Web & Social

ക്രിപ്‌റ്റോ ഇടപാടുകളിലേക്ക് ഗൂഗിളും ? അറിയാം പുതിയ മാറ്റങ്ങള്‍

ക്രിപ്‌റ്റോ ഇടപാടുകളിലേക്ക് ഗൂഗിളും ? അറിയാം പുതിയ മാറ്റങ്ങള്‍
X

ലോകത്തിന്റെ സ്പന്ദനം ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചുവടുമാറിയതോടെ നാണയ വിനിമയരംഗത്തും നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ ഉള്‍പ്പെടുന്ന ബിറ്റ് കോയിനാണ് ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ പ്രധാനപ്പെട്ടത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ പ്രാവര്‍ത്തികമാക്കാന്‍ ടെക് ഭീമന്‍മാരായ ഗൂഗിളും തയ്യാറെടുക്കുകയാണെന്ന് പുതിയ റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും സാധ്യതകളും കമ്പനിയുടെ എല്ലാ തലങ്ങളിലും എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നത് പഠിക്കാനായി 'ഗൂഗിള്‍ ലാബ്‌സ്' എന്ന പേരില്‍ കമ്പനി പുതിയ യൂനിറ്റ് സ്ഥാപിച്ചതായാണ് റിപോര്‍ട്ടുകള്‍.

ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടിങ്, ഡാറ്റ സ്‌റ്റോറേജ് എന്നീ സാങ്കേതിക വിഭാഗങ്ങളില്‍ കമ്പനി വളര്‍ച്ച കൈവരിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണിത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ആരായാന്‍ ധാരാളം ടെക് കമ്പനികള്‍ ഇതിനോടകം രംഗത്തുണ്ട്. ബ്ലൂംബര്‍ഗിന് ലഭിച്ച ഒരു ഇ- മെയില്‍ പ്രകാരം ബ്ലോക്ക് ചെയിനിലും മറ്റ് പുതിയ തലമുറ സാങ്കേതികവിദ്യകളിലും കേന്ദ്രീകരിച്ചാണ് 'ഗൂഗിള്‍ ലാബ്‌സ്' അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഗൂഗിളിനൊപ്പം സേവനമനുഷ്ഠിക്കുന്ന ശിവകുമാര്‍ വെങ്കിട്ടരാമനെ കമ്പനി എന്‍ജിനീയറിങ് വൈസ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്. വെങ്കിട്ടരാമന്‍ ഇനി യൂനിറ്റിന്റെ 'സ്ഥാപക മേധാവി' ആയിരിക്കും.

ഗൂഗിള്‍ അവരുടെ പുതിയ പ്രോജക്ടുകളും അനുബന്ധ പരിശോധനകളും നടത്താന്‍ ഗൂഗിള്‍ ലാബ്‌സ് എന്ന പേരില്‍ 2002ല്‍ പുതിയ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാല്‍, 2011ന്റെ പകുതിയോടെ ഗൂഗിള്‍ ആ പദ്ധതി അവസാനിപ്പിക്കുകയും ചെയ്തു. അതേ പേര് തന്നെ പുതിയ വിഭാഗത്തിന് കൊടുത്തിരിക്കുന്നത് രസകരമായ ഒരു വസ്തുതയാണ്. എന്നാല്‍, സാമ്യം പേരുകളില്‍ മാത്രമേ കാണുകയുള്ളൂ. രണ്ടും വ്യത്യസ്ത ആശയങ്ങളെ കേന്ദ്രീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ലാബ്‌സ് കമ്പനിയുടെ ഉയര്‍ന്ന സാധ്യത നല്‍കുന്ന ദീര്‍ഘകാല പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു വിഭാഗമാവും.

നിലവില്‍ ഗൂഗിളിന്റെ വെര്‍ച്വല്‍, ഓഗ്‌മെന്റഡ് റിയാലിറ്റി പദ്ധതികളാവും പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എന്ന് പരമര്‍ശിക്കുന്നതല്ലാതെ, ഗൂഗിളിന്റെ ഏതെങ്കിലും വിഭാഗത്തിലോ അനുബന്ധ മേഖലകളിലോ ബ്ലോക്ക്‌ചെയിന്‍ ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്ന് ഇ- മെയിലില്‍ വ്യക്തതയില്ല. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വ്യാപ്തിയും ഗൂഗിളിന്റെ വിപുലമായ ഡിജിറ്റല്‍ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, വരും കാലങ്ങളില്‍ ബ്ലോക്ക്‌ചെയിന്‍ ഗൂഗിളില്‍ നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പിക്കാം. എന്നാലത് ഒരു രഹസ്യമാണ്. ക്രിപ്‌റ്റോകറന്‍സി സ്‌പേസ് ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്ന് അടുത്തിടെയാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത്.

ഗൂഗിളിന്റെ പേയ്‌മെന്റ് പോര്‍ട്ടലായ ഗൂഗിള്‍ പേ വഴി ക്രിപ്‌റ്റോ കറന്‍സിയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന സാധ്യതയും നിലനില്‍ക്കുന്നു. നിരവധി പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഇതിനകം തന്നെ ക്രിപ്‌റ്റോ പേയ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഗൂഗിള്‍ കൂടുതല്‍ നൂതനമായ ഒരു ആപ്ലിക്കേഷനിലും പ്രവര്‍ത്തിച്ചേക്കാം. ഓഗ്‌മെന്റഡ് റിയാലിറ്റി പോലുള്ള ഉയര്‍ന്ന സാധ്യതയുള്ളതും ദീര്‍ഘകാലവുമുള്ളതായ പദ്ധതിക്കായി 2021 നവംബറില്‍ കമ്പനി ഒരു പ്രത്യേക ഗവേഷണസംഘവും രൂപീകരിച്ചിരുന്നു. പല രാജ്യങ്ങളെയും പോലെ സ്വന്തം ക്രിപ്‌റ്റോകറന്‍സി ലോകത്തിലേക്ക് കൊണ്ടുവരാന്‍ ഗൂഗിളും ശ്രമിച്ചേക്കാം. ഒരു ക്രിപ്‌റ്റോ നാണയം കൊണ്ടുവരാന്‍ ഗൂഗിളിന് കഴിഞ്ഞാല്‍ അതിശയിക്കാനില്ല. ഗൂഗിളിന്റെ ആശയം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

Next Story

RELATED STORIES

Share it