Science

സ്വപ്‌ന പദ്ധതിക്കായി മൂന്ന് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന; ഇനി മൂന്ന് മാസക്കാലം നിര്‍ണായക പരീക്ഷണങ്ങളുടേത്

നീയ് ഹൈഷങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്‌ബോ (45) എന്നിവരാണ് ചൈനയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായത്. 2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഏകദേശം മൂന്നുമാസക്കാലം ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും മറ്റു നിര്‍ണായക പരീക്ഷണങ്ങള്‍ക്കുമായി ഇവര്‍ ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

സ്വപ്‌ന പദ്ധതിക്കായി മൂന്ന് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന; ഇനി മൂന്ന് മാസക്കാലം നിര്‍ണായക പരീക്ഷണങ്ങളുടേത്
X

ബെയ്ജിങ്: ദൗത്യനിര്‍വഹണത്തിനായി മൂന്ന് സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ച് ചൈന ഒരിക്കല്‍ക്കൂടി ചരിത്രം കുറിച്ചു. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ടിയാങ്‌ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോര്‍ മൊഡ്യൂള്‍) ടിയന്‍ഹെ നിലയത്തിലേയ്ക്കാണ് ചൈന മൂന്ന് സൈനികരെ അയച്ചത്. മൂന്ന് സഞ്ചാരികളുമായി പോയ പേടകം വിജയകരമായി കൂട്ടിയോജിപ്പിച്ചു. ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യത്തെ മനുഷ്യദൗത്യമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ചൈനക്കാര്‍ ബഹിരാകാശ സഞ്ചാരം സ്വപ്‌നം കണ്ടുതുടങ്ങിയിട്ട്. നീയ് ഹൈഷങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്‌ബോ (45) എന്നിവരാണ് ചൈനയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായത്.ഏകദേശം മൂന്നുമാസക്കാലം ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും മറ്റു നിര്‍ണായക പരീക്ഷണങ്ങള്‍ക്കുമായി ഇവര്‍ ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഇതിനുശേഷം ഇതുവരെ 11 ചൈനക്കാര്‍ കൂടി ഇവിടെയെത്തി. മൊത്തം 14 സഞ്ചാരികളാണ് ചൈനയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. മുന്‍ സോവിയറ്റ് യൂനിയനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശദൗത്യത്തിലേര്‍പ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ഭൂമിയില്‍നിന്ന് 380 കിലോമിറ്റര്‍ അകലെയാണ് ചൈനയുടെ ബഹിരാകാശ നിലയം. വെള്ളിയാഴ്ച രാവിലെയോടെയാണ് ചൈനയിലെ ഗോബി മരുഭൂമിയില്‍നിന്നു സഞ്ചാരികളുമായി ഷെന്‍സു-12 പേടകം, ലോങ് മാര്‍ച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയര്‍ന്നത്. ആറര മണിക്കൂറിനുശേഷം പേടകം, ടിയന്‍ഹെ നിലയവുമായി ബന്ധിപ്പിച്ചു.

ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യമാണിത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതിന് 100 വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ദൗത്യം. ടിയാങ്‌ഗോങ് നിലയത്തിന്റെ തുടര്‍നിര്‍മാണമാണ് ഇവരുടെ പ്രധാനദൗത്യം. ഉപകരണങ്ങളുടെ പരിശോധന, അറ്റകുറ്റപ്പണികള്‍, അടുത്തവര്‍ഷം രണ്ട് ലബോറട്ടറി മൊഡ്യൂളുകള്‍ ലഭിക്കുന്നതിന് സ്‌റ്റേഷന്‍ തയ്യാറാക്കുക തുടങ്ങിയവയും ഇവരുടെ ജോലിയുടെ ഭാഗമാണ്. ചൈന മുമ്പ് നടത്തിയ പരീക്ഷണങ്ങളില്‍ സഞ്ചാരികള്‍ ബഹിരാകാശനിലയത്തിലെത്താന്‍ രണ്ടുദിവസം സമയമെടുത്തിരുന്നു. പരീക്ഷണങ്ങളില്‍ വലിയ മുന്നേറ്റം കൈവരിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിലയത്തിലെത്താന്‍ കഴിഞ്ഞതായി മിഷന്റെ ഡെപ്യൂട്ടി ചീഫ് ഡിസൈനര്‍ ഗാവോ സൂ സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവിയോട് പറഞ്ഞു.

അതിനാല്‍, ബഹിരാകാശയാത്രികര്‍ക്ക് ബഹിരാകാശത്ത് നല്ല വിശ്രമം ലഭിക്കും. യാന്ത്രിക, വിദൂര നിയന്ത്രിത സംവിധാനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ഇത് ബഹിരാകാശയാത്രികരുടെ സമ്മര്‍ദം ഗണ്യമായി കുറയ്ക്കുമെന്നും ഗാവോ പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ചൈന നടത്തിയ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറായിരിക്കുന്നത്. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ചെറുഗ്രാമത്തിലാണ് സഞ്ചാരിയായ നീയ് ഹെയ്‌ഷെങിന്റെ ജനനം. 1983ലാണ് നീയ് ഹെയ്‌ഷെങ് ചൈനീസ് വ്യോമസേനയില്‍ ചേരുന്നത്. 1989 ലുണ്ടായ വിമാന അപകടത്തില്‍നിന്നും അദ്ദേഹം അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

പിന്നീട് സൈനിക സേവനത്തിനിടെ അദ്ദേഹം ചൈനീസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമാവാന്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് അധികൃതര്‍ അനുമതി നല്‍കിയതോടെ 1998ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാവാനുള്ള അവസരവും നീയ് ഹെയ്‌ഷെങിന് ലഭിച്ചു. ചൈനീസ് സംഘത്തിലെ രണ്ടാമന്‍ 54കാരനായ ലിയു ബോമിങ് ചൈനയുടെ 2008ലെ ഷെന്‍സു 7 ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യമായി ബഹിരാകാശ നടത്തം എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ലിയുവും സഹസഞ്ചാരിയായ ഷായ് ഷിജാങും ചേര്‍ന്നാണ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന് തൊട്ടുമുമ്പായി തീ മുന്നറിയിപ്പ് അലാം മുഴങ്ങി. ഇതോടെ അലാം പരിശോധിക്കാന്‍ ലിയു തീരുമാനിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബഹിരാകാശ നടത്തവുമായി ഷായ് ഷിജാങ് മുന്നോട്ടുപോവുകയും ചെയ്തു. മൂന്നാമന്‍ 45കാരന്‍ ടാങ്ങിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. ചൈനീസ് വ്യോമസേനയിലെ 15 വര്‍ഷം നീണ്ട സേവനത്തിന് ശേഷമാണ് ടാങ് 2010ല്‍ ചൈനീസ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാവുന്നത്.

Next Story

RELATED STORIES

Share it