Web & Social

കൂര്‍ക്കം വലിയും ചുമയും തിരിച്ചറിയാം; ആന്‍ഡ്രോയ്ഡ് ഫോണില്‍ പുതിയ ഫീച്ചര്‍ വരുന്നു

കൂര്‍ക്കം വലിയും ചുമയും തിരിച്ചറിയാം; ആന്‍ഡ്രോയ്ഡ് ഫോണില്‍ പുതിയ ഫീച്ചര്‍ വരുന്നു
X

നിങ്ങള്‍ക്ക് ഉറക്കത്തില്‍ കൂര്‍ക്കം വലിയുണ്ടോ ചുമയുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. പിക്‌സല്‍ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ടെക് ന്യൂസ് പോര്‍ട്ടലായ 9ടു5 ഗൂഗിള്‍ ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. ഗൂഗിള്‍ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ എപികെ ടിയര്‍ ഡൗണിലാണ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതായി കണ്ടെത്തിയത്.

ആന്‍ഡ്രോയ്ഡ്/പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളിലാണ് ഓണ്‍ ഡിവൈസ് കഫ് ആന്റ് സ്‌നോര്‍ ഡിറ്റക്ഷന്‍ ഫീച്ചറുകള്‍ ഗൂഗിള്‍ പരീക്ഷിക്കുന്നത്. ഈ സംവിധാനം നിലവില്‍ വന്നാല്‍ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമായേക്കും. ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലില്‍ ചില കോഡുകള്‍ 9ടു5 ഗൂഗിള്‍ കണ്ടെത്തി. ഈ ഫീച്ചറുകള്‍ ഇപ്പോള്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ലഭ്യമാവുന്നത്. സ്ലീപ്പ് ഓഡിയോ കലക്ഷന്‍ എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്.

ഗൂഗിള്‍ ജീവനക്കാരിലാണ് പഠനം നടത്തുന്നത്. ഗൂഗിളില്‍ പൂര്‍ണസമയം ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുമായിരിക്കണം. ഈ പഠനത്തിന് മറ്റൊരു രസകരമായ വശം കൂടിയുണ്ട്. പഠനത്തില്‍ പങ്കെടുക്കുന്ന ആളിനൊപ്പം, അതേ മുറിയില്‍ മറ്റൊരു മുതിര്‍ന്ന വ്യക്തിയും ഉറങ്ങണം. ഈ വ്യക്തി ഗൂഗിളിന്റെ എതിരാളി കമ്പനികളില്‍ ഒന്നും ജോലിയെടുക്കുന്നവര്‍ അല്ലെന്നും ഉറപ്പുവരുത്തണം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്ലീപ്പിങ് പാറ്റേണിനെക്കുറിച്ച് അര്‍ഥവത്തായ ഉള്‍ക്കാഴ്ച നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ തങ്ങളുടെ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഇതിന് വേണ്ടി ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ കൂടുതല്‍ നൂതനമായ സെന്‍സിങ് ശേഷി കൊണ്ടുവരാന്‍ തങ്ങളുടെ ഹെല്‍ത്ത് സെന്‍സിങ് ടീം പ്രവര്‍ത്തിക്കുന്നുവെന്നും ഗൂഗിള്‍ പറയുന്നു. സ്‌നോര്‍ ഡിറ്റക്ഷനും സ്ലീപ്പ് ഡിറ്റക്ഷനും 'ബെഡ്‌സൈഡ് മോണിറ്ററിംഗ്' ഫീച്ചറുകളായി ആന്‍ഡ്രോയിഡ്, പിക്‌സല്‍ ഫോണുകളില്‍ ലഭ്യമാവുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിയാവും ഈ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുകയെന്നും കരുതാവുന്നതാണ്. അതായത്, ഈ ഫീച്ചറുകളുടെ ഭാഗമായി ശേഖരിക്കുന്ന എല്ലാ ഡാറ്റയും ഗൂഗിള്‍ ക്ലൗഡിലേക്ക് ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുന്നില്ല.

പകരം യൂസേഴ്‌സിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും പ്രോസസ് ചെയ്യുകയും ചെയ്യും. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്ക് മെച്ചപ്പെട്ട അല്‍ഗോരിതവും തിരിച്ചറിയാനുള്ള കഴിവും നല്‍കാന്‍ ഹെല്‍ത്ത് സെന്‍സിങ് ടീം കാര്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അതിന്റെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ചില പുതിയ ഹെല്‍ത്ത് മോണിറ്ററിങ് ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ ഹാര്‍ട്ട് റേറ്റ്, റെസ്പിറേറ്ററി റേറ്റ് എന്നിവ അളക്കുന്നതിനുള്ള ഫീച്ചറുകളായിരുന്നു അവ. ഫോണിന്റെ കാമറകളും ഗൂഗിള്‍ ഫിറ്റ് ആപ്പും ഉപയോഗിച്ചാണ് ഈ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it