സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫിസ് തകര്‍ത്തു; അക്രമത്തിന് പിന്നില്‍ വിമത വിഭാഗമെന്ന്‌

അക്രമം നടത്തിയത് സിപിഎമ്മിലെ തന്നെ വിമത വിഭാഗമെന്ന് ആക്ഷേപംതൊടുപുഴ: സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫിസ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. സഖാവ് കൃഷ്ണ പിള്ള സ്മാരക മന്ദിരത്തിന്റെ രണ്ടു നിലകളിലെ 13 ജനാലകളും സ്വിച്ച് ബോര്‍ഡുകളുമാണ് ഇന്നു പുലര്‍ച്ചേ തകര്‍ത്തത്. അതേസമയം, സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനു പിന്നില്‍ പാര്‍ട്ടിയുടെ തൊടുപുഴ ഏരിയയിലെ വിമത വിഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നു.

കഴിഞ്ഞദിവസം കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കാനും പോപുലര്‍ ഫ്രണ്ട് ജില്ലാ ഓഫിസ് അടിച്ചുതകര്‍ക്കാനും കാരണം സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലിന്റെ രാഷ്ട്രീയ പക്വതയില്ലാത്ത നിലപാടുമൂലമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സംഭവം തൊടുപുഴയിലെ പാര്‍ട്ടി നേതൃത്വം ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു പകല്‍ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സംസ്ഥാന സമിതിയംഗം തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം നടക്കാനിരിക്കേയാണ് പുലര്‍ച്ചേ അക്രമം ഉണ്ടായത്.

ഫൈസലിനെതിരേ നടപടിയുണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഫൈസല്‍, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ പ്രശോഭ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘം പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ക്കുന്നതോടെ ചര്‍ച്ച അനുകൂലമാക്കാമെന്നു കരുതിയാണ് ഓഫിസ് തല്ലിത്തകര്‍ത്തത് എന്നാണ് ഇവരുടെ ആക്ഷേപം. മാസങ്ങള്‍ക്കു മുമ്പ് തൊടുപുഴ ഉണ്ടപ്ലാവില്‍ മുസ്്‌ലിം ലീഗുമായിട്ടുണ്ടായ സിപിഎം സംഘര്‍ഷത്തിനിടെ അന്നത്തെ സിപിഎം മുതലക്കോടം ലോക്കല്‍ സെക്രട്ടറി ഷൗക്കത്തലിയുടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് മുസ്്‌ലിം ലീഗാണ് കല്ലെറിഞ്ഞതെന്ന് സിപിഎം പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അന്വേഷണത്തില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ആണെന്ന് തെളിഞ്ഞിരുന്നു. ഇതേ കുതന്ത്രം തന്നെയാണ്, നടപടിയില്‍ നിന്ന് ഒഴിവാകാന്‍ സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി ഫൈസലും സംഘവും ഓഫിസ് തല്ലിത്തകര്‍ത്തതിലൂടെ പ്രയോഗിക്കുന്നതെന്ന് ഒരു വിഭാഗം സിപിഎമ്മുകാര്‍ പറയുന്നു. അതേസമയം, സംഭവത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിക്കുന്നുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top