Web & Social

തിരച്ചിലിന് ഒരേ സമയം ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിക്കാം; മള്‍ട്ടി സെര്‍ച്ച് ടൂളുമായി ഗൂഗിള്‍

തിരച്ചിലിന് ഒരേ സമയം ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിക്കാം; മള്‍ട്ടി സെര്‍ച്ച് ടൂളുമായി ഗൂഗിള്‍
X

ന്ന് ഏതൊരു കാര്യത്തിനും നമ്മള്‍ ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. ഇപ്പോള്‍ സെര്‍ച്ചിങ്ങില്‍ പുതിയ മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന മള്‍ട്ടി സെര്‍ച്ച് സംവിധാനമാണ് ഇപ്പാള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളില്‍ നിലവില്‍ ഇമേജ് സെര്‍ച്ച് സംവിധാനമുണ്ട്. ഇതില്‍ ചിത്രങ്ങള്‍ നല്‍കിയും സെര്‍ച്ച് ചെയ്യാന്‍ സാധിക്കും.

എന്നാല്‍, മള്‍ട്ടി സെര്‍ച്ച് സംവിധാനമെത്തുന്നതോടെ നിങ്ങള്‍ക്ക് ഒരു വസ്തുവിനെക്കുറിച്ചുള്ള വിവരം അറിയുന്നതിന് ആ വസ്തുവിന്റെ ചിത്രം അപ്‌ലോഡ് ചെയ്ത് അതിനെക്കുറിച്ച് എന്താണ് അറിയേണ്ടതെന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതുവഴി നിങ്ങള്‍ക്ക് ആവശ്യമായ വിവരം എന്താണോ കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കും. യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ ബീറ്റാ ഫീച്ചറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

അതിനായി എന്തൊക്കെയാണ് ചെയ്യണ്ടതെന്ന് നോക്കാം. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലോ, ഐഒഎസ് ഉപകരണത്തിലോ ഗൂഗിള്‍ ആപ്പ് തുറക്കുക. ശേഷം ലെന്‍സ് കാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം. ഇതില്‍ നിങ്ങള്‍ നേരത്തെ എടുത്തുവച്ച സ്‌ക്രീന്‍ഷോട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്. മാത്രമല്ല, പുതിയ ചിത്രം എടുക്കാനും സാധിക്കും. ശേഷം മുകളിലേക്ക് സൈ്വപ്പ് ചെയ്യുക. അപ്പോള്‍ 'ആഡ് ടു യുവര്‍ സെര്‍ച്ച്' ബട്ടന്‍ കാണാം. അത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് എന്ത് വിവരമാണോ അറിയേണ്ടത് അത് ടൈപ്പ് ചെയ്ത് നല്‍കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലുണ്ടായ തങ്ങളുടെ നേട്ടങ്ങളിലൂടെയാണ് ഇത് സാധ്യമായത്. നിങ്ങളുടെ സുഹൃത്ത് ധരിച്ച ഒരു വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുക. എന്നാല്‍, മറ്റൊരു നിറത്തിലുള്ളതാണ് നിങ്ങള്‍ക്ക് വേണ്ടത്. അങ്ങനെയെങ്കില്‍ മള്‍ട്ടി സെര്‍ച്ച് സംവിധാനത്തില്‍ ആ വസ്ത്രത്തിന്റെ ചിത്രമെടുത്ത് നിങ്ങള്‍ക്ക് വേണ്ട നിറം ഏതാണെന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.

ഇങ്ങനെ നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പം തിരയാന്‍ സഹായകമാവുന്ന ഫീച്ചറാണിത്. കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നത് ഇതിലൂടെ എളുപ്പമാവുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. 'മം' (MUM) എന്ന പുതിയ എഐ സെര്‍ച്ച് മോഡലിന്റെ സഹായത്തോടെ ഈ സംവിധാനം ഇനിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണെന്നാണ് കമ്പനി പറയുന്നത്.

Next Story

RELATED STORIES

Share it