Apps & Gadgets

ഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു
X

ദുബയ്: അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിലൂടെയുള്ള മനുഷ്യരുടെ സഞ്ചാരത്തിനുള്ള വഴിയടയുന്നു. മനുഷ്യരുടെ ഗതാഗതത്തിന്റെ പുതുയുഗത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ചാണ് ഹൈപ്പര്‍ലൂപ്പ് എന്ന അതിവേഗ വാഹനം അവതരിപ്പിക്കപ്പെട്ടത്. യുഎഇ കാത്തിരിക്കുന്ന അതിവേഗ യാത്രാമാര്‍ഗമായ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണ ഓട്ടം 2020ല്‍ ലാസ് വെഗാസില്‍ നടക്കുകയും ചെയ്തു. ആദ്യ യാത്രക്കാര്‍ ഒരു ഹൈപ്പര്‍ലൂപ്പ് പോഡില്‍ വിജയകരമായി യാത്ര ചെയ്തതോടെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഗ്രൂപ്പ് ചെയര്‍മാനും ഡി പി വേള്‍ഡ് സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമിന്റെ സാന്നിധ്യത്തിലായിരുന്നു നെവാഡയിലെ ലാസ് വെഗാസില്‍ ആദ്യത്തെ യാത്രക്കാരുടെ പരീക്ഷണയാത്ര.


എന്നാല്‍, ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അതിവേഗ ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തില്‍നിന്ന് മാറി ചിന്തിക്കുകയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എന്ന കമ്പനി. ഹൈപ്പര്‍ലൂപ്പ് സംവിധാനം അതിവേഗ ചരക്ക് നീക്കത്തിനായി പ്രയോജനപ്പെടുത്താനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. ആഗോള തലത്തില്‍ വിതരണ ശൃംഖല പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് കമ്പനി വക്താക്കളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. കാര്‍ഗോ അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിനായി ആവശ്യമേറുകയാണെന്നും തങ്ങള്‍ അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും കമ്പനി പറഞ്ഞു.


എങ്കിലും യാത്രക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. ഇതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപോര്‍ട്ട്. യാത്രക്കാരില്‍ നിന്ന് കാര്‍ഗോയിലേക്ക് ശ്രദ്ധ മാറാന്‍ പദ്ധതിയിടുന്നതിനാലാണ് 111 പേരെ പിരിച്ചുവിട്ടതെന്ന് കമ്പനി ഫിനാന്‍ഷ്യല്‍ ടൈംസിനോട് സ്ഥിരീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതെന്ന് ജോലി നഷ്ടപ്പെട്ടവരില്‍ രണ്ടുപേര്‍ പറഞ്ഞു.

ജോലിക്കാരെ വെട്ടിക്കുറച്ചത് 'തീര്‍ച്ചയായും പ്രതീക്ഷിക്കാത്തതാണ്' എന്ന് ഒരാള്‍ പറഞ്ഞു. കൂടുതല്‍ ചടുലവും വേഗതയുള്ളതും കൂടുതല്‍ ചെലവ് കുറഞ്ഞതുമായ രീതിയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക് ആണ്. ഒരു വാക്വം ട്യൂബിലൂടെയുള്ള അതിവേഗ യാത്രാ സംവിധാനമെന്ന രീതിയിലാണ് ഈ സംവിധാനം അവതരിപ്പിക്കപ്പെട്ടത്. കാന്തിക ശക്തിയുള്ള ട്രാക്കിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപ്പ് പോഡിന് സാധിക്കും.

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 2014 ല്‍ തുടങ്ങിയ ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജീസിനെ 2017 ല്‍ ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഏറ്റെടുത്തതോടെയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആയി മാറിയത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയില്‍ മനുഷ്യരെ ഉള്‍പ്പെടുത്തി യാത്ര വിജയകരമായി നടത്തിയത് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആണ്. നിരവധി പരിമിതികള്‍ ഈ സാങ്കേതിക വിദ്യയ്ക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിലെ അവസ്ഥില്‍ ഈ സംവിധാനത്തിന് വളവുകള്‍ മറികടക്കാനാവില്ല. നേര്‍ രേഖിലുള്ള കുഴലിലൂടെ മാത്രമെ ഇതിന് സഞ്ചരിക്കാനാവുകയുള്ളൂ.

ലോകവ്യാപകമായി ഇത്തരം ഒരു ഗതാഗത സംവിധാനം സ്ഥാപിക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ ചെലവ് വരും. സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള വാണിജ്യപദ്ധതികളിലേക്കുള്ള ഒരു പ്രധാന പടിയായി ഇത് മാറുമെന്നാണു കണക്കാക്കുന്നത്. സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫിസറുമായ ജോഷ് ഗീഗല്‍, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലെ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലൂച്ചിയന്‍ എന്നിവരാണ് ലോകത്തില്‍ ആദ്യമായി ഗതാഗതമാര്‍ഗത്തില്‍ സഞ്ചരിച്ചത്. ലാസ് വെഗാസിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ ഡേവ്‌ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് പരീക്ഷണം നടന്നത്.

Next Story

RELATED STORIES

Share it