യുവതലമുറയക്ക് സൈക്കിള്‍ സഞ്ചാരത്തിന്റെ പാഠം പകര്‍ന്ന് നല്‍കി യുവ കോളജ് അധ്യാപകന്‍

എറണാകുളം മഹാരാജാസ് കോളജിലെ ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കായംകുളം സ്വദേശി എം എച്ച് രമേശ് കുമാറാണ് കായംകുളത്ത് നിന്നും എറണാകുളം മാഹാരാജാസ് കോളജ് വരെ 110 കിലോമീറ്റര്‍ സൈക്കളില്‍ സഞ്ചരിച്ച് എത്തിയത്.

യുവതലമുറയക്ക് സൈക്കിള്‍ സഞ്ചാരത്തിന്റെ  പാഠം പകര്‍ന്ന് നല്‍കി യുവ കോളജ് അധ്യാപകന്‍

കൊച്ചി: സാധാരണ ബൈക്കുകള്‍ മുതല്‍ ലക്ഷകണക്കിന് രൂപ വിലയുള്ള ആഡംബര ബൈക്കുകളില്‍ വരെ സഞ്ചരിച്ച് ആവേശം കൊള്ളുന്ന യുവതലമുറയക്ക് സൈക്കിള്‍ ഉപയോഗത്തിന്റെ പാഠം പകര്‍ന്നു നല്‍കാന്‍ ഒറ്റയടിക്ക് 110 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കോളജ് പ്രഫസര്‍. എറണാകുളം മഹാരാജാസ് കോളജിലെ ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കായംകുളം സ്വദേശി എം എച്ച് രമേശ് കുമാറാണ് കായംകുളത്ത് നിന്നും എറണാകുളം മാഹാരാജാസ് കോളജ് വരെ 110 കിലോമീറ്റര്‍ സൈക്കളില്‍ സഞ്ചരിച്ച് എത്തിയത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്നും തന്റെ ചെറിയ സൈക്കിളുമായി ഇറങ്ങിയ രമേശ്കുമാര്‍ ഉച്ചയക്ക് രണ്ടോടെ കോളജില്‍ എത്തി. രാവിലെ 11 മണിയോടെ കോളജില്‍ എത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും രമേശ്കുമാറിന്റെ സൈക്കിള്‍ യാത്ര അറിഞ്ഞ് ചില സുഹൃത്തുക്കള്‍ അവരുടെ കൂട്ടായമകളില്‍ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതു കൂടാതെ എറണാകുളത്തേയക്കുള്ള യാത്രാ മധ്യേ ഏതാനും സ്‌കൂളുകളില്‍ കയറി അവിടുള്ളു വിദ്യാര്‍ഥികളുമായും സൈക്കിളിന്റെ ഉപയോഗം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ചു.മഹാരാജാസ് കോളജിലെ ഹോസ്റ്റലിലാണ് രമേശ് കുമാര്‍ താമസിക്കുന്നത്. ശനിയാഴ്ച രാവിലെ സൈക്കിളില്‍ തന്നെയാണ് തിരികെ കായംകുളത്തെ വീട്ടിലേക്ക് രമേശ് കുമാര്‍ പോകുന്നത്. അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് എറണാകുളം മഹാരാജാസ് കോളജില്‍ രമേശ്കുമാര്‍ സ്ഥലം മാറി എത്തുന്നത്.അമ്പലപ്പുഴ കോളജില്‍ ആയിരുന്നപ്പോള്‍ തളര്‍ന്നു കിടക്കുന്ന 150 രോഗികള്‍ക്ക് രമേശ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഓണത്തിന് സദ്യയൊരുക്കി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോളജിന്റെ അങ്കണത്തില്‍ ഇവര്‍ക്കായി 150 ബെഡ് തയാറാക്കി അതില്‍ കിടത്തിയാണ് ഇവര്‍ക്ക് സദ്യ നല്‍കിയത്.ഈ പരിപാടിയുടെ പ്രചരണാര്‍ഥം കായംകുളം മുതല്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ വരെ അന്ന് കുട്ടികളുമായി സൈക്കിള്‍ യാത്ര നടത്തിയിരുന്നുവെന്ന് രമേശ് കുമാര്‍ പറഞ്ഞു. അതിനു ശേഷം നടത്തുന്ന രണ്ടാമത്ത ദീര്‍ഘ ദൂര സൈക്കിള്‍ യാത്രയാണ് രമേശ് കുമാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്നതും യാതൊരു മലിനീകരണവും സൃഷ്ടിക്കാത്ത വാഹനമായതിനാലാണ് താന്‍ സൈക്കിള്‍ ഇഷ്ടപെടുന്നതെന്ന്്് രമേശ് കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സൈക്കിള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ജീവിത ശൈലി രോഗങ്ങളെ പടിക്കു പുറത്ത് നിര്‍ത്താന്‍ കഴിയും.നല്ലൊരു വ്യായാമം എന്നതിനപ്പുറും കാഴ്ചകള്‍ ആസ്വദിച്ചുള്ള സൈക്കിള്‍ യാത്ര മനസിന് നല്‍കുന്ന സന്തോഷം വളരെ വലുതാണെന്നും രമേശ് കുമാര്‍ പറയുന്ന. മെട്രോ നഗരമായ എറണാകുളത്ത് സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകാനാണ് രമേശ്കുമാറിന്റെ തീരുമാനം. തന്റെ തീരുമാനത്തിന് മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളുടെ പിന്തുണയുണ്ടെന്നും ഈ കോളജ് അധ്യാപകന്‍ പറയുന്നു.
RELATED STORIES

Share it
Top