Web & Social

ഭാഷാ-സാംസ്‌കാരിക വൈവിധ്യത്തിന് ഊന്നല്‍; ഒരുങ്ങുന്നത് ലാറ്റിനമേരിക്കയുടെ സ്വന്തം എഐ ഭാഷാ മോഡല്‍

ഭാഷാ-സാംസ്‌കാരിക വൈവിധ്യത്തിന് ഊന്നല്‍; ഒരുങ്ങുന്നത് ലാറ്റിനമേരിക്കയുടെ സ്വന്തം എഐ ഭാഷാ മോഡല്‍
X

സാന്റിയാഗോ: ആഗോളതലത്തിലുള്ള നിര്‍മിതബുദ്ധി (എഐ) രംഗത്ത് ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തിന് ബദലൊരുക്കാന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായി സ്വന്തം ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിക്കുന്നു. 'ലാറ്റംജിപിടി' എന്ന പേരിലുള്ള ഈ എഐ മോഡല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ലാറ്റിനമേരിക്കയിലെ ഭാഷാ-സാംസ്‌കാരിക വൈവിധ്യം കൃത്യമായി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ലാറ്റംജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിലി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ മേഖലയിലെ പന്ത്രണ്ടോളം രാജ്യങ്ങളും മുപ്പതിലധികം അക്കാദമിക്, സാങ്കേതിക സ്ഥാപനങ്ങളും പങ്കാളികളാണ്.

നിലവിലുള്ള ചാറ്റ്ജിപിടി പോലുള്ള പ്രമുഖ എഐ മോഡലുകള്‍ പ്രധാനമായും ഇംഗ്ലീഷ് ഭാഷയെ ആസ്പദമാക്കി പരിശീലനം നേടിയിട്ടുള്ള സാഹചര്യത്തിലാണ് ലാറ്റംജിപിടിയുടെ വരവ്. സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലെ പ്രാദേശിക വ്യത്യാസങ്ങള്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ മോഡല്‍ വികസിപ്പിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക ഗോത്രഭാഷകളുടെ സംരക്ഷണവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ഐലന്‍ഡിലെ 'റാപ നുയി' ഭാഷയ്ക്കായി പ്രത്യേക വിവര്‍ത്തന സംവിധാനം ഇതിനകം വികസിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഓപ്പണ്‍ സോഴ്‌സ് അടിസ്ഥാനത്തിലുള്ള പദ്ധതിയായതിനാല്‍ ഗവേഷകര്‍ക്കും പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലാറ്റംജിപിടി സൗജന്യമായി ഉപയോഗിക്കാനും വികസിപ്പിക്കാനും സാധിക്കും. സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ വികസിപ്പിക്കാന്‍ ഈ മോഡല്‍ സഹായകരമാകുമെന്ന് ചിലി സയന്‍സ് മന്ത്രി ഐസന്‍ എച്ചെവേരി വ്യക്തമാക്കി. മെറ്റയുടെ 'ലാമ 3' സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ലാറ്റംജിപിടി നിര്‍മ്മിച്ചിരിക്കുന്നത്. റീജിയണല്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും ആമസോണ്‍ വെബ് സര്‍വീസസിന്റെയും പിന്തുണയും പദ്ധതിക്കുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സാങ്കേതിക പരമാധികാരം ശക്തിപ്പെടുത്തുന്ന നിര്‍ണായക ചുവടുവയ്പ്പായാണ് ലാറ്റംജിപിടിയെ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it