Web & Social

ഇനി അപകടകരമായ ഫയലുകള്‍ ഏതെന്ന് അറിയാം; അധികസുരക്ഷ വാഗ്ദാനം ചെയ്ത് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

ഗൂഗിള്‍ ഡ്രൈവില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ സംബന്ധിച്ച് ഗൂഗിള്‍ അപകട മുന്നറിയിപ്പ് നല്‍കും. ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുന്ന ഫയലുകള്‍ക്ക് മുകളിലായി നല്‍കുന്ന ഒരു ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക.

ഇനി അപകടകരമായ ഫയലുകള്‍ ഏതെന്ന് അറിയാം; അധികസുരക്ഷ വാഗ്ദാനം ചെയ്ത് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍
X

കംപ്യൂട്ടറുകള്‍ക്കും മൊബൈലുകള്‍ക്കും ദോഷകരമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അപകടകരമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌കാനിങ്ങിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം ഉപയോക്താവിനോട് ആവശ്യപ്പെടുന്നതായിരുന്നു ഫീച്ചര്‍. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിങ്ങിലേക്ക് അപ്‌ലോഡ് ചെയ്യും.

ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. ഇപ്പോഴിതാ ഗൂഗിള്‍ ഡ്രൈവ് മുഖേനയുള്ള ഫയല്‍ കൈമാറ്റത്തിനും അധികസുരക്ഷ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗൂഗിള്‍. പലവിധങ്ങളായ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഗൂഗിള്‍ െ്രെഡവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജി-മെയില്‍ വഴിയുള്ള വിവരക്കൈമാറ്റത്തിന് ഉപയോഗപ്പെടുത്തുന്നതും ഗൂഗിള്‍ ഡ്രൈവിനെയാണ്. പലപ്പോഴും ഇ- മെയില്‍ വഴിയുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇ- മെയിലില്‍നിന്നും കംപ്യൂട്ടറിലും മറ്റ് ഉപകരണങ്ങളിലും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകളിലൂടെയാണ്.

അവ പലതും കൈമാറ്റം ചെയ്യുന്നതും ഗൂഗിള്‍ ഡ്രൈവിലൂടെയുമാണ്. ഈ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അധികസുരക്ഷ നല്‍കുന്നതിനാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഗൂഗിള്‍ ഡ്രൈവില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ സംബന്ധിച്ച് ഗൂഗിള്‍ അപകട മുന്നറിയിപ്പ് നല്‍കും. ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുന്ന ഫയലുകള്‍ക്ക് മുകളിലായി നല്‍കുന്ന ഒരു ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക. നിങ്ങള്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തത് കഴിഞ്ഞാല്‍ ഒരു അറ്റാച്ച്‌മെന്റ് പേജിന്റെ മുകളില്‍ മഞ്ഞ ബാനര്‍ കാണിക്കും.

നിങ്ങളുടെ ലാപ്‌ടോപ്പിലേക്ക് ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുമ്പ് അത് ദൃശ്യമാവും. അപകടകരമാവാന്‍ സാധ്യതയുള്ള ഡോക്യുമെന്റ്, ഇമേജ് എന്നിവ ഉള്‍പ്പെടെയുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് കാണാന്‍ സാധിക്കുമെന്ന് ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ റിപോര്‍ട്ട് ചെയ്യുന്നു. ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ജി സ്യൂട്ട് ബേസിക്, ജിസ്യൂട്ട് ബിസിനസ് ഉപഭോക്താക്കള്‍ക്കെല്ലാമായി ഈ ഫീച്ചര്‍ ലഭ്യമാക്കുന്നുണ്ട്. ഈ ഫയല്‍ സംശയാസ്പദമാണെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിക്കാനിടയുണ്ടെന്നുമുള്ള സന്ദേശമാണ് ബാനറില്‍ കാണിക്കുക. ഗുഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിങ്ങിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍.

Next Story

RELATED STORIES

Share it