തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: മലയാളചലച്ചിത്ര സംവിധായകനും നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു.പ്രശസ്ത നടന്‍ മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.5 ചിത്രങ്ങള്‍ നിര്‍മിക്കുകയും 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍,80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു തമ്പി കണ്ണന്താനം.2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്.

RELATED STORIES

Share it
Top