കേന്ദ്രവും റിസര്‍വ്വ് ബാങ്കും തമ്മിലടി മുറുകുന്നു; ആര്‍ബിഐ ഗവര്‍ണര്‍ രാജിക്കൊരുങ്ങിദില്ലി: റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രം നേരിട്ട് ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന.

ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്.

റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജനതാല്‍പ്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

ഇതനുസരിച്ച് മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് കത്തുകള്‍ റിസര്‍വ് ബാങ്കിന് ധനകാര്യമന്ത്രാലയം ഇന്നലെ കൈമാറി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടല്‍. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍ബിഐ ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നതെന്നാണ് അഭ്യൂഹം.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും തമ്മില്‍ അടി തുടങ്ങിയിട്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളെ 'സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച് മിണ്ടാതിരുന്ന' ആര്‍ബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചതെന്ന്് ജയ്റ്റ്‌ലി പരസ്യമായി ഒരു പരിപാടിയില്‍ പറഞ്ഞതോടെയാണ് സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ ആചാര്യ പിറ്റേന്നു തന്നെ ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി. ആര്‍ബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് വിരാല്‍ ആചാര്യ മുന്നറിയിപ്പ് നല്‍കിയത്.

റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ ഇനിയും കേന്ദ്രസര്‍ക്കാര്‍ കൈ വച്ചാല്‍ ഇന്ന് ഒരു മോശം വാര്‍ത്ത കേള്‍ക്കാമെന്ന്് മുന്‍ കേന്ദ്രധനമന്ത്രിയായിരുന്ന പി ചിദംബരം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top