വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക

ഇക്കൊല്ലം ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കേരളത്തിനു പുറമേ, തമിഴ്‌നാട്ടില്‍ നാലിടങ്ങളിലും (കാഞ്ചീപുരം, നാഗപട്ടണം, കൃഷ്ണഗിരി, തിരുനെല്‍വേലി) കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും. 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ദേശവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികളാണ് പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക

2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ സംഘടിപ്പിച്ച എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ ദേശീയതലത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി രാജ്യവ്യാപകമായി ആചരിച്ചുവരുന്നത്. ഇക്കൊല്ലം ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കേരളത്തിനു പുറമേ, തമിഴ്‌നാട്ടില്‍ നാലിടങ്ങളിലും (കാഞ്ചീപുരം, നാഗപട്ടണം, കൃഷ്ണഗിരി, തിരുനെല്‍വേലി) കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും. 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ദേശവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികളാണ് പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നത്.

വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും കെട്ടുറപ്പുള്ള ഒരു പാര്‍ലമെന്ററി സംവിധാനവുമൊക്കെയാണ് നമ്മുടെ ജനാധിപത്യ സങ്കല്‍പ്പത്തിന്റെ അടിത്തറ. നിയമനിര്‍മ്മാണ സഭകളും ഭരണനിര്‍വഹണ സംവിധാനങ്ങളും നീതിന്യായ കോടതികളും രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി വിവേചനമില്ലാതെ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് വിശാലമായ നമ്മുടെ ജനാധിപത്യക്രമം ജീവസ്സുറ്റതാവുന്നത്. എന്നാല്‍, ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക് ഏഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍, നമ്മുടെ ജനാധിപത്യ അടിത്തറക്കുനേരെയുള്ള ആക്രമണം ശക്തമായിരിക്കുകയാണ്. സംഘപരിവാരം നേതൃത്വം നല്‍കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് നിരന്തരമായി നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. പല പേരുകളിലും വ്യത്യസ്ത വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇവര്‍, അധികാരവും, ആള്‍ബലവും ആയുധങ്ങളും ഉപയോഗിച്ച് പൗരന്‍മാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നു. ജനങ്ങളുടെ സൈ്വര ജീവിതത്തെ അപകടത്തിലാക്കുന്നു. വിയോജിപ്പുകളെ നിശ്ശബ്ദമാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും പാര്‍ലമെന്റിനെ പോലും അപ്രസക്തമാക്കുകയും ചെയ്യുന്നു.

ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളെ മറികടന്ന്, പശു ഒരു രാഷ്ട്രീയ ബിംബമായി ഉയര്‍ത്തപ്പെടുകയും, അതിന്റെ പേരില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ തെരുവില്‍ കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന തികച്ചും ഭീതിപ്പെടുത്തുന്ന സാമൂഹികാന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കാലിക്കടത്തും കശാപ്പും ആരോപിക്കപ്പെട്ട് രാജ്യത്തെ മുസ്‌ലിംകളും ദലിതുകളും ഏതു സമയത്തും തല്ലിക്കൊലകള്‍ക്കിരയാക്കപ്പെടുന്ന സ്ഥിതിവിശേഷം. ഇന്ത്യ സ്‌പെന്‍ഡിന്റെ കണക്കുപ്രകാരം, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ രാജ്യത്ത് 124 സംഭവങ്ങളിലായി 296 പേര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാവുകയും 46 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. വംശീയ ഭ്രാന്തുമൂത്ത ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊന്നവരില്‍ 56 ശതമാനം പേരും മുസ്‌ലിംകളും 10 ശതമാനം ദലിതരുമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കോടതികള്‍ അടക്കം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശങ്കയും പ്രതിഷേധവും ഉയര്‍ന്നിട്ടും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് അറുതിവരുത്താനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ ഭീകരരെ അമര്‍ച്ച ചെയ്യാനുമുള്ള ഫലപ്രദമായ യാതൊരു നടപടിയും രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

മറിച്ച്, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മുസ്‌ലിംകള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിലൂടെയും അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം മുസ്‌ലിംകളെ പുറന്തള്ളിക്കൊണ്ടും മുസ്‌ലിം വിരുദ്ധ വംശീയത ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിക്കാട്ടി വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഒരിക്കല്‍ കൂടി ആളിക്കത്തിക്കാനുള്ള നീക്കം സംഘപരിവാര ഹിന്ദുത്വ വിഭാഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കോടതി വിധി പ്രതികൂലമാണെങ്കില്‍ അംഗീകരിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുള്ള സംഘപരിവാര-ഹിന്ദുത്വ സംഘടനകള്‍, അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഈമാസം 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വര്‍ഗീയ മുതലെടുപ്പിന് വിത്തിറക്കിയിരിക്കുന്നത്.

വിയോജിപ്പിന്റെയും സംവാദത്തിന്റെയും നേര്‍ത്ത ശബ്ദങ്ങള്‍ പോലും പ്രതിലോമ ഹിന്ദുത്വ ശക്തികള്‍ക്ക് അസഹ്യമാണ്. അതുകൊണ്ടാണ് ആയുധമേന്തിയ കാവി ഭീകരത അത്തരം ശബ്ദങ്ങളെ കൊന്നുതള്ളുന്നത്. ഭീകരനിയമങ്ങളും മര്‍ദ്ദക ഏജന്‍സികളെയും ഉപയോഗിച്ച് ജനകീയ മുന്നേറ്റങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ജനാധിപത്യ ഇടങ്ങളെ പൂര്‍ണമായി തുടച്ചുനീക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ബ്രിട്ടീഷ്‌കാലത്തെ നിയമപ്രകാരം പോപുലര്‍ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. എന്നാല്‍, വീണ്ടും അതേ നിയമപ്രകാരം സംഘടനയെ ജാര്‍ഖണ്ഡില്‍ നിരോധിച്ചിരിക്കുന്നുവെന്ന സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംഘപരിവാര ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടിലിഴഞ്ഞു ശീലിച്ച ഒരു സമൂഹത്തിനിടയില്‍ നിയമപരമായ പ്രതിരോധത്തിന്റെയും ജനാധിപത്യ പോരാട്ടത്തിന്റെയും സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ശ്രമങ്ങളാണ് ഹിന്ദുത്വ ഭരണകൂടത്തെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും അമിതാധികാര പ്രയോഗവും അതിരുകള്‍ ലംഘിച്ചതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതേവരെ കണ്ടിട്ടില്ലാത്ത വിധം സുപ്രീംകോടതിയിലും റിസര്‍വ് ബാങ്കിന്റെ തലപ്പത്തും അസ്വസ്ഥതകള്‍ പുകയുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. മറുവശത്ത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കുംഭകോണമായി റഫേല്‍ യുദ്ധവിമാന ഇടപാട് മാറിക്കഴിഞ്ഞിരിക്കുന്നു. ദുരൂഹമായ വിമാനക്കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏകദേശം 18,000 കോടി രൂപയുടെ അഴിമതി ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമായിട്ടും പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യാനോ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ പ്രധാനമന്ത്രിയടക്കമുള്ള ഭരണനേതൃത്വം തയ്യാറായിട്ടില്ല. അഴിമതിയും വര്‍ഗീയതയും കോര്‍പ്പറേറ്റ് പ്രീണനവും ഒരേ പോലെ അരങ്ങുതകര്‍ക്കുന്ന കേന്ദ്രഭരണം നാലരവര്‍ഷം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനിടയില്‍ ഒരിക്കല്‍ പോലും രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ഭരണനേതൃത്വത്തില്‍ നിഴലിക്കുന്ന സേച്ഛാധിപത്യ പ്രവണതയുടെ മറ്റൊരു സൂചകമാണ്.

തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയബലാബലങ്ങളിലൂടെയും ഭരണ-പ്രതിപക്ഷ സ്ഥാനങ്ങളെ വേര്‍തിരിച്ചറിയാനുള്ള തൂക്കമൊപ്പിക്കലിലൂടെയുമുള്ള വെറും രാഷ്ട്രീയമാറ്റമല്ല, ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്നത്. ഓരോ പൗരനും അവന്റെ ജനാധിപത്യാവകാശങ്ങള്‍ വകവച്ചു കിട്ടുന്ന, സാമൂഹ്യസുരക്ഷിതത്വവും സ്വസ്ഥജീവിതവും ഉറപ്പുനല്‍കുന്ന ഒരു സാമൂഹിക മാറ്റത്തിനുവേണ്ട ജനകീയ ബദല്‍ ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. നിര്‍ഭാഗ്യവശാല്‍, പിന്നാക്ക, മത, ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് കടക്കുമ്പോള്‍, ഹിന്ദുത്വ അജണ്ടകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ താല്‍പ്പര്യം കാട്ടുന്ന പ്രവണതയാണ് പ്രതിപക്ഷ പാര്‍ട്ടികളിലും കണ്ടുവരുന്നത്. മുത്ത്വലാഖ് വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും പാര്‍ലമെന്റില്‍ കണ്ട ഐക്യം അപകടകരമാണ്.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത സാമുദായിക സംവരണത്തിന്റെ അടിത്തറ തകര്‍ത്തുകൊണ്ട് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുക വഴി ഭരണഘടന തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സിപിഎമ്മും ബിഎസ്പിയുമടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ അതിനു കൂട്ടുനിന്നത് രാഷ്ട്രീയമണ്ഡലം എത്രമാത്രം സവര്‍ണ ഹിന്ദുത്വത്തിന്റെ പിടിയിലാണെന്നതിന് തെളിവാണ്. ന്യൂനപക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേക്ക് സ്വാഗതം ചെയ്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുരാഷ്ട്രീയത്തിന്റെ പേരില്‍ സംഘപരിവാരത്തെ കടത്തിവെട്ടുന്ന മുസ്‌ലിം വിരുദ്ധതയാണ് പുറത്തെടുത്തിരിക്കുന്നത്.

പുതിയ രാഷ്ട്രീയബദലുകള്‍ ഉദയം കൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്. സ്ഥലനാമങ്ങളടക്കം, രാജ്യത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെ അപ്പാടെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ അധികാരസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍, പുതിയ കാലത്തെ ഇന്ത്യ ആരുടേതാവണം എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്. അഭിനവ ഗോഡ്‌സെമാര്‍ ഗാന്ധിജിയുടെ പ്രതിരൂപങ്ങളിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചുകൊണ്ട് ഹിന്ദുത്വ ഇന്ത്യയുടെ വരവറിയിക്കാന്‍ ശ്രമിക്കുമ്പോള്‍, ബാബാ സാഹേബ് അംബേദ്കറെ പോലെ ധിഷണാശാലികളായ രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ രൂപം കൊടുത്ത ഭരണഘടനയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ധീരമായ ചുവടുവയ്പ്പുകള്‍ ഇന്ത്യന്‍ തെരുവുകളില്‍ പിറവിയെടുക്കേണ്ടതുണ്ട്.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആര്‍ജവത്തിന്റെയും ആള്‍രൂപങ്ങള്‍ കേരളത്തിന്റെ നാലു നഗരങ്ങളില്‍ നടത്തുന്ന യൂണിറ്റി മാര്‍ച്ച് തുല്യനീതിയും അവസര സമത്വവും പുലരുന്ന ഇന്ത്യയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു ജനതയുടെ തേട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

നാസറുദ്ദീന്‍ എളമരം,

(സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ)

RELATED STORIES

Share it
Top