Science

സാങ്കേതിക തകരാര്‍; ആര്‍ട്ടിമിസ് ദൗത്യം വീണ്ടും മാറ്റി

സാങ്കേതിക തകരാര്‍; ആര്‍ട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
X

വാഷിങ്ടണ്‍ ഡിസി: നാസയുടെ ആര്‍ട്ടിമിസ് വിക്ഷേപണ ദൗത്യം വീണ്ടും മാറ്റിവച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ദൗത്യം മാറ്റിയതായി നാസ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ശനിയാഴ്ച രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്. തകരാര്‍ മൂലം ആഗസ്ത് 29ന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആര്‍ട്ടിമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്. ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടെമിസ്- 1 ആഗസ്ത് 29ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ 4 കോര്‍ സ്‌റ്റേജ് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് മുമ്പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എന്‍ജിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു എന്‍ജിനില്‍ ഇത് പറ്റിയില്ല. ഇതിനെ തുടര്‍ന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, വീണ്ടും സാങ്കേതിക പിശക് കണ്ടെത്തിയതിനാല്‍ വിക്ഷേപണം പ്രതിസന്ധിയിലായി. ആര്‍ട്ടെമിസ് 1 പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിക്കുന്നത്. യാത്രക്കാര്‍ക്ക് പകരം പാവകളുണ്ട്. ആദ്യ ദൗത്യം ഓറിയോണ്‍ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. 2024 ല്‍ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യാനും 2025 ല്‍ ആദ്യവനിത ഉള്‍പ്പെടെയുള്ള യാത്രക്കാരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനും നാസ പദ്ധതിയിടുന്നുണ്ട്.

Next Story

RELATED STORIES

Share it