- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം: പൗരന്മാരെ അന്യരാക്കുന്ന ദേശീയ പൗരത്വം
റസാഖ് മഞ്ചേരി
ഹിമാലയത്തിന്റെ മടിയില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ അസം സംസ്ഥാനം. ഭൂമിശാസ്ത്ര പ്രത്യേകതകളും വിഭിന്ന വംശീയ-ഗോത്രവര്‍ഗ പാരമ്പര്യവും കൊണ്ടു സമ്പന്നമാണ് ഈ ഭൂപ്രദേശം. 78438 ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള സംസ്ഥാനത്ത് 2011ലെ ജനസംഖ്യാ കണക്കനുസരിച്ചു 3.29 കോടിയാണ് ജനസംഖ്യ. പഴയ കിഴക്കന്‍ പാകിസ്താനും (ബംഗ്ലാദേശ്), പടിഞ്ഞാറന്‍ ബംഗാളും മേഘാലയയും നാഗാലാന്‍ഡുമെല്ലാം ചേര്‍ന്ന വിശാല ഭൂപ്രദേശമായിരുന്നു ആദ്യകാല അസം. അസം സംസ്ഥാനം പ്രത്യേകമായി രൂപീകരിച്ചതോടെയാണ് ഇവ വേറിട്ടുപോയത്. അസമീസ് ഗോത്രവര്‍ഗങ്ങളും സിറിയ, ഇറാന്‍, ഇതര മധ്യേഷ്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു കുടിയേറിയ മുസ്‌ലിംകളുമായിരുന്നു അസമിലെ ആദ്യകാലവാസികള്‍. 18ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടിഷ് അധിനിവേശമുണ്ടായതോടെ പര്‍വത പ്രദേശങ്ങളില്‍ തേയിലകൃഷി വ്യാപകമായി. ഇവിടേക്കു തൊഴിലാളികളെ ബംഗാളില്‍ നിന്നാണ് ബ്രിട്ടിഷുകാര്‍ എത്തിച്ചത്. ഇതു പ്രദേശത്ത് ബംഗാളി വംശജരുടെ കുടിയേറ്റത്തിനു വഴിയൊരുക്കി. ബംഗാളി പാരമ്പര്യമുള്ള വിവിധ മതവിഭാഗക്കാര്‍ രണ്ടു നൂറ്റാണ്ടിലേറെയായി അസമില്‍ സ്ഥിരവാസികളാണ്.
പ്രധാനമായും അഞ്ചു മേഖലകളായി അസമിനെ കണക്കാക്കാം. ഏകദേശം എട്ടു ലക്ഷത്തോളം ജനസംഖ്യയുള്ള അപ്പര്‍ അസം, വടക്കന്‍ അസം (4.5 ദശലക്ഷം), ലോവര്‍ അസം (1.3 കോടി), മധ്യ അസം (ആറു ദശലക്ഷം), ബറക്‌വാലി (3.6 ദശലക്ഷം) എന്നിവയാണത്. ബോഡോ ലാന്‍ഡ് ടെറിറ്റോറിയല്‍ ജില്ലകളായ കൊക്രജാര്‍, ചിരാങ്, ഉദല്‍ഗുരി എന്നിവ ഉള്‍പ്പെടുന്നതാണ് ലോവര്‍ അസം. മുമ്പു ബംഗാളിന്റെ ഭാഗമായിരുന്ന ബറക് താഴ്‌വരയിലാണ് ഏറ്റവും കൂടുതല്‍ ബംഗാളി വംശജര്‍ താമസിക്കുന്നത്. ഇവരിലധികവും മുസ്‌ലിംകളുമാണ്. 1971 മാര്‍ച്ച് 24ന് ബംഗ്ലാദേശ് രൂപം കൊള്ളുന്നതിനുമുമ്പ് ഇന്ത്യയിലെത്തിയവരാണ് മുഴുവന്‍ മുസ്‌ലിംകളും. എന്നാല്‍, പ്രദേശത്തെ ഹിന്ദുക്കളില്‍ വലിയവിഭാഗം അതിനുശേഷം ഇന്ത്യയിലേക്കു കുടിയേറിയവരാണ്.
1979ല്‍ അസമീസ് വംശീയവാദം ശക്തമായതോടെയാണ് അസമിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമായത്. ബംഗാളി സംസാരിക്കുന്നവര്‍ക്കെതിരേ നുഴഞ്ഞുകയറ്റക്കാരെന്നും അനധികൃത കുടിയേറ്റക്കാരെന്നുമുള്ള ആരോപണം ഇതോടെ വ്യാപകമായി. തുടര്‍ന്ന്, ഓള്‍ അസം സ്റ്റുഡന്റ് യൂനിയന്റെ (എ.എ.എസ്.യു) നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന പ്രക്ഷോഭം ആക്രമണങ്ങളിലും വംശീയ കൂട്ടക്കൊലകളിലുമാണ് കലാശിച്ചത്. ഏതു നിമിഷവും ഗതിമാറി ഒഴുകിയേക്കാവുന്ന ബ്രഹ്മപുത്ര നദിയുടെ കരയിലും തുരുത്തുകളിലും ആശങ്കയുടെ ഓളങ്ങള്‍ക്ക് ഇന്നു ശക്തി കൂടിയിരിക്കുന്നു. അന്തിയുറങ്ങുന്ന മണ്ണ് ജലമെടുത്തു പോവുമെന്ന ഭീതിമാത്രമല്ല അത്. അസ്തിത്വം തന്നെ മാഞ്ഞുപോയേക്കാവുന്ന പൗരത്വ നിഷേധമെന്ന മഹാപ്രളയമാണ് ഒരു ജനതയെ വിഴുങ്ങാനാഞ്ഞിരിക്കുന്നത്.
1983ലെ നെല്ലി കൂട്ടക്കൊല
എം.പിയായിരുന്ന ഹരിലാല്‍ പട്ട്‌വാരിയുടെ മരണത്തെത്തുടര്‍ന്ന് 1978ല്‍ മംഗല്‍ദോയ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥി വിജയിക്കുമെന്നായതോടെയാണ് വംശീയവാദികളുടെ ഹാലിളക്കം അസമിനെ പിടിച്ചുലച്ചത്. അപ്പര്‍ അസമിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടെ മുസ്‌ലിം സ്ഥാനാര്‍ഥി ജയിക്കാനിടയാവുക ബംഗ്ലാദേശികള്‍ അനധികൃതമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ കയറിക്കൂടിയതുകൊണ്ടാണ് എന്നായിരുന്നു ആരോപണം. അനധികൃത കുടിയേറ്റം ഇപ്പോഴും തുടരുകയാണെന്നു 'മണ്ണിന്റെ മക്കള്‍'വാദം ഉന്നയിക്കുന്ന വംശീയവാദികളുടെ നേതൃത്വത്തില്‍ പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടു. 1977ലെ പൊതു തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയെച്ചൊല്ലിയാണ് ആദ്യം പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്നത്. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ.എ.എസ്.യു), ഓള്‍ അസം സംഗ്രാം ഗണപരിഷത് (എ.എ.എസ്.ജി.പി) എന്നിവയുടെ നേതൃത്വത്തില്‍ ബ്രഹ്മപുത്ര താഴ്‌വരയില്‍ വന്‍ കലാപങ്ങളാണ് 1977 മുതല്‍ 1985 വരെ നടന്നത്.
1983 ഫെബ്രുവരി 18ന് പുലര്‍ച്ചെ നെല്ലിയില്‍ നടന്ന മുസ്‌ലിം കൂട്ടക്കുരുതിയില്‍ 5000ലധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ രേഖകളില്‍ 2191 പേര്‍ മരിച്ചെന്നാണ്. അനധികൃത കുടിയേറ്റക്കാരെന്നു പറഞ്ഞു സര്‍ക്കാര്‍ രേഖകള്‍ നല്‍കാത്തവരായതിനാല്‍ മരണപ്പെട്ട ബാക്കിയുള്ളവര്‍ ലിസ്റ്റില്‍ പെട്ടില്ല. നെല്ലിയടക്കം 14 ഗ്രാമങ്ങളില്‍ ഇക്കാലയളവില്‍ നടന്ന കൂട്ടക്കുരുതിയില്‍ 10,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അലിസിംഗ, ബുട്ടൂനി, കുലാപത്താര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ കലാപം രൂക്ഷമായിരുന്നു. കൊല്ലപ്പെട്ടവര്‍ മുസ്‌ലിംകളായിരുന്നു എന്നല്ലാതെ, അനധികൃത കുടിയേറ്റക്കാരായിരുന്നില്ല. ബ്രിട്ടിഷ് ഭരണകാലം മുതല്‍തന്നെ പൂര്‍വികരായി പ്രദേശത്ത് അധിവസിക്കുന്ന ബംഗാളി മുസ്‌ലിംകള്‍ക്കു നേരെയാണ് വംശീയവാദികള്‍ ആക്രമണമഴിച്ചുവിട്ടതത്രയും.
വംശീയവാദികള്‍ക്കിടയിലേക്ക് ആര്‍.എസ്.എസ് നുഴഞ്ഞുകയറിയതാണ് മുസ്‌ലിം വംശഹത്യയിലേക്കു കാര്യങ്ങള്‍ വഴുതിമാറാന്‍ കാരണം. അതുവരെ ബംഗാള്‍ ഭാഷ സംസാരിക്കുന്നവരെ മൊത്തം അനധികൃത കുടിയേറ്റക്കാരായി പരിഗണിച്ചു പുറത്താക്കണമെന്ന വാദമായിരുന്നു പ്രക്ഷോഭകാരികളുടേത്. 18 മണിക്കൂര്‍ വളഞ്ഞിട്ടു പീഡിപ്പിച്ച ശേഷമാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പോലിസ് സാന്നിധ്യത്തില്‍ ഈ കൂട്ടക്കുരുതി നടന്നത്. 'ഇന്ത്യന്‍ എക്‌സ്പ്രസ്' ലേഖകന്‍ ഹേമേന്ദ്ര നാരായണ്‍, 'അസം ട്രൈബ്യൂണലി'ന്റെ ബേദബ്രത ലഹ്ക്കര്‍, 'എ.ബി.സി ന്യൂസി'ന്റെ ശര്‍മ എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ഈ സംഭവങ്ങള്‍ക്കു ദൃക്‌സാക്ഷികളായിരുന്നു. സംഭവത്തെ സംബന്ധിച്ച് ഇവര്‍ അന്വേഷണ ഏജന്‍സിക്കു മുമ്പില്‍ മൊഴിനല്‍കുകയും ചെയ്തതാണ്. കൂട്ടക്കൊല നടന്ന് ഒരു വര്‍ഷത്തിനു ശേഷം തിവാരി കമ്മീഷന്‍ 600 പേജുള്ള അന്വേഷണ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും അതു രഹസ്യമാക്കി വയ്ക്കുകയായിരുന്നു. 688 കേസുകള്‍ ഫയല്‍ ചെയ്ത സംഭവത്തില്‍ 378 എണ്ണം തെളിവില്ലെന്നു കാട്ടി തള്ളി. ബാക്കി 310 കേസുകള്‍ 1985ലെ അസം കരാറിന്റെ ഭാഗമായും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. എ.എ.എസ്.യു, എ.എ.എസ്.ജി.പി എന്നിവയുടെ നേതാക്കളോ അനുയായികളോ ആയ ഒരൊറ്റ കലാപകാരിപോലും ശിക്ഷിക്കപ്പെട്ടില്ല.
ഒത്തുതീര്‍പ്പിന്റെ അസം കരാറും വിദേശി ട്രൈബ്യൂണലും
ആയിരങ്ങളെ കൊന്നും കുടിയിറക്കിയും നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ൈകയെടുത്തു നടപ്പാക്കിയതാണ് 1985ലെ അസം കരാര്‍. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി അസം പ്രക്ഷോഭകാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് കരാറാണിത്. 1985 ആഗസ്ത് 15ന് എ.എ.എസ്.യു പ്രസിഡന്റ് പ്രഫുല്ലകുമാര്‍ മെഹന്ത, ജനറല്‍ സെക്രട്ടറി സി.കെ ഭുകന്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.ഡി പ്രധാന്‍, കാബിനറ്റ് സെക്രട്ടറി പി.കെ കൗള്‍, അസം ചീഫ് സെക്രട്ടറി പി.പി ത്രിവേദി എന്നിവരടക്കം ഒപ്പിട്ട ഒത്തുതീര്‍പ്പു കരാറില്‍ പ്രധാന വിഷയം പൗരത്വം തന്നെയായിരുന്നു.
ഇന്ത്യ-പാക് യുദ്ധാനന്തരം 1971 മാര്‍ച്ച് 24ന് ബംഗ്ലാദേശ് രൂപീകരിക്കുന്നതിനു മുമ്പ് രാജ്യത്ത് എത്തിയവര്‍ക്കു മാത്രമേ പൗരത്വം നല്‍കാന്‍ പാടുള്ളൂ എന്നു കരാര്‍ വ്യവസ്ഥ ചെയ്തു. ഇതുപ്രകാരം അനധികൃത കുടിയേറ്റം തടയാന്‍ ബോര്‍ഡര്‍ പോലിസ് സംവിധാനവും നിലവില്‍ വന്നു. ഒാരോ പോലിസ് സ്റ്റേഷനിലും ബോര്‍ഡര്‍ പോലിസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അനധികൃത കുടിയേറ്റക്കാരനാണെന്ന് ഈ ഉദ്യോഗസ്ഥന്റെ അടുത്ത് ആര്‍ക്കും പരാതി നല്‍കാം. ഈ റിപോര്‍ട്ട് ലോ ആന്റ് ഓര്‍ഡര്‍ എസ്.പിക്ക് കൈമാറും. കരാറിന്റെ ഭാഗമായി രൂപം കൊടുത്ത വിദേശി ട്രൈബ്യൂണലിന് ഈ റിപോര്‍ട്ട് എസ്.പി കൈമാറും. വിദേശിയെന്ന് ആരോപിക്കപ്പെടുന്നവരെ വിചാരണ ചെയ്തു പൗരത്വം നല്‍കുന്നതിനും വിദേശിയാണെന്നു കണ്ടാല്‍ നാടുകടത്തുന്നതിനും നിയുക്തമായ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനമാണ് വിദേശി ട്രൈബ്യൂണല്‍ (എഫ്.ടി). ആരോപിതനെ നോട്ടീസ് നല്‍കി എഫ്.ടി വിളിപ്പിക്കുകയാണ് പതിവ്. നിരക്ഷരതയും ഭയവും മൂലം പലപ്പോഴും നോട്ടീസ് കൃത്യമായി ആളുകളില്‍ എത്തിക്കപ്പെടാതിരിക്കുകയോ കൈപ്പറ്റപ്പെടാതിരിക്കുകയോ ചെയ്യാറാണ്. കൈപ്പറ്റിയാല്‍തന്നെ താന്‍ ഇന്ത്യക്കാരനാണെന്നു തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും ആരോപിതനില്‍ വന്നുചേരും. ഒരു തെളിവുമില്ലാതെ വെറും വാക്കിലൂടെ ആരെയും വിദേശിയാക്കാന്‍ സാധിക്കുമെന്നു സാരം.
രേഖകളില്‍ നരകിക്കുന്ന ജീവിതം
1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണു തെളിയിക്കേണ്ടത്. എന്നാല്‍, അതു തെളിയിക്കണമെങ്കില്‍ തന്റെ പൂര്‍വികര്‍ 1955ലെ ജനസംഖ്യാ രജിസ്റ്ററിലുണ്ടെന്നു തെളിയിക്കണം. രജിസ്റ്ററില്‍ അവരുടെ പേരുണ്ടെന്നു വന്നാല്‍തന്നെ അവര്‍ തന്റെ പൂര്‍വികരാണെന്ന് ഇതര രേഖകള്‍ സമര്‍പ്പിച്ചു തെളിയിക്കണം. അതിനുള്ള രേഖകള്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയാണ്. അവ പൗരന്മാര്‍ക്കല്ലാതെ ലഭിക്കുകയുമില്ല. ഇങ്ങനെ ഏറെ പ്രതിസന്ധിക്കിടയാക്കിയ അസം കരാറും വിദേശി ൈട്രബ്യൂണലും പലപ്പോഴും മുസ്‌ലിംകള്‍ക്കുമേല്‍ തൂങ്ങിനില്‍ക്കുന്ന വാളുകണക്കേയാണ്. 1971നു മുമ്പ് ഇന്ത്യയിലുണ്ടെന്നു മതിയായ രേഖകള്‍ സര്‍ക്കാര്‍ നല്‍കാത്തതുകൊണ്ടു മാത്രം തെളിയിക്കാനാവാത്ത ലക്ഷങ്ങള്‍ പെരുവഴിയിലാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും കരകവിയുകയും ഗതിമാറി ഒഴുകുകയും ചെയ്യാറുള്ള ബ്രഹ്മപുത്ര നദിക്കരയില്‍ ജീവിക്കുന്നവരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. പലയിടത്തും 18 കിലോമീറ്ററിലധികം വീതിയുള്ളതാണ് ബ്രഹ്മപുത്ര നദി. ഇത്തരം തുരുത്തുകളില്‍ വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്നത് ലക്ഷങ്ങളാണ്. ബ്രഹ്മപുത്രയുടെ പോഷകനദികളുടെ തുരുത്തുകളിലും ജനവാസ കേന്ദ്രങ്ങള്‍ നിരവധിയുണ്ട്. പൊടുന്നനെ രായ്ക്കുരാമാനം നദികള്‍ ഗതിമാറിയൊഴുകി ഇവരുടെ വീടും രേഖകളുമെല്ലാം നഷ്ടപ്പെടുന്നതും പതിവാണ്. പിന്നീട് മറ്റൊരു തുരുത്തിലേക്കു താമസം മാറ്റുകയാണ് ഇവരുടെ രീതി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ പണിതുനല്‍കിയ 60 വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രവുമെല്ലാം ഉണ്ടായിരുന്ന ഒരു ഗ്രാമം നദി ഗതിമാറി ഒഴുകിയതോടെ വെള്ളത്തിനടിയിലായ സംഭവമുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടവും ജീവഹാനിയും വരുത്തിവയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇവിടെ സാധാരണമാണ്.
മക്കളെ അന്യരാക്കി ദേശീയ പൗരത്വ രജിസ്റ്റര്‍
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായ കരട് പൗരത്വ പട്ടികയില്‍നിന്നു 40 ലക്ഷത്തിലധികം പേരാണ് പുറത്തായത്. 3.29 കോടി അപേക്ഷകരില്‍നിന്ന് 2.89 കോടി പേര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. 40,07,000 പേരെ പടിക്കുപുറത്തു നിര്‍ത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. അസമിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനത്തിലധികമാണ് ഇങ്ങനെ പൗരത്വം നിഷേധിക്കപ്പെട്ടവര്‍. പുറത്താക്കപ്പെട്ടതില്‍ മഹാ ഭൂരിപക്ഷവും മുസ്‌ലിംകളുമാണ്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും പുറത്താക്കപ്പെട്ടവരിലുണ്ട്. 1.15 കോടിയിലധികം മുസ്‌ലിംകളാണ് അസമിലുള്ളത്. ജനസംഖ്യയുടെ 35 ശതമാനത്തോളം വരും സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ. കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള സംസ്ഥാനമാണ് അസം.
ജനസംഖ്യയുടെ 12 ശതമാനത്തിലേറെ പേര്‍ ഒരൊറ്റ നിമിഷം കൊണ്ട് ഇന്ത്യന്‍ പൗരന്‍മാരല്ലാതായിമാറുന്നു എന്ന വലിയ മനുഷ്യാവകാശ പ്രശ്‌നമാണ് രാജ്യം അഭിമുഖീകരിക്കാന്‍ പോവുന്നത്. കരട് ലിസ്റ്റില്‍നിന്നു പുറത്തായവരില്‍ 1.5 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവരാണെന്നതാണ് വിരോധാഭാസം. ഏഴര ലക്ഷത്തോളം പേര്‍ക്ക് ഇങ്ങനെ സംശയത്തിന്റെ മുനയില്‍നിന്നു പൗരത്വം തെളിയിക്കാന്‍ വിദേശി ട്രൈബ്യൂണലിനെ സമീപിക്കാന്‍പോലും സാധിക്കാതെ വന്നിരിക്കുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിട്ടും പൗരത്വം നിഷേധിക്കപ്പെട്ടവര്‍ പുതിയ കരട് വന്നപ്പോഴും നിരാശയിലാണ്. ട്രൈബ്യൂണലിന്റെ കൈയിലെത്തിയ സ്ഥിതിക്ക് രജിസ്റ്ററില്‍ പേര് വരുത്താന്‍ അപേക്ഷ നല്‍കാനും ഇവര്‍ക്കു നിര്‍വാഹമില്ലാതായി. 2018 ഡിസംബര്‍ 31 ആയിരുന്നു കരട് പട്ടികയിലെ അപാകതകള്‍ പരിഹരിക്കാനും പേര് ചേര്‍ക്കാനുമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. പുറത്താക്കപ്പെട്ടവരില്‍ നാലരലക്ഷം പേരൊഴികെ, ബാക്കി എല്ലാവരും വീണ്ടും പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. നിരക്ഷരതയും സാമ്പത്തിക ബാധ്യതയുമാണ് പലരെയും വീണ്ടും അപേക്ഷ നല്‍കുന്നതില്‍നിന്നു തടഞ്ഞത്.
20,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ ചെലവുവരുന്ന കാര്യമാണ് പൗരത്വ രേഖകള്‍ സംഘടിപ്പിക്കുകയെന്നത്. വക്കീലന്മാരുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിയും പിടിച്ചുപറിയും ഇതിനുപുറമേ. 89നും 150നും ഇടയില്‍ ദിവസവരുമാനമുള്ള പരമദരിദ്രരായ ഒരു ജനതയെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ വംശീയ വാദികള്‍ വേട്ടയാടുന്നത്. കരട് പട്ടികയില്‍നിന്നു പുറത്താക്കപ്പെട്ട 300ഓളം പേര്‍ നിരാശ മൂലം ആത്മഹത്യ ചെയ്തതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ജനിച്ചുവളര്‍ന്ന നാട്ടില്‍ പൗരത്വം നിഷേധിക്കപ്പെടുകയും ആട്ടിയിറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉള്‍ക്കൊള്ളാനാവാതെയാണ് ഇവര്‍ ആത്മഹത്യയില്‍ അഭയം തേടിയത്.
പട്ടികയില്‍ ഇടംപിടിച്ചവര്‍ കുടിയേറ്റക്കാരാണെന്നു കാണിച്ചു പരാതി സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയും 2018 ഡിസംബര്‍ 31 ആയിരുന്നു. അവസാന രണ്ടു ദിവസം വരെ 300 പരാതികള്‍ മാത്രമാണ് ഇത്തരത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ രണ്ടു ദിവസം മാത്രം മൂന്നുലക്ഷത്തില്‍പ്പരം അപേക്ഷകളാണ് എത്തിയത്. രണ്ടര ലക്ഷം പരാതികള്‍ അവസാന ദിവസമാണ് എത്തിയത്. മുസ്‌ലിംകള്‍ക്കെതിരേയായിരുന്നു ഈ പരാതികള്‍ മുഴുവനും. പരാതിക്കെതിരേ രേഖകള്‍ ഹാജരാക്കാനുള്ള അവസരം ലഭിക്കാതിരിക്കാനാണ് അവസാന നിമിഷം പരാതികളുമായി ഹിന്ദുത്വരും വംശീയവാദികളും എത്തിയത്. പരാതികള്‍ തയ്യാറാക്കിവച്ച് അവസാന നിമിഷം ഒന്നിച്ചു കൊടുത്തത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സഖ്യത്തിന്റെ ഒത്താശയോടെയാണ് സ്വന്തം പൗരന്മാരെ അന്യരാക്കാനുള്ള ഈ ഹീനശ്രമം.
15 രേഖകളില്‍ ഒന്ന് ഹാജരാക്കണം
പൗരത്വം തെളിയിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച 15 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇതിനായി 1955ലെ പൗരത്വ രേഖയിലെ പൂര്‍വികരുടെ പേരടങ്ങിയ രേഖയാണ് സമര്‍പ്പിേക്കണ്ടത്. എന്നാല്‍, വ്യാജ രേഖകള്‍ സമര്‍പ്പിക്കപ്പെടുന്നുവെന്നു കാണിച്ച് ഇതും പറ്റില്ലെന്നു പ്രത്യേക വിദേശി ട്രൈബ്യൂണല്‍ കോടതികള്‍ ഇടയ്ക്ക് പറഞ്ഞിരുന്നു. നേരത്തേ 26 വിദേശി ട്രൈബ്യൂണലുകളാണ് അസമില്‍ ഉണ്ടായിരുന്നത്. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവയുടെ എണ്ണം നൂറായി വര്‍ധിപ്പിച്ചു.
എ.പി.ഡബ്ല്യു എന്ന എന്‍.ജി.ഒ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് കേസില്‍ ഇടപെടുന്നത്. അസമീസ് വംശീയ പാരമ്പര്യമുള്ള ഗഗോയിയുടെ ബെഞ്ചിലേക്കുതന്നെ പൊതുതാല്‍പ്പര്യ ഹരജി എത്തിയതില്‍ മുന്‍ ആസൂത്രണമുണ്ടെന്ന ആരോപണവും ശക്തമാണ്. ഹരജിയെത്തുടര്‍ന്ന് 2018 ജൂലൈ 30നു മുമ്പ് ആദ്യ കരട് പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കണമെന്നു സുപ്രിംകോടതി അസം സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. തുടര്‍ന്ന്, പ്രസിദ്ധീകരിച്ച കരടിലാണ് 40 ലക്ഷത്തിലധികം പേര്‍ പുറത്തായത്. ഇതു പരിഹരിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കു രേഖകള്‍ സമര്‍പ്പിക്കുന്നതിനു സപ്തംബര്‍ 18 മുതല്‍ ഡിസംബര്‍ 31 വരെ അവസരം നല്‍കി. ലിസ്റ്റിലുള്ളവര്‍ക്കെതിരേ പരാതി കൊടുക്കാനുള്ള അവസരം സംഘപരിവാരവും വംശീയവാദികളും സമര്‍ഥമായി ഉപയോഗിച്ചതാണ് പിന്നീട് കണ്ടത്. അവസാന ദിവസം മാത്രം 2.6 ലക്ഷം പരാതികളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുസ്‌ലിംകള്‍ക്കെതിരേ ഇവര്‍ നല്‍കിയത്.
2019 ജൂലൈ 31നു മുമ്പ് അന്തിമ എന്‍.ആര്‍.സി (നാഷനല്‍ രജിസ്ട്രി ഓഫ് സിറ്റിസണ്‍ഷിപ്പ്) പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. 40 ലക്ഷം ബംഗ്ലാദേശികള്‍ അസമിലുണ്ടെന്ന സംഘപരിവാര ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ എല്ലാ രേഖകളുമുണ്ടായിട്ടും 40 ലക്ഷം ജനങ്ങളെ പൗരത്വ പട്ടികയില്‍നിന്നു സര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. വിദേശി ട്രൈബ്യൂണലിനെ സമീപ്പിക്കുന്നവര്‍ക്കു നീതി ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അഞ്ചു വര്‍ഷം പ്രാക്ടീസ് ഉള്ള വക്കീലന്‍മാരും റിട്ട. ജഡ്ജിമാരുമാണ് ഇത്തരം ട്രൈബ്യൂണലുകളില്‍ വിധികര്‍ത്താക്കളാവുന്നത്. ബി.ജെ.പി അനുകൂലികള്‍ക്കു മാത്രമേ ഇപ്പോള്‍ ഈ കരാര്‍ ജോലി ലഭിക്കുകയുമുള്ളൂ. നേരത്തേ അസമീസ് വംശീയതയ്ക്കുവേണ്ടി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരും നേതൃത്വം കൊടുത്തവരുമാണ് പല ജഡ്ജിമാരും. മുസ്‌ലിംകളുടെ കേസ് വരുമ്പോള്‍ നീതി കിട്ടാതിരിക്കുകയും എന്നാല്‍, ബംഗാളി ഹിന്ദുകള്‍ക്കു പൗരത്വം ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഇതു ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവയുടെതന്നെ എതിര്‍പ്പിനും ഇടയാക്കി. അസം വംശീയതയുടെ പേരിലാണ് ഒരുവിഭാഗം അനധികൃത കുടിയേറ്റം ആരോപിക്കുന്നതെങ്കില്‍, മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കിയാണ് സംഘപരിവാരം കരുക്കള്‍ നീക്കുന്നത്.
പുറത്തായവരില്‍ മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കളും
കരട് പൗരത്വ ലിസ്റ്റില്‍നിന്നു പുറത്തായവരില്‍ മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹ്മദിന്റെ സഹോദരപുത്രന്‍ സിയാവുദ്ദീന്‍ അലി അഹ്മദ് പോലും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് വിരോധാഭാസം. മൂന്നു പതിറ്റാണ്ട് രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച മുഹമ്മദ് അസ്മല്‍ എന്ന സൈനികനും ഇന്ത്യന്‍ പൗരനല്ലത്രേ. രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച സൈനികരും മക്കളും സ്വാതന്ത്ര്യസമര സേനാനികളുടെ മക്കളുമെല്ലാം പൗരത്വ രേഖയില്‍ ഉള്‍പ്പെടാത്തവരായിട്ടുണ്ട്. സുതാര്യതയില്ലായ്മയുടെയും ഏകപക്ഷീയ വിവേചനത്തിന്റെയും അടയാളമാണിത്.
മുസ്‌ലിം സമുദായാംഗങ്ങള്‍ക്കു പൗരത്വം നിഷേധിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നതും വ്യക്തമാണ്. അസം കരാര്‍ പ്രകാരം 1971 മാര്‍ച്ച് 24നു മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു പൗരത്വം നല്‍കുമെന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പതിറ്റാണ്ടുകളായി രാജ്യത്തു ജീവിച്ചുവരുന്ന കുടുംബങ്ങള്‍ക്ക് സ്വന്തം പൗരത്വം തെളിയിക്കാനാവുന്നില്ലെന്നതു വ്യവസ്ഥിതി വംശീയമാവുന്നതിനാല്‍ മാത്രമാണ്.
നേരത്തേ തന്നെ 'ഡി' വോട്ടര്‍ (സംശയിക്കപ്പെടുന്ന വോട്ടര്‍) എന്ന പേരില്‍ ഒരുവിഭാഗത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ അടയാളപ്പെടുത്തിയിരുന്നു. ഇവര്‍ക്കോ മക്കള്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സ്‌കൂള്‍-കോളജ് അഡ്മിഷന്‍, ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്കു നിഷേധിക്കപ്പെടുകയാണ്. ഒരാള്‍ ബംഗ്ലാദേശിയാണെന്ന് ആരെങ്കിലും പറയേണ്ട താമസം അയാള്‍ 'ഡി' വോട്ടറാവുന്നു എന്നതാണ് അവസ്ഥ. ഒരു മാനദണ്ഡവുമില്ല എന്നതാണ് ഡി വോട്ടറാക്കുന്നതിന്റെ മാനദണ്ഡമെന്നു പലരും പരിഹസിക്കുന്നതു കാണാം. പതിറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണില്‍ പൗരാവകാശത്തോടെ ജീവിക്കാന്‍ ഇവര്‍ക്ക് ഇനിയും കടമ്പകളേറെ. പൗരത്വം തെളിയിക്കാനായി സമര്‍പ്പിക്കേണ്ട അനേകം നിയമരേഖകളില്‍ പൂര്‍വികരുടെ പേരില്ലാത്തവര്‍ പൗരത്വം തെളിയിക്കാനാവാതെ നാടുവിടുകയോ പൗരാവകാശമില്ലാതെ അടിമകളായി ജീവിക്കുകയോ ചെയ്യേണ്ടിവരും...
പൗരത്വ (ഭേദഗതി) ബില്ല് 2016
1955ലെ ഇന്ത്യന്‍ പൗരത്വ ബില്ലിലെ വ്യവസ്ഥകളെ പൊളിച്ചെഴുതുന്നതാണ് മോദി സര്‍ക്കാര്‍ ചുട്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരത്വ (ഭേദഗതി) ബില്ല്. മോദി അധികാരത്തിലേറിയ ഉടനെത്തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. 2016ല്‍ ബില്ല് കൊണ്ടുവന്നപ്പോള്‍തന്നെ ഏറെ വിവാദമുണ്ടായിരുന്നു. ഇപ്പോള്‍ ലോക്‌സഭയില്‍ ബില്ല് പാസായിരിക്കുന്നു. രാജ്യസഭയില്‍ ചര്‍ച്ചയ്ക്കുവന്നെങ്കിലും ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണിപ്പോള്‍. ബില്ല് നിയമമായാല്‍ മുസ്‌ലിംകളല്ലാത്ത ആരും ഭയപ്പെടേണ്ടതില്ലെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വലിയ ആപത്‌സൂചന നല്‍കുന്നതാണ്. മുസ്‌ലിംകളെ മാത്രം ലക്ഷ്യംവച്ചാണ് പൗരത്വ ഭേദഗതി കൊണ്ടുവരുന്നതെന്ന് ആര്‍.എസ്.എസും സംഘപരിവാര കേന്ദ്രങ്ങളും വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്. അസമിലെ ബംഗാളി മുസ്‌ലിംകളെ തുരത്തുകയും ബംഗാളി ഹിന്ദുക്കള്‍ക്ക് വോട്ടവകാശം നല്‍കി വോട്ടുബാങ്കാക്കി മാറ്റുകയും ചെയ്യുകയെന്ന അജണ്ടയാണ് ബി.ജെ.പിക്കുള്ളത്. 1955ലെ പൗരത്വ നിയമമനുസരിച്ച് 'രാജ്യത്ത് ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാവിനോ പിതാവിനോ ജനിക്കുന്നവരും 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയ വിദേശീയരും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാണ്. പൗരത്വ നിയമത്തിലെ സെക്ഷന്‍ 2(1) പ്രകാരം നിയമ സാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാ രേഖകളോ ഇല്ലാതെയും പാസ്‌പോര്‍ട്ടും യാത്രാ രേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരുമാണ് അനധികൃത കുടിയേറ്റക്കാര്‍.' അവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമത്തില്‍ വ്യവസ്ഥയുമുണ്ട്.
എന്നാല്‍, ഇതിനെ പൊളിച്ചെഴുതിക്കൊണ്ടാണ് പുതിയ ഭേദഗതി ബില്ലുമായി സംഘപരിവാരം വരുന്നത്. 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, ബുദ്ധര്‍, സിഖുകാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്കു പൗരത്വം ലഭിക്കും. എന്നാല്‍, ഇവിടങ്ങളില്‍നിന്നുള്ള മുസ്‌ലിംകള്‍ക്കു പൗരത്വം ലഭിക്കില്ല. ഇത്തരക്കാരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിച്ചു നാടുകടത്തണമെന്നാണ് ബില്ലിലെ വ്യവസ്ഥ. 1971 മാര്‍ച്ച് 24നു മുമ്പ് അസമിലെത്തിയവരെ പൗരത്വത്തിനു പരിഗണിക്കാമെന്ന് 1985ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പുവച്ച് അസം ഒത്തുതീര്‍പ്പു കരാറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അതിനെതിരേ കൂടിയാണ് പുതിയ ബില്ല്. മുസ്‌ലിംകളാണെങ്കില്‍ പൗരത്വമില്ല. അല്ലെങ്കില്‍ ആറു വര്‍ഷം ഇന്ത്യയില്‍ താമസിക്കുന്ന വിദേശിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയും ചെയ്യും. വിവേചനത്തിന്റെ മൂര്‍ത്തീഭാവമായി ഇന്ത്യന്‍ സെക്കുലറിസത്തെ മാറ്റുകയാണ് ബി.ജെപി.
പൗരത്വം ലഭിക്കാത്തവരെ നാടുകടത്തുകയെന്നത് ഒരിക്കലും നടക്കില്ല. ബംഗ്ലാദേശികളെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അവരെ സ്വീകരിക്കില്ലെന്നും അവര്‍ തങ്ങളുടെ പൗരന്മാരല്ലെന്നും ബംഗ്ലാദേശ് നേരത്തേ തന്നെ പ്രഖ്യപിച്ചിരുന്നു. ഫലസ്തീനിലും മ്യാന്‍മറിലുമെല്ലാമുള്ള അഭയാര്‍ഥി പ്രശ്‌നത്തെക്കാള്‍ രൂക്ഷമായ അഭയാര്‍ഥി പ്രശ്‌നമായിരിക്കും ഇങ്ങനെ വന്നാല്‍ ഉണ്ടാവുക. അല്ലെങ്കില്‍ ഗോള്‍വാള്‍ക്കര്‍ വിഭാവന ചെയ്ത പൗരാവകാശമില്ലാത്ത അടിമകളായി മുസ്‌ലിംകള്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്ത് ജീവിക്കേണ്ടിവരും. എന്‍.ആര്‍.സി ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേരത്തേ ആവശ്യപ്പെട്ടത് ഇത്തരത്തില്‍ മുസ്‌ലിംകളെ പൗരത്വമില്ലാത്തവരാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. മതേതര കക്ഷികളുടെ ഭാഗത്തുനിന്ന് ഇതിനെതിരേ ശക്തമായ നിലപാടുകള്‍ ഉണ്ടാവേണ്ടതുണ്ട്. അസമില്‍ എ.എ.എസ്.യു, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ജെ.ഡി.യു, എന്‍.സി.പി, അസം സംഗ്രാമി മഞ്ച്, സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍- എസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരേ രംഗത്തുവന്നു കഴിഞ്ഞു.
ഗോള്‍വാള്‍ക്കറുടെ കാഴ്ചപ്പാടിലെ ഇന്ത്യന്‍ മുസ്‌ലിം
രാജ്യത്തെ സ്ഥിരതാമസമാക്കിയ 40 ലക്ഷം പേര്‍ക്കു പൗരത്വം നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ പ്രശ്‌നം മാത്രമല്ല സൃഷ്ടിക്കുക. അഭയാര്‍ഥികളുടെ ഗണത്തിലേക്കു തള്ളി ഇവരെ പൗരാവകാശങ്ങളില്ലാത്ത വിലകുറഞ്ഞ തൊഴിലാളികളാക്കിമാറ്റാനുള്ള ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തമാണ് നടപ്പാവാന്‍ പോവുന്നത്. അനധികൃത കുടിയേറ്റക്കാരെന്നു പറയുന്നവരെ തങ്ങളുടെ പൗരന്മാരാണെന്ന് അംഗീകരിക്കാനോ രാജ്യത്തു താമസിപ്പിക്കാനോ ബംഗ്ലാദേശ് അനുവദിക്കില്ല. അഭയാര്‍ഥി പദവിയില്‍ നിലനിര്‍ത്താനും സാധിക്കില്ല. അപ്പോള്‍ പിന്നെ ലേബര്‍ കാര്‍ഡ് നല്‍കി തുച്ഛം കൂലിക്ക് അടിമജോലി ചെയ്യിപ്പിക്കാന്‍ സാധിക്കുന്ന ജനതയായി പൗരത്വമില്ലാത്തവര്‍ മാറും. അതുതന്നെയാണ് ഗോള്‍വാള്‍ക്കര്‍ വിഭാവന ചെയ്ത ഹിന്ദു രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക ഇടം. അങ്ങനെ വരുന്നത് അസമിനെ തീര്‍ച്ചയായും അരക്ഷിതമാക്കും.
1966ല്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച വി.ഡി സവര്‍ക്കറിന്റെ 'വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്്' എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ സെക്യുലറിസത്തെയും ഫെഡറലിസത്തെയും മാത്രമല്ല വിമര്‍ശിക്കുന്നത്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നീ മൂന്നു വിഭാഗമാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നു പറയുന്നത്. പൗരാവകാശങ്ങളില്ലാതെ അടിമകളായി മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാനൊക്കൂ എന്നാണ് അതു മുന്‍കൂട്ടി പറഞ്ഞവച്ചിട്ടുള്ളത്. ഭരണഘടനയോടും പൗരത്വ നിയമങ്ങളോടും യാതൊരു മതിപ്പും കൂറും ആര്‍.എസ്.എസിനില്ലെന്ന് അവര്‍ നേരത്തേതന്നെ തെളിയിച്ചതുമാണ്.
'ഭാരതത്തിന്റെ പുതിയ ഭരണഘടനയിലെ ഏറ്റവും മോശപ്പെട്ട കാര്യം അതില്‍ ഭാരതീയമായ ഒന്നുമില്ല എന്നതാണ്. ബ്രിട്ടിഷ്, അമേരിക്കന്‍, കനേഡിയന്‍, സ്വിസ് ഭരണഘടനകളില്‍ നിന്നുമുള്ള ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുകയാണ് ഭരണഘടന തയ്യാറാക്കിയവര്‍ ചെയ്തത്. പ്രാക്തന ഭാരതീയ ഭരണഘടനാ നിയമങ്ങള്‍, സ്ഥാപനങ്ങള്‍, സംജ്ഞകള്‍, വാചകരീതികള്‍ ഇവയൊന്നും തന്നെ ഇതില്‍ കാണാന്‍ സാധിക്കുകയില്ല. പ്രാചീന ഭാരതത്തിലെ അനന്യമായ നിയമസംഹിതാ വികാസങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലുമില്ല. സ്പാര്‍ടയുടെ ലൈകര്‍ഗസിനെക്കാളും പേര്‍ഷ്യയുടെ സോളോവിനെക്കാളും ഏറെ മുമ്പുതന്നെ 'മനു'വിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഈ ദിനം വരെയും 'മനുസ്മൃതി'യില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള മനുവിന്റെ നിയമങ്ങള്‍ ലോകത്തിന്റെ ആദരവ് പിടിച്ചുവാങ്ങിയിരുന്നു. അതിന്റെ നൈസര്‍ഗികമായ ആജ്ഞാനുവര്‍ത്തിത്വവും അനുവര്‍ത്തിത്വവും വെളിവാക്കപ്പെട്ടിരുന്നു. എന്നാല്‍, നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. '1949 നവംബര്‍ 30ന് പ്രസിദ്ധീകരിച്ച ആര്‍.എസ്.എസ് മുഖപത്രമായ 'ഓര്‍ഗനൈസറി'ന്റെ മുഖപ്രസംഗത്തിലെ വരികളാണ് മുകളില്‍ സൂചിപ്പിച്ചത്. ആര്‍.എസ്.എസിന് ഭരണഘടനയോട് ഏതുതരം സമീപനമാണുള്ളത് എന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.
നാലു പതിറ്റാണ്ട് മുമ്പ് ആര്‍.എസ്.എസ് ക്യാംപില്‍വച്ചു ദക്ഷിണേന്ത്യയുടെ ചുമതലയുള്ള യാദവറാവു ജോഷിയോട് നടത്തിയ ചോദ്യത്തിനു നല്‍കിയ മറുപടി മാധ്യമപ്രവര്‍ത്തകന്‍ ശ്യാം പാന്‍ഥാരി പാണ്ഡെ 2014ലെ 'കാരവന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ആര്‍.എസ്.എസ് ഒരു ഹിന്ദു പ്രസ്ഥാനമാണെന്നു നാം പറയുന്നു. നാം ഹിന്ദുരാഷ്ട്രമാണെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നുമാണ് വാദിക്കാറ്. അതേ ശ്വാസത്തില്‍തന്നെ, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അവരുടെ മതം പിന്തുടരാന്‍ അനുവദിക്കുകയും ഈ രാജ്യത്തെ സ്‌നേഹിക്കുന്ന കാലത്തോളം ഇവിടെ തങ്ങുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയുമാണ്. ''എന്തിനാണ് ഇങ്ങനെയൊരു ഉദാരത? നമ്മുടേത് ഹിന്ദു രാഷ്ട്രമാണെങ്കില്‍ ഇവിടെ അവര്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞുകൂടേ?'' ഇതായിരുന്നു ചോദ്യം. ജോഷിയുടെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു: ''ഇന്ത്യയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നു മുസ്‌ലിംകളോടും മറ്റും ആജ്ഞാപിക്കാന്‍ മാത്രം ആര്‍.എസ്.എസോ ഹൈന്ദവ സമൂഹമോ ഇപ്പോള്‍ ശക്തമല്ല. ഒന്നുകില്‍, മതം മാറൂ അല്ലെങ്കില്‍, പോയി നശിക്കൂ എന്നുതന്നെയാണ് നമ്മുടെ നിലപാട്. ആര്‍.എസ്.എസും ഹിന്ദു സമൂഹവും കരുത്താര്‍ജിച്ചുകഴിഞ്ഞാല്‍ ഇന്ത്യയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍, ഈ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഏതാനും തലമുറകള്‍ക്കുമുമ്പ് നിങ്ങള്‍ ഹിന്ദുവായിരുന്നെന്നു സമ്മതിച്ചു ഹിന്ദുഗണത്തിലേക്കു തിരിച്ചുവരണമെന്നു നാം കല്‍പ്പിക്കുകതന്നെ ചെയ്യും'' എന്നായിരുന്നു ആ മറുപടി.
2014ല്‍ അധികാരമേറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനു സമാനമായിരുന്നു. '800 വര്‍ഷത്തെ അടിമത്വത്തില്‍നിന്നു മോചനം ലഭിച്ച ദിവസമാണിന്ന്' എന്നാണ് മോദി അന്നു തുറന്നുപറഞ്ഞത്. നാലുപതിറ്റാണ്ട് മുമ്പ് ജോഷി പറഞ്ഞുവച്ച 'ഒന്നുകില്‍ മതം മാറൂ അല്ലെങ്കില്‍ നശിക്കൂ' എന്നതാണ് ഘര്‍വാപ്പസിയുടെ പേരില്‍ നടപ്പാക്കപ്പെട്ടത്. അടുത്ത ഇനം പൗരത്വ നിഷേധമാണ്. അഥവാ പൗരാവകാശ നിഷേധവും അടിമവല്‍ക്കരണവും. എന്‍.ആര്‍.സി ഇന്ത്യ മുഴുവന്‍ നടത്തണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിന്റെ പിന്നിലെ ലക്ഷ്യമിതാണ്. മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും അപരവല്‍ക്കരിച്ചു ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം സ്വപ്‌നം കാണുന്നവരുടെ കുടിലത. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ (ഭേദഗതി) ബില്ലുമെല്ലാം അതിലേക്കുള്ള ചുവടുവയ്പുകള്‍ മാത്രം. മതേതര ചേരി കരുതിയിരിക്കാത്തിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാവില്ല. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഭീഷണിയല്ല പൗരത്വ നിഷേധം. ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും മതമില്ലാത്തവരുമെല്ലാം ഭീഷണി നേരിടുന്നവരാണ്. ഇന്ത്യയില്‍ 20 കോടിയോളം വരുന്ന പ്രബല ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ മാത്രമാണ് ആദ്യം മുസ്‌ലിംകളെ തേടിയെത്തുന്നത്.
പൗരത്വ നിഷേധം അസമിലെ 40 ലക്ഷത്തില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. ലോകം ഇതുവരെ ദര്‍ശിച്ചതില്‍ ഏറ്റവും വ്യാപ്തിയേറിയ പൗരാവകാശ പ്രശ്‌നമായി ഇതു പരിണമിക്കുമെന്നു തിരിച്ചറിയാതെ പോവരുത്.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്ക്ക് അടിയില്...
15 Dec 2024 6:01 AM GMTക്രിമിനല് കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര് 70,000 കടന്നു; എംഎംആര് വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് സമനില; സ്പാനിഷ് ലീഗില് റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്ഷുറന്സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT