്നത് 14 ഗ്രാമീണതൊഴിലാളികളെയാണ്. കശ്മീരിലും തീവ്രവാദക്കുറ്റം ആരോപിച്ച് രാജ്യത്തെ പൗരന്‍മാര്‍ തോക്കിനിരയായി. അസമില്‍ അരനൂറ്റാണ്ടായി പ്രദേശത്ത് വസിച്ചുപോരുന്ന മുസ്‌ലിം ഗ്രാമീണരെ കൈയേറ്റം ആരോപിച്ച് ഒഴിക്കാനെന്നപേരില്‍ ഭരണകൂടം വെടിവച്ചുകൊന്നതും മൃതദേഹത്തില്‍ ചാടിവീണ് സംഘപരിവാരം ചുടലനൃത്തം ചവിട്ടിയതും ലോകം മൂക്കത്ത് വിരല്‍വച്ചുനിന്ന് കണ്ടതാണ്. വര്‍ഷം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും അതിനിടയില്‍ എത്ര കാരണങ്ങളുണ്ടാക്കി വംശീയ പകയുടെ പേരില്‍ എത്രത്തോളം പേരെ കൊല്ലാമെന്നതാണ് ഇപ്പോള്‍ സംഘപരിവാരത്തിന്റെയും സംഘപരിവാര നിയന്ത്രിത ഭരണകൂടത്തിന്റെയും നോട്ടം.

2020ലായിരുന്നു ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നത്. അരക്കോടിയിലധികം പേര്‍ മരിച്ചുവീണപ്പോള്‍ കൊന്നുമടുത്തിട്ടെന്നപോലെ മഹാമാരി മാറിനിന്നുവെന്നല്ലാതെ മനുഷ്യന് അതിനെ ആത്യന്തികമായി തുരത്താനായില്ല. 2021 അവസാനിക്കുമ്പോള്‍ ഒമിക്രോണ്‍ എന്ന പുതിയ അവതാരം മരണവക്രതവുമായി നമുക്കുപിന്നിലുണ്ട്. ആദ്യഘട്ടില്‍ കൊവിഡിനെ നേരിടാന്‍ മുന്നൊരുക്കം പോലുമില്ലാതെ തിടുക്കപ്പെട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നമ്മുടെ രാജ്യത്ത് രണ്ടാം ഘട്ടത്തില്‍ അതായത് 2021ല്‍ എല്ലാ ജാഗ്രതകളും കളഞ്ഞുകുളിച്ചു. അതിന്റെ തിക്തഫലവും നമ്മള്‍ അനുഭവിച്ചു. മൂന്നുലക്ഷം പേരെ നമുക്കു നഷ്ടമായി. ഒന്നാം തരംഗത്തിന്റെ മൂന്നിരട്ടി ആഘാതമാണ് ഭരണകൂടത്തിന്റെ ജാഗ്രതയില്ലായ്മയില്‍ രാജ്യം അനുഭവിച്ചത്.

ഒന്നാം ഘട്ടത്തല്‍ മുന്‍ പിന്‍ നോക്കാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യത്ത്, കുട്ടികള്‍ വീട്ടിലിരുന്നു പഠിക്കാനും ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്നു ജോലിചെയ്യാനും തുടങ്ങിയപ്പോള്‍ മറ്റെല്ലാം മറന്ന് കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തി. ഔദ്യോഗിക ആള്‍ക്കൂട്ടം സൃഷ്ടിച്ച് പൗരന്‍മാരെ കൊറോണയുടെ കൈയകലത്തിലെത്തിച്ചു. പിന്നെ കണ്ടത് ആരോഗ്യരംഗത്ത് ഇന്ത്യ ആരെയും വെല്ലുമെന്ന പുറംപൂച്ച്, ആശുപത്രികളില്‍ കിടന്ന് ശ്വാസം കിട്ടാതെ രോഗികള്‍ പിടയുന്ന കാഴ്ചയായിരുന്നു. അതിവ്യാപന ഘട്ടത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതിന്റെ തിക്തഫലം ഇപ്പോഴും നമ്മള്‍ അനുഭവിക്കുന്നു. രാത്രികാല കര്‍ഫ്യൂവിലേക്കും തുടര്‍ന്ന് ഇനിയും ലോക്ക്ഡൗണുകളിലേക്കും പോവേണ്ടിവരുമെന്ന സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്.

ഏപ്രില്‍- മെയ് മാസങ്ങളിലാണ് മഹാമാരി അതിന്റെ ഭീകരതാണ്ഡവം രാജ്യത്ത് നടത്തിയത്. അത് ലോകത്തിന് ഇന്ത്യയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയ അനുഭവമായി. രാജ്യതലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ആളുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുവീഴുന്നതും ഉറ്റവര്‍ വാവിട്ട് നിലവിളിക്കുന്നതും നിറഞ്ഞുകവിഞ്ഞ ശ്മശാനങ്ങളും, ശ്മശാനങ്ങള്‍ക്ക് മുന്നിലെ മൃതദേഹങ്ങളുടെ ക്യൂവും ലോകം കണ്ടു. പണ്യനദിയായ ഗംഗയില്‍ യുപിയില്‍നിന്ന് ഒഴുക്കിവിട്ട കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപോര്‍ട്ട് ചെയ്തു. നദിക്കരയില്‍ മൃതദേഹങ്ങള്‍ നായ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ മരവിച്ച മനസ്സോടെ പച്ചമനുഷ്യന്‍ നോക്കിനിന്നു. ഇതിനൊക്കെ ഇടയിലും കൊറോണ മഹാമാരിയെ വംശീയമായി ചിത്രീകരിക്കുന്നതിനും അന്ധവിശ്വാസം പടര്‍ത്തുന്നതിനും സംഘപരിവാര നേതാക്കള്‍ ജാഗരൂകരായി.

കൊറോണയ്‌ക്കെതിരേ പ്രതിരോധനടപടികള്‍ സ്വീകരിക്കേണ്ട സമയത്ത് ഗോമൂത്രവും ചാണകവും ചര്‍ച്ചയാക്കി. പശുവിനെ വിശുദ്ധമൃഗമാക്കാനുള്ള ശ്രമത്തിനിടയില്‍ മനുഷ്യശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ ഒരുകൊള്ളി പച്ചവിറകുപോലും കിട്ടാതെ നദികളില്‍ അനാഥമായി ഒഴുകിനടന്ന വാര്‍ത്ത ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി. പുതുവര്‍ഷ പിറവിയില്‍ ഒമിക്രോണിന് ദയ തോന്നട്ടെയെന്ന് പാവങ്ങളില്‍ പാവങ്ങളായ ഇന്ത്യക്കാര്‍ പ്രാര്‍ഥിച്ചാല്‍ അതിനവരെ കുറ്റം പറയാനാവില്ല. ലോക്ക് ഡൗണ്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കരകയറിവന്ന ഈ മനുഷ്യരെയാണ് രണ്ടാം തരംഗം പിടികൂടിയതെങ്കില്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ഒമിക്രോണിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനത്തെ പൊറുതിമുട്ടിക്കുകയാണ്.

ഇന്ധനവിലയെ സെഞ്ച്വറിയിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ച വര്‍ഷം കൂടിയാണ് 2021. മോദി സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് രാജ്യത്തെ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ തെളിയിച്ചു, വിജയിച്ചുകാണിച്ചുതന്നതിനും 2021 സാക്ഷിയായി. പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നു പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും അവടെത്തന്നെ ബില്ല് കൊണ്ടുവന്ന് റദ്ദാക്കി മോദിക്ക് കര്‍ഷകരോട് കൈകൂപ്പി മാപ്പുപറയേണ്ടിവന്നു. 2020ല്‍ തന്നെ പഞ്ചടാബിലെ കര്‍ഷകര്‍ അവിടെ സമരംതുടങ്ങിയരുന്നു. ഭരണകൂടവും മാധ്യമങ്ങളും അത് കണ്ടില്ലെന്നു നടിച്ചപ്പോള്‍ 2020 നവംബര്‍ 26നാണ് രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരവുമായെത്തിയത്. അതോടെ സമരം ഹരിയാന, യുപി, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു.

സിംഘു അതില്‍ത്തി സമരസിരാകേന്ദ്രമായി. 2021 ല്‍ ഡല്‍ഹി അതിര്‍ത്തികള്‍ കര്‍ഷകസമരത്താലും മുദ്രാവാക്യത്താലും മുഖരിതമായിരുന്നുവെന്നുതന്നെ പറയണം. എന്തെല്ലാമായിട്ടും കര്‍ഷകര്‍ക്ക് ചെവികൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച് സമരത്തെ അട്ടിമറിക്കാന്‍ പലവിധ മാര്‍ഗങ്ങളും സ്വീകരിച്ചു. കര്‍ഷകനേതാവ് രാകേഷ് ടിക്കായത്തിനെ അക്രമിക്കാന്‍വരെ ആളുകളെത്തി. കര്‍ഷകര്‍ അക്രമിയെ പിടികൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. പോലിസാണ് പരിശീലനം നല്‍കി പറഞ്ഞയച്ചതെന്ന് അക്രമി വെളിപ്പെടുത്തി. പിന്നെ കര്‍ഷകസമരത്തെ രാജ്യദ്രോഹപ്രവര്‍ത്തനമായി ചിത്രീകരിക്കാനും അന്താരാഷ്ട്ര ബന്ധമുള്ള ഗൂഢാലോചനയായി പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. റിപബ്ലിക് ദിന കര്‍ഷക മാര്‍ച്ചിനിടെ നുഴഞ്ഞുകയറിയ സംഘപരിവാരം അക്രമം അഴിച്ചുവിട്ടു. കര്‍ഷകര്‍ക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ഏറ്റവുമൊടുവില്‍ യുപി ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റിയും വെടിയുതിര്‍ത്തും കൂട്ടക്കുരുതി നടത്തി. പോരാട്ടത്തിനിടയ്ക്ക് രക്തസാക്ഷികളായ 700ലധികം കര്‍ഷകരുടെ ജീവന് നീതിചോദിക്കുന്നതായി ലഖിംപൂര്‍ ഖേരിയിലെ എട്ടുപേരുടെ മരണം. കോടതിയില്‍ ഉള്‍പ്പെടെ യുപി സര്‍ക്കാര്‍ വിയര്‍ത്തു. ചോദ്യമുനകള്‍ കേന്ദ്രത്തിനെതിരെയും നീണ്ടു. അതോടെ യുപിയില്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന് ബിജെപി ഭയന്നു. മോദിയെ വിട്ട് കര്‍ഷകരോട് മാപ്പുപറയിക്കുകയും ചെയ്തു. കൊത്തിയ പാമ്പിനെക്കൊണ്ട് വിഷമെടുപ്പിച്ചാലും അനുഭവം തന്ന പാട് മായില്ലെന്ന് കര്‍ഷകര്‍ കരുതുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അവര്‍ മറുപടി പറയുമെന്ന് 2021ന് കരുതാം.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വസിക്കാനുള്ളതൊന്നും 2021ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതേസമയം, ആശങ്കപ്പെടുകയും ഭയപ്പെടുകയും ചെയ്യേണ്ട പലതും കൊടുക്കുകയും ചെയ്തു. പ്രതിഷേധിക്കുകയോ പ്രതിഷേധിക്കുമെന്ന് തോന്നുകയോ ചെയ്ത പലരെയും രാജ്യദ്രോഹക്കുറ്റവും യുഎപിഎയുമെല്ലാം ചാര്‍ത്തി തുറുങ്കിലടച്ചു. കൊലവിളി പ്രസംഗം നടത്തിയ സംഘപരിവാര നേതാക്കളോടോ സന്യാസിവേഷക്കാരോടോ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാര ആള്‍ക്കൂട്ടത്തോടോ കൈയിലെടുക്കാത്ത നിയമവും വകുപ്പുമെല്ലാം ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരോടും ചെറുവിരലുകൊണ്ടോ നാവുകൊണ്ടോ പോലും പ്രതികരിച്ചവരോടും പുറത്തെടുത്തു.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗഘത്തിന് ഇരയായി മരിച്ചത് റിപോര്‍ട്ട് ചെയ്യാന്‍പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഒരുവര്‍ഷം തികഞ്ഞത് 2021ലാണ്. അതേ അനുഭവമാണ് അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന കാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ അതീഖുര്‍റഹ്മാന്‍, മസ്സൂദ് അഹമ്മദ് എന്നിവര്‍ക്കും ഡ്രൈവര്‍ ആലത്തിനും നേരിടേണ്ടിവന്നത്. ബിജെപിയുടെ യോഗി സര്‍ക്കാര്‍ കേരളത്തില്‍ പോലുമെത്തി ആളുകളെ അറസ്റ്റുചെയ്തുകൊണ്ടുപോവാന്‍ തുടങ്ങിയതും 2021ലാണ്. കാപ്പന്റെ കൂടെ അറസ്റ്റിലായ അതിഖുര്‍റഹ്മാന് യാത്രാക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി റഊഫ് ശെരീഫിനെ അറസ്റ്റുചെയത്.

അന്‍ഷാദ്, ഫിറോസ് എന്നീ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യാത്രാമധ്യേ യുപി പോലിസ് അറസ്റ്റുചെയ്ത് ആയുധക്കടത്ത് ആരോപിച്ചാണ്. തെളിവ് എവിടെയെന്നു ചോദിക്കരുതെന്ന് മാത്രം. തോക്കുണ്ടായിരുന്നെങ്കില്‍ താന്‍ ഗോഡ്‌സെ ആവുമായിരുന്നെന്നും മന്‍മോഹന്‍സിങ്ങിനെ പാര്‍ലമെന്റിനകത്തിട്ട് വെടിവച്ചുകൊല്ലുമായിരുന്നെന്നും പട്ടാപ്പകല്‍ ഉത്തരാഖണ്ഡില്‍ വിളിച്ചുപറഞ്ഞ ധരംദാസ് മഹാരാജിന്റെ ദൃശ്യം ഇപ്പോഴും മാധ്യമങ്ങളിലുണ്ട്. അയാളെ അറസ്റ്റ്് ചെയ്യാന്‍ പോലിസില്ലാത്ത 2021 ആണ് കടന്നുപോവുന്നത്. രാജ്യത്ത് പ്രതികരിക്കാനും മര്‍ദ്ദിതര്‍ക്കൊപ്പം നില്‍ക്കാനും ഒരു പ്രതിപക്ഷമില്ലെന്ന് തോന്നിപ്പോയ വര്‍ഷമാണ് കടന്നുപോവുന്നത്.

പ്രതിപക്ഷ ശബ്ദമെന്നു രാജ്യം കിനാവുകണ്ട രാഹുല്‍ഗാന്ധിയും പ്രിയങ്കയുമെല്ലാം ചില സോഷ്യല്‍ മീഡിയാ ഗിമ്മിക്കുകളില്‍ മാത്രം ഒതുങ്ങി. കര്‍ഷകസമരം പോലൊരു ദേശീയസമരമോ അതിന് മുമ്പ് പൗരത്വസമരത്തിലോ ലോക്ക് ഡൗണില്‍ ജനം ദുരിതമനുഭവിക്കുമ്പോഴോ ഇപ്പോള്‍ രാജ്യത്ത ന്യൂനപക്ഷങ്ങള്‍ മുമ്പില്ലാത്തവിധം സംഘപരിവാര ഭീഷണി നേരിടുമ്പോഴോ സാമ്പ്രദായിക പ്രതിപക്ഷ ശബ്ദങ്ങളോ നേതാക്കളെയോ നമ്മള്‍ കണ്ടില്ല. അതേസമയം, ഇതിനോടൊക്കെ പ്രതികരിക്കാന്‍ രാജ്യത്തെ ജനത മുന്നോട്ടുവരുന്നതിന്റെ ലക്ഷണമാണ് കര്‍ഷകസമര വിജയം. ഒരുമേല്‍ക്കോയ്മാ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടെ വിജയത്തെ തങ്ങളുടേതുമെന്ന് അഭിമാനത്തോടെ പറയാനാവില്ല. അതുകൊണ്ടുതന്നെ ചെറുതെന്നുകരുതിയ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രസക്തിയും ശക്തയും തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണ് 2021.

രാജ്യത്തിന്റെ പലഭാഗത്തും ക്രിസ്ത്യാനികളും ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെട്ടപ്പോള്‍ ഒരൊറ്റ ക്രിസ്ത്യന്‍ സംഘടനകള്‍ പോലും സംഭവസ്ഥലത്തല്ലാതെ രംഗത്തിറങ്ങിയില്ല. എന്നാല്‍, ഇങ്ങ് കേരളത്തില്‍ പോലും ആര്‍എസ്എസ്സിന്റെ ക്രൈസ്തവ വേട്ടയ്‌ക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചത് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. മുസ്‌ലിംകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരേ സംഘപരിവാര അക്രമമുണ്ടായപ്പോഴും രാജ്യവ്യാപകമായി ഇത്തരം ജനകീയ പ്രതിഷേധങ്ങള്‍ കണ്ടു. അസമില്‍ നിരപരാധികളായ ഗ്രാമീണരെ പോലിസ് വെടിവച്ചുകൊന്നതിനെതിരേ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് രംഗത്തുവന്നത് പോപുലര്‍ ഫ്രണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനമാണ്. കര്‍ണാടകയില്‍ പോലിസ് സ്‌റ്റേഷനില്‍ ഒരു പരാതിയുമായെത്തിയ രാഷ്ട്രീയനേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ച പോപുലര്‍ ഫ്രണ്ട് നേതാവിനെയും നാട്ടുകാരെയും പോലിസ് തല്ലിച്ചതച്ചപ്പോള്‍ പോപുലര്‍ ഫ്രണ്ടിന്റെ ജനകീയാടിത്തറ പോലിസിന് മനസ്സിലാക്കിക്കൊടുത്ത പ്രകടനവും 2021ല്‍ നടന്നു.

ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ കോടതി മാത്രമാണ് 2021ല്‍ ജനതയ്‌ക്കൊപ്പം നിന്നതെന്ന് ഇന്ത്യ വിളിച്ചുപറയും. കോടതികളിലുള്ളത് നിയമം വ്യാഖ്യാനിക്കുന്നവരാണ്. നിയമം നടപ്പാക്കുന്നത് ഭരണഘടനാപരമായാണോ എന്ന് പരിശോധിക്കലാണ് അവരുടെ കടമയെന്ന് സുപ്രംകോടതി ജനതയുടെ തോളില്‍ കൈയിട്ടുനിന്ന് ലളിതമായി പഠിപ്പിച്ച ഒരുവര്‍ഷമാണ് കടന്നുപോവുന്നത്. ജസ്റ്റിസ് എന്‍ വി രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം കോടതി അതിന്റെ വിശ്വാസ്യതയും വ്യക്തിത്വവും വീണ്ടെടുക്കുന്ന കാഴ്ച രാജ്യജനത ആശ്വാസത്തോടെ കണ്ട വര്‍ഷമാണ് 2021 എന്നും പറയാം. കൊവിഡിന് സൗജന്യവാക്‌സിന്‍ വാഗ്ദാനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ പക്ഷേ സംസ്ഥാനങ്ങളോട് പണം ചോദിച്ച് കൈനീട്ടിനിന്നപ്പോള്‍ സുപ്രിംകോടതിയാണ് കര്‍ശനമായി പറഞ്ഞത് ജനതയ്ക്ക് കൊടുക്കാന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന്. അതുപോലെ തന്നെയാണ് വാക്‌സിന്‍ കമ്പനികള്‍ക്കും സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

കേന്ദ്രത്തിന് വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ വിലകൂട്ടി സംസ്ഥാനങ്ങള്‍ക്ക് നല്‍കരുതെന്നും രണ്ടുകൂട്ടര്‍ക്കും വില ഏകീകരിച്ചുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കോടികള്‍ ദുതാശ്വാസത്തിനായി പിരിക്കുകയും വകയിരുത്തുകയും ചെയ്തിട്ടുള്ള സര്‍ക്കാരുകളും കേന്ദ്രവും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതിരുന്നപ്പോള്‍ ഓരോ കുടംബത്തിനും 50,000 രൂപവീതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സാങ്കേതിക തടസ്സം പറഞ്ഞുനിന്ന സര്‍ക്കാരുകള്‍ക്ക് അതോടെ ഉത്തരം മുട്ടി. കൊവിഡില്‍ അതതുസംസ്ഥാനത്ത് എത്ര കുട്ടികള്‍ അനാഥരായിട്ടുണ്ടെന്ന കണക്കുപോലും കൈയിലില്ലാതിരുന്ന സംസ്ഥാനങ്ങളുടെ ചെവിക്കുപിടിക്കാനും സുപ്രിംകോടതി മറന്നില്ല. ആ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കിയതും കോടതി ഇടപെട്ടാണ്.

പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തിന്റെ ഉരുണ്ടുകളി അവസാനിപ്പിച്ചതും സുപ്രിംകോടതിയാണ്. എത്ര നിര്‍ബന്ധിച്ചിട്ടും രാജ്യസുരക്ഷയുടെ കാര്യം പറഞ്ഞ് വസ്തുത പറയാന്‍ കേന്ദ്രം മടിച്ചപ്പോള്‍ രാജ്യസുരക്ഷയുടെ കാര്യംപറഞ്ഞ് അറിയാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല, പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ കോടതി തന്നെ വിദഗ്ധസമിതിക്കു രൂപം നല്‍കി കേന്ദ്രസര്‍ക്കാരിന്റെ മുട്ടുവിറപ്പിച്ചു. ഭരണകൂടം പ്രതിക്കൂട്ടിലാവുന്ന കേസുകള്‍ വരുമ്പോള്‍ കോടതി എവിടെ നില്‍ക്കണമെന്ന ചോദ്യം ഉയരാന്‍ പാടില്ലെന്നാണ് ഇതുവഴി സുപ്രിംകോടതി വ്യക്തമാക്കിയത്. കോടതികള്‍ എപ്പോഴും നിയമത്തിന്റെ ശരിയുടെ ഭാഗത്ത് നില്‍ക്കും.

ഭരണകൂടങ്ങള്‍ മാറും, കോടതിയും നീതിയുടെ നിലപാടും മാറില്ലെന്ന് വ്യക്തമാക്കിയ നീതിപീഠം ജനതയുടെ പ്രതീക്ഷകളില്‍ ഒന്നായി 2021ല്‍ നമുക്ക് മുന്നില്‍ നിന്നു, തലയെടുപ്പോടെ. പ്രതീക്ഷ പുലര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ വര്‍ത്തമാനകാല ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ 2021ല്‍ സാധിച്ചില്ല. പാര്‍ലമെന്റിലെ പുലികള്‍ പുറത്ത് എലികളോ നിശബ്ദരോ ആയി. പുറത്തെ പുലികള്‍ അകത്ത് എലികളായി. ജനത പകച്ചുനിന്നു. ചോദിക്കാനും പറയാനും ഇവിടെയാരുമില്ലേ എന്ന് വിദേശമാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും വരെ പലവട്ടം തലനീട്ടിനോക്കി. എന്നാല്‍, ചിലര്‍ ചില അനക്കങ്ങള്‍കാട്ടി. അത് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു.

ഒന്ന് പശ്ചിമ ബംഗാളിന്റെ ദീദി മമതാ ബാനര്‍ജിയും തമിഴ്‌നാടിന്റെ എം കെ സ്റ്റാലിനുമായിരുന്നു. രാജ്യത്ത് ഒരു ബിജെപി വിരുദ്ധ ചേരി വളരുന്നുണ്ടെങ്കില്‍ അതിന്റെ തലപ്പത്ത് സോണിയയോ രാഹുലോ പ്രിയങ്കയോ അല്ല അത് മമത ആയിരിക്കുമെന്ന് ജനതയ്ക്കും താനായിരിക്കണമെന്ന് മമതയ്ക്കും തോന്നിയ വര്‍ഷമാണ് ഇത്. 2021ന്റെ തുടക്കം മുതല്‍ രാജ്യത്തിന്റെ ശ്രദ്ധ പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കായിരുന്നു. മമതയില്‍നിന്ന് ബംഗാള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നടങ്കം പശ്ചിമബംഗാളില്‍ കേന്ദ്രീകരിക്കുന്നത് രാജ്യം കണ്ടു. അതോടൊപ്പം മമതയുടെ തൃണമൂലില്‍നിന്ന് ഉരുള്‍പൊട്ടല്‍ പോലെ നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകി.

ഒടുവില്‍ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയും പോയി. പക്ഷേ, മമത തളര്‍ന്നില്ല. പരിക്കേറ്റ കാലുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. നന്തിഗ്രാമില്‍ സുവേന്ദുവും മമതയും നേരിട്ട് ഏറ്റുമുട്ടി. ഒടുവില്‍ 8 ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. നന്തിഗ്രാമില്‍ നൂലിഴയ്ക്ക് മമത തോറ്റു. പക്ഷേ, ബംഗാളില്‍ മമത നേടിയത് മിന്നും വിജയമായിരുന്നു. സവേന്ദു അധികാരിയുടെ വിജയം പക്ഷേ ബിജെപിക്ക് ആഘോഷിക്കാനായില്ല. കാരണം പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാന്‍ സാധിക്കാത്തത്. ബജെപിയുടെ അഹങ്കാരത്തിന്റെ ചെവിക്കുറ്റിക്കേറ്റ അടിയായിരുന്നു. അത് രാജ്യത്തെ ബിജെപി വിരുദ്ധ ചേരിക്ക് ശക്തി പകരുന്നതുമായിരുന്നു. അതിന്റെ മുന്‍നിരയിലേക്കാണ് മമത കടന്നുവരാന്‍ ശ്രമിക്കുന്നതും ജനം അഭിലഷിക്കുന്നതും.

മോദിക്കെതിരേ മമത എന്ന രീതിയല്‍ അത് വളര്‍ത്തിയെടുക്കാന്‍ പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചും നേരില്‍ കണ്ട് സംസാരിച്ചും മമതയും മുന്നിട്ടിറങ്ങി. ഇനി 2024ല്‍ കാണാമെന്ന് മോദിയോട് മമത പറയും പോലൊരു തോന്നല്‍ മമത ഉണ്ടാക്കിയിട്ടുണ്ട്. അത് അത്രത്തോളം എളുപ്പമല്ലെങ്കില്‍ പോലും. മുത്തവേല്‍ കരുണാനിധി സ്റ്റാലിന്‍ അഥവാ എം കെ സ്റ്റാലിന്‍ സ്‌റ്റൈല്‍ തമിഴകവും കടന്ന് ജനപ്രിയമായ വര്‍ഷമാണ് 2021. ചുരുങ്ങിയകാലം കൊണ്ടാണ് സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയായത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ പ്രതീക്ഷിക്കേണ്ടെങ്കിലും ദേശീയതലത്തില്‍ ന്യൂസ് മേക്കറാവാന്‍ സ്റ്റാലിന് കഴിഞ്ഞു. സഹമന്ത്രിമാരോടും എംഎല്‍എമാരോടും നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് ഉത്തരവിടുകയാണ് സ്റ്റാലിന്‍ ചെയ്തത്.

കഴിഞ്ഞ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിയത് ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകളായിരുന്നു. അധികാരമാറ്റത്തിനനുസരിച്ച് പൊതുഫണ്ടില്‍നിന്ന് പണമുപയോഗിച്ച് തന്റെ ചിത്രമുള്ള ബാഗുകളാണ് പുതിയ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കു നല്‍കേണ്ടത്. എന്നാല്‍, അത് മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് സ്റ്റാലിന്‍ മുന്നോട്ടുവച്ചത്. ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നായിരുന്നു സ്റ്റാലിന്റെ നിര്‍ദേശം. ഈ ഒരൊറ്റ തീരുമാനത്തിലൂടെ ഏകദേശം 13 കോടി രൂപയാണ് തമിഴ്‌നാടിന് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിച്ചത്. പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിര്‍മിച്ച വന്‍പദ്ധതികള്‍ പോലും അധികാര മാറ്റത്തിനനുസരിച്ച്, രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്റെ ഇത്തരം നിര്‍ണായക തീരുമാനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോവുന്ന ഭരണമാണ് തമിഴകത്ത് നടപ്പാക്കുന്നതെന്ന പ്രശംസയും സ്റ്റാലിന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. കാര്‍ഷിക ബില്ലിനെതിരേ പ്രമേയം അവതരിപ്പിച്ച ആറാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറിയതിനു പിന്നിലും സ്റ്റാലിന്റെ അടിയുറച്ച നിലപാടുണ്ടായിരുന്നു. പൗരത്വ സമരവുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ക്കെതിരേ ചമുത്തിയ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടതും സ്റ്റാലിനാണ്. ഡിഎംകെ സര്‍ക്കാരിന്റെ ആദ്യബഡ്ജറ്റില്‍ തന്നെ സ്ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനം സ്റ്റാലിന്‍ നിറവേറ്റി. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി 9 മാസമായിരുന്നത് ഒരുവര്‍ഷമായി ദീര്‍ഘിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് മാസംതോറും 1000 രൂപ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

പെട്രോളിന് മൂന്ന് രൂപ കുറക്കാനുള്ള തീരുമാനവും സ്റ്റാലിനെ കൂടുതല്‍ ജനകീയനാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ 1.50 കോടി രൂപയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചത്. രാജ്യവ്യാപകമായ സ്ഥലനാമങ്ങള്‍ മാറ്റുന്ന തിരക്കില്‍ ബിജെപി സര്‍ക്കാരുകള്‍ നീങ്ങുമ്പോള്‍ തമിഴ്‌നാട്ടിലെ പഴയ സ്ഥലനാമങ്ങള്‍ ഒന്നും തന്നെ മാറ്റരുതെന്ന് സ്റ്റാലിന്‍ ഉത്തരവിട്ടും ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികനാളില്‍ ഗോഡ്‌സെ പൂജ നടത്തയവര്‍ക്കെതിരേ കേസെടുക്കാനും സ്റ്റാലിന്‍ മറന്നില്ല. ചരിത്രം സൃഷ്ടച്ച് രണ്ടാം വട്ടവും അധികാരത്തില്‍ വന്നെങ്കിലും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു മമതയോ മറ്റൊരു സ്റ്റാലിനോ ആവാന്‍ കഴിയാത്ത് ഉള്ളില്‍ പഴയ സ്റ്റാലിന്‍ ഉള്ളതുകൊണ്ടാണെന്ന് 2021 സാക്ഷ്യം പറയും. എന്തുകൊണ്ടോ പലപ്പോഴും മോദിയെയും അമിത് ഷായെയും ഇടയ്ക്ക് യോഗിയേയും ഓര്‍മിപ്പിക്കുന്നുണ്ട് പിണറായി വിജയന്റെ നിലപാടുകളും പ്രഖ്യാപനങ്ങളും സര്‍ക്കാരിന്റെ നയങ്ങളും.

എല്‍ഡിഎഫ് വരും എല്ലാം ശരിയാവുമെന്നായിരുന്നു ആദ്യ ഊഴത്തിലെ മുദ്രാവാക്യമെങ്കില്‍, എല്‍ഡിഎഫ് വീണ്ടും വന്നു എല്ലാവരെയും ശരിയാക്കുമെന്നതുപോലെയാണ് കെ- റെയിലുമായി കേരളത്തെ വെട്ടിമുറിക്കാനുള്ള പോക്കെന്ന് വിമര്‍ശകര്‍ പറയുന്നു. ഒരുഭാഗത്ത് പൗരത്വ നിയമഭേദഗതി സംഘപരിവാര അജണ്ടയെന്ന് പറയുന്നു. മറുഭാഗത്ത് അതിനിരകളാവുന്ന മുസ്‌ലിംകള്‍ക്കെതിരേ വിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഹസന്‍- കുഞ്ഞാലിക്കുട്ടി- അമീര്‍ സഖ്യം അധികാരത്തില്‍ വരാന്‍ പോവുന്നുവെന്ന പ്രചാരണം നടത്തി കേരളം തീവ്രവാദത്തിന്റെയോ വര്‍ഗീയതയുടെയോ പിടിയിലമരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു.

കേരളത്തിലെ മുസ്‌ലിം സംഘടനകളെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കുമാണ് പല സിപിഎം നേതാക്കളും സംസാരിച്ചുകൊണ്ടിരിക്കുന്നത്. കെ- റെയിലിനെതിരേ ഇടതുപക്ഷത്തുനിന്നുതന്നെ വിമര്‍ശനങ്ങളുയരുന്നത് മുഖ്യമന്ത്രി തന്നെ കാണുന്നില്ല. പദ്ധതി ജനവിരുദ്ധമെന്നു പറഞ്ഞ് മുസ്‌ലിം സംഘടനകള്‍ എതിര്‍ക്കുമ്പോള്‍ അവര്‍ വികസന വിരോധികളും തീവ്രവാദികളും വര്‍ഗീയവാദികളുമാണെന്നാണ് ആക്ഷേപം. അതുകൊണ്ടാണ് വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സമരത്തെയം വര്‍ഗീയതയായി വ്യാഖ്യാനിച്ചത്.

കേരളാ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎപിഎ കേസുകളുടെ വിശദാംശങ്ങള്‍ പോലും സഭയില്‍ ചോദിച്ചവരോട്, പെഗസസ് കേസില്‍ പാര്‍ലമെന്റില്‍ ചോദ്യമുന്നിച്ച പ്രതിപക്ഷത്തോട് ബിജെപി സര്‍ക്കാര്‍ പറഞ്ഞ ഭാഷയിലാണ് ഇവിടെ പിണറായി സര്‍ക്കാരിന്റെയും മറുപടി. നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ പോലും ചരിത്രത്തില്‍ അടയാളപ്പെടുത്താനാവാത്തവിധം മുസ്‌ലിം വിരോധം വളര്‍ത്തുന്ന ഇടതുപക്ഷത്തെയാണ് 2021 വരിച്ചിടുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അധികാരത്തിലെത്തിയിട്ട് ഒരുവര്‍ഷമായിട്ടില്ലാത്തിനാല്‍ 2021ല്‍ കേരളത്തെ ഭരണകൂടത്തിന്റെ നേട്ടം വച്ചുവിലയിരുത്താനാവില്ലെന്നു പറയുന്നവരുണ്ടാവാം.

പക്ഷേ, സമൂഹത്തിന്റെ ആധിയില്‍ ഊന്നി ചിലതുപറയാനുള്ളത് ഇതിനകം തന്നെ പറയിപ്പിച്ചുകളഞ്ഞുവെന്ന് പറയാതിരിക്കാനാവില്ല. നഷ്ടപ്പെട്ടവരെല്ലാം പ്രിയപ്പെട്ടവരാണ്. അപ്പോഴും കൊവിഡിലും കര്‍ഷകസമരത്തിലും വംശീയാതിക്രമങ്ങളിലും ജീവന്‍ പൊലിഞ്ഞവരും ഇപ്പോഴും അസാധ്യമെന്നുതന്നെ നമ്മള്‍ വിശ്വസിക്കുന്ന സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടവും 2021ന്റെ മനസ്സില്‍ മൂകമായി നില്‍ക്കുന്നു. അതിനപ്പുറം രാജ്യാതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിയും നമ്മെ അന്ധാളിപ്പിച്ചുനിര്‍ത്തുന്നു. വരും വര്‍ഷം നല്ല പുരികളുടേതാവട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. മാസ്‌ക് അഴിച്ചെറിഞ്ഞ് മുഖത്തുനോക്കി കൈപ്പിടിച്ച് എത്രനാളായി കണ്ടിട്ടെന്ന് ചോദിച്ചുചിരിക്കാന്‍ പുതുവര്‍ഷം നമുക്ക് അവസരം നല്‍കട്ടെ.

Next Story

RELATED STORIES

Share it